ഇൻസ്റ്റഗ്രാമിൽ ലോകത്ത് ഏറ്റവുമധികം പേർ കണ്ട ഫുട്ബോൾ വീഡിയോയും ഇതു തന്നെയാണ്. മെറ്റയുടെ തന്നെ കണക്കുകളെ തെറ്റിച്ച കിക്കായിരുന്നു റിസ്‌വാന്‍റേത്.

ദുബായ്: ലോക റെക്കോർഡ് നേടിയ ഒറ്റക്കിക്ക്, മലപ്പുറത്തുകാരൻ റിസ്‍വാനെ എത്തിച്ചത് അർജന്‍റൈൻ കോച്ച് ലയണൽ സ്കലോണിക്ക് അടുത്തേക്ക്. ദുബായിൽ നടന്ന ചടങ്ങിലാണ് റിസ്‍വാൻ സ്കലോണിയെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങിയത്. ഇനി മെസിയെ കാണണമെന്നാണ് ആഗ്രഹം. വെള്ളച്ചാട്ടത്തിലേക്ക് മഴവില്ലഴകിൽ വളഞ്ഞൊഴുകിക്കയറിയ റിസ്‌വാന്‍റെ കിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം ഇതുവരെ അൻപത്തിയെട്ടരക്കോടി പേരാണ് കണ്ടത്.

ഇൻസ്റ്റഗ്രാമിൽ ലോകത്ത് ഏറ്റവുമധികം പേർ കണ്ട ഫുട്ബോൾ വീഡിയോയും ഇതു തന്നെയാണ്. മെറ്റയുടെ തന്നെ കണക്കുകളെ തെറ്റിച്ച കിക്കായിരുന്നു റിസ്‌വാന്‍റേത്. ദുബായിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും അർജന്‍റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് അതിഥിയായി റിസ്‍വാനും എത്തിയത്. അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ സ്കലോണിയെ നേരില്‍ കണ്ട റിസ്‌വാന്‍ ഫുട്ബോളിൽ കൈയൊപ്പും വാങ്ങിയാണ് മടങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലെ ഒറ്റ വീഡിയോ കൊണ്ടു വൈറലായ ആളെങ്കിലും ആ ഒറ്റ കിക്ക് മാത്രമല്ല റിസ്‌വാന്‍റെ മികവ്. ഒരു ഫുട്ബോളും കൈയിൽപ്പിടിച്ച് ഫ്രീസ്റ്റൈൽ കൊണ്ട് വിസമയിപ്പിക്കുന്ന പ്രതിഭ കൂടിയാണ് റിസ്‌വാന്‍. ഇന്‍സ്റ്റഗ്രാമിലെ വൈറൽ വീഡിയോയക്ക് റിസ്‍വാനു വേണ്ടി ക്യാമറ പിടിച്ച സുഹൃത്തും സ്കോലോണിയെ കാണുമ്പോള്‍ കൂടെയുണ്ടായിരുന്നു. ഏതായാലും അന്നത്തെ ആ കിക്ക് റിസ്‍വാനെയും സുഹൃത്തിനെയും എത്തിച്ചത് വലിയ ഉയരങ്ങളിലേക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക