ബാഴ്‍സലോണ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് മത്സരങ്ങളെല്ലാം മാറ്റിവച്ചതോടെ ക്യാപ്റ്റൻ ലിയോണൽ മെസി അടക്കമുള്ള താരങ്ങളുടേയും പരിശീലകരുടേയും പ്രതിഫലം ബാഴ്സലോണ വെട്ടിക്കുറയ്ക്കുന്നു. ലാ ലിഗയും ചാമ്പ്യൻസ് ലീഗും ഉള്‍പ്പെടെയുള്ള ടൂർണമെന്റുകൾ നിർത്തിയ സാഹചര്യത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബാഴ്സയുടെ ഈ തീരുമാനം.

Read more: കണ്ണീര്‍ദിനം; റയല്‍ മുന്‍ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു, ഡിബാലക്കും കൊവിഡ്

മത്സരങ്ങൾ പുനരാംരംഭിക്കുമ്പോൾ താരങ്ങൾക്കും പരിശീലകർക്കും മുൻനിശ്ചയിച്ച പ്രതിഫലം നൽകും. ഗ്ലോബൽ സ്പോർട്സ് സാലറി സർവേയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ശരാശരി പ്രതിഫലം നൽകുന്ന ക്ലബ് ബാഴ്സലോണയാണ്. മറ്റ് ക്ലബുകളും ബാഴ്സയുടെ പാത പിന്തുടർന്ന് താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഇതേസമയം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിഫലം കുറയ്ക്കാനുള്ള ക്ലബിന്റെ ആവശ്യം നിരസിച്ച ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ഒൻപത് താരങ്ങളെ സ്വിറ്റ്സർലൻഡിലെ എഫ്‌സി സിയോൺ പുറത്താക്കി.

Read more: ഫുട്ബോളിനെ കണ്ണീരിലാഴ്‍ത്തി കൊവിഡ് 19; ഫെല്ലിനിക്കും രോഗബാധ

കൊവിഡ് 19 മഹാമാരിയെ തുടർന്ന് നിശ്ചലമാണ് കളിക്കളം. ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സെരി എ, ചൈനീസ് സൂപ്പർ ലീഗ് എന്നിവയെല്ലാം നിർത്തിവച്ചിരിക്കുകയാണ്. വിവിധ ലീഗുകള്‍ പുനരാരംഭിക്കുന്നതും സീസണ്‍ ഉപേക്ഷിച്ചാല്‍ ആർക്ക് കിരീടം നല്‍കുമെന്നതും അനിശ്ചിതത്വത്തിലാണ്. 

ലോകത്താകമാനം മൂന്ന് ലക്ഷത്തിലേറെ പേരാണ് കൊവിഡ് 19 രോഗബാധിതരായുള്ളത്. പതിമൂവായിരത്തിലേറെ പേർക്ക് ഇതിനകം ജീവന്‍ നഷ്‍ടമായി. സ്പെയ്‍നില്‍ മാത്രം 25,000 പേർക്ക് രോഗം പിടിപെട്ടപ്പോള്‍ 1,381 പേർ മരണപ്പെട്ടു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക