ആദ്യ പകുതി തീരും മുമ്പ് ബ്രൈസണ്‍ ഫെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ മടക്കി ഗോവ അല്‍ നസ്റിനെ ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ സമനില ഗോൾ കണ്ടെത്താനായി ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
പനജി: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ സൗദീ പ്രോ ലീഗ് ടീമായ അല്‍ നസ്റിനോട് പൊരുതി തോറ്റ് എഫ് സി ഗോവ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു എഫ് സി ഗോവയുടെ തോല്‍വി. കളി തുടങ്ങി പത്താം മിനിറ്റില്‍ ഏയ്ഞ്ചലോ ഗബ്രിയേല്‍ അല്‍ നസ്റിനെ ആദ്യം മുന്നിലെത്തിച്ചു. 27-ാം മിനിറ്റില്‍ ഹാരൂണ്‍ കമാറ അല്‍ നസ്റിന്‍റെ ലീഡുയര്‍ത്തി രണ്ടാം ഗോള്‍ നേടി.
എന്നാല്‍ ആദ്യ പകുതി തീരും മുമ്പ് ബ്രൈസണ്‍ ഫെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ മടക്കി ഗോവ അല്‍ നസ്റിനെ ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ സമനില ഗോൾ കണ്ടെത്താനായി ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താനുള്ള അല്‍ നസ്റിന്‍റെ ശ്രമങ്ങള്‍ ഫലപ്രദമായി തടയാനും ഗോവക്കായി. മത്സരത്തില്‍ 75 ശതമാനം പന്തടക്കവുമായി ഗോവ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഗോവക്ക് ഒരേയൊരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാനായത്. അത് ഗോളാക്കി മാറ്റാനും ടീമിനായി. 67-ാം മിനിറ്റില്‍ അല്‍ നസ്ര്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാന്‍ ബോറിസ് സിംഗിന് കഴിയാതെ പോയത് ഗോവക്ക് തിരിച്ചടിയായി.
മത്സരത്തിന്‍റെ അവസാന നിഷത്തില്‍ ഡേവിഡ് ടിമോര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണഅ ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ഗോവയുടെ മൂന്നാം തോല്‍വിയാണിത്. നേരത്തെ ഇറാഖില്‍ നിന്നുള്ള അല്‍ സവാര എഫ് സിയോടും തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ് സി ഇസ്റ്റിക്ലോളിനോടും ഗോവ തോല്‍വി വഴങ്ങിയിരുന്നു.
ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫില്‍ ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ 2-1ന് തകര്‍ത്താണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.


