സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ടിലെ ആദ്യ മത്സരത്തില് വെള്ളിയാഴ്ച ഫോഴ്സ കൊച്ചിയും തിരുവനന്തപുരം കൊമ്പന്സും നേര്ക്കുനേര്. കൊച്ചിയുടെ അറ്റാക്കിംഗ് ഗെയിമും കൊമ്പന്മാരുടെ ഡിഫന്സീവ് ഗെയിമും തമ്മിലുള്ള പോരാട്ടം ആവേശകരമായിരിക്കും.
കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ടിലെ ആദ്യ മത്സരത്തില് വെള്ളിയാഴ്ച ഫോഴ്സ കൊച്ചിയും തിരുവനന്തപുരം കൊമ്പന്സും നേര്ക്കുനേര്. കൊച്ചിയുടെ അറ്റാക്കിംഗ് ഗെയിമും കൊമ്പന്മാരുടെ ഡിഫന്സീവ് ഗെയിമും തമ്മിലുള്ള പോരാട്ടം ആവേശകരമായിരിക്കും. മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയന്റുമായി കൊച്ചി മൂന്നാം സ്ഥാനത്തും നാല് പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്.
ആദ്യ മത്സരത്തിൽ മലപ്പുറം എഫ്സിയെ 1–0ന് തോൽപ്പിച്ച കൊച്ചി, തൃശ്ശൂർ മാജിക്കിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലും ജയിച്ചു. എന്നാൽ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിനോട് 1–2ന് തോറ്റു. രാഹുൽ രാജുവാണ് കണ്ണൂരിന് എതിരെ കൊച്ചിയുടെ ആശ്വാസ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ഗോളുകളുമായി ടീമിന്റെ ആക്രമണത്തിലെ പ്രതീക്ഷയായി രാഹുൽ രാജു ഉയർന്നിട്ടുണ്ട്.
മറുവശത്ത്, കാലിക്കറ്റ് എഫ്സിയോട് രണ്ട് ഗോളിന് തോറ്റുകൊണ്ടാണ് കൊമ്പൻസ് സീസൺ തുടങ്ങിയത്. തുടർന്ന് കണ്ണൂർ വാരിയേഴ്സിനെതിരെയും മലപ്പുറം എഫ്സിക്കെതിരെയും നിശ്ചിത സമയത്ത് സമനില വഴങ്ങിയെങ്കിലും രണ്ട് മത്സരങ്ങളിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചു. മലപ്പുറത്തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ച് നിശ്ചിത സമയത്ത് സമനില നേടിയത് ടീമിന്റെ പോരാട്ടവീര്യം വ്യക്തമാക്കുന്നു. സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ ഏറ്റവും ആവേശരമായ മത്സരങ്ങളിൽ ഒന്നായി ഈ മത്സരം മാറി. ബ്രസീലിയൻ പാട്രിക് മോട്ടയുടെ മധ്യനിരയിലെ സാന്നിധ്യമാണ് കൊമ്പന്മാരുടെ കരുത്ത്.
കൊച്ചിയുടെ ആക്രമണവും കൊമ്പൻസിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും മത്സരത്തിന്റെ ഗതി നിർണയിക്കുക. രാഹുൽ രാജുവിനെ ബോക്സിലേക്ക് കയറാനാവാതെ തടയുന്നതിനൊപ്പം, കൊച്ചിയുടെ വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാവും കൊമ്പൻസിന്റെ തന്ത്രം. മറുവശത്ത്, കൊച്ചി ആക്രമണത്തിനായി മുന്നേറുമ്പോൾ പിന്നിൽ തുറന്നുകിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ കൊമ്പൻസിന് കഴിഞ്ഞാൽ പ്രത്യാക്രമണങ്ങൾ അപകടം വിതയ്ക്കും. കണ്ണൂരിനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട നിതിൻ മധുവിന്റെ അഭാവം കൊച്ചിക്ക് പരീക്ഷണമാണ്. ഗോൾ കീപ്പർ ജൈമി ജോയിയുടെ ഫോം ആതിഥേയർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
