ബ്രസല്‍സ്: യൂറോ കപ്പിന് ഒരുങ്ങുന്ന ബെൽജിയത്തിന് ആശ്വാസ വാർത്ത. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ മധ്യനിര താരം കെവിൻ ഡിബ്രൂയിൻ നാളെ ബെൽജിയൻ ടീമിനൊപ്പം ചേരും. ചെൽസി താരം അന്റോണിയോ റൂഡിഗറുമായി കൂട്ടിയിടിച്ചാണ് ഡിബ്രൂയിന്റെ മൂക്കിനും കൺതടത്തിനും പരിക്കേറ്റത്. 

ഇതോടെ മത്സരത്തിൽ നിന്ന് ഡിബ്രൂയിന് പിൻമാറേണ്ടി വന്നിരുന്നു. മത്സരശേഷം ശസ്‌ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഡിബ്രൂയിന് ഏറെ നാളത്തെ വിശ്രമം വേണ്ടെന്ന് ബെൽജിയൻ കോച്ച് റോബർട്ടോ മാർട്ടിനസ് അറിയിച്ചു. ഗ്രൂപ്പ് ബിയിൽ റഷ്യക്കെതിരെ ജൂൺ പന്ത്രണ്ടിനാണ് ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഡെൻമാർക്കും ഫിൻലൻഡുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.

ഡിബ്രൂയിന് പുറമെ ഏഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, യാനിക് കരാസ്‌കോ, തിബോത് കോർത്വ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ച 26 അംഗ ടീമിലുണ്ട്. 

 

ഇന്ന് സന്നാഹ മത്സരങ്ങള്‍

യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഇംഗ്ലണ്ട് ഇന്ന് റുമാനിയയേയും ഹോളണ്ട്, ജോർജിയയെയും നേരിടും. രാത്രി ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക. യൂറോ കപ്പിന് മുൻപ് ഇംഗ്ലണ്ടിന്റെയും ഹോളണ്ടിന്റെയും അവസാന സന്നാഹ മത്സരങ്ങളാണിത്. ഗ്രൂപ്പ് ഡിയിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്‍ലൻഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ഓസ്‌ട്രിയ, നോർത്ത് മാസിഡോണിയ, ഉക്രൈൻ എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണ് ഹോളണ്ട് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം പതിനൊന്നിന് തുർക്കി-ഇറ്റലി പോരാട്ടത്തോടെയാണ് യൂറോ കപ്പിന് തുടക്കമാവുക.  

ബാലന്‍ ഡി ഓറിനേക്കാള്‍ ഇഷ്‌ടമുള്ള ട്രോഫി! പ്രിയപ്പെട്ട കിരീടവും ഗോളും വെളിപ്പെടുത്തി റൊണാള്‍ഡോ

കോപ്പ അമേരിക്ക സ്വന്തം മണ്ണില്‍; ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പെന്ന് കാസിമിറോ

അരങ്ങേറ്റ സീസണ്‍ പവറായി; റൂബന്‍ ഡിയാസ് പ്രീമിയര്‍ ലീഗിലെ മികച്ച താരം; പെപ് പരിശീലകന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona