ഫിഫ ക്ലബ് ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ബ്രസീലിയന്‍ ക്ലബുകളായ പാല്‍മിറാസും ബോട്ടഫോഗോയും തമ്മിലാണ് ആദ്യ മത്സരം. ചെൽസി ബെൻഫിക്കയെ നേരിടും.
മയാമി: ഫിഫ ക്ലബ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. വമ്പന്‍മാരെ വിറപ്പിച്ച ബ്രസീലിയന്‍ ക്ലബുകളായ പാല്‍മിറാസ്, ബോട്ടഫോഗോ പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. പാല്‍മിറാസ് രാത്രി 9.30ന് ബോട്ടഫോഗോയെയും ചെല്‍സി രാത്രി ഒന്നരയ്ക്ക് ബെന്‍ഫിക്കയേയും നേരിടും. ഇന്റര്‍മയാമിയും പോര്‍ട്ടോയും അല്‍ അഹ്‌ലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് ഒന്നാമന്‍മാരായാണ് പാല്‍മിറാസ് നോക്കൗട്ട് റൗണ്ടിലെത്തിയത്. പി എസ് ജിയും അത്‌ലറ്റിക്കോ മാഡ്രിഡും ഉള്‍പ്പെട്ട ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ബോട്ടോഫോഗോ.
ബെന്‍ഫിക്ക ഗ്രൂപ്പ് ബിയിലെ ഒന്നാമന്‍മാരായും ചെല്‍സി ഗ്രൂപ്പി ഡിയിലെ രണ്ടാംസ്ഥാനക്കാരായും അവസാന പതിനാറിലെത്തി. ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് യുവേഫ ചാന്പ്യന്‍സ് ലീഗ് ജേതാക്കളായ പി എസ് ജിയാണ് എതിരാളികള്‍. രണ്ടുഗോള്‍ കൂടി നേടിയാല്‍ ക്ലബ് ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തമാവും. ഏഴു ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവിലെ ടോപ് സ്‌കോറര്‍. മെസ്സിക്ക് ആറ് ഗോളാണുളളത്.
റയല്‍ മാഡ്രിഡിന്, ഇറ്റാലിയന്‍ ക്ലബ് യുവന്റസും ഇന്റര്‍ മിലാന്, ഫ്‌ലുമിനന്‍സും മാഞ്ചസ്റ്റര്‍ സിറ്റിക്ക്, സൗദി ക്ലബ് അല്‍ ഹിലാലും ബയേണ്‍ മ്യൂണിക്കിന്, ഫ്‌ലെമംഗോയെയും ബൊറൂസ്യ ഡോര്‍ട്ട്മുണ്ട്, മോണ്ടെറിയെയും നേരിടും. ജൂലൈ രണ്ട് വരെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. നാലിനും അഞ്ചിനും ക്വാര്‍ട്ടര്‍ ഫൈനലും എട്ടിനും ഒന്‍പതിനും സെമി ഫൈനലും ജൂലൈ 13ന് ഫൈനലും നടക്കും.



