പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിലായിരുന്നു റയല്‍ മാഡ്രിഡ്

ഗ്രനാഡ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ(LaLiga 2021-22) റയൽ മാഡ്രിഡിന്‍റെ(Real Madrid FC) ജൈത്രയാത്ര തുടരുന്നു. റയൽ ഒന്നിനെതിരെ നാല് ഗോളിന് ഗ്രനാഡയെ(Granada) തോൽപിച്ചു. ഇടവേളയിൽ റയൽ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു. മാർക്കോ അസെൻസിയോ(19), നാച്ചോ(25), വിനീഷ്യസ് ജൂനിയർ(56), ഫെർലാൻഡ് മെൻഡി(76) എന്നിവരാണ് റയലിന്‍റെ ഗോളുകൾ നേടിയത്.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിലായിരുന്നു റയല്‍ മാഡ്രിഡ്. ലക്ഷ്യത്തിലേക്ക് റയല്‍ 10 ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോള്‍ ഗ്രനാഡയ്‌ക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ. 69 ശതമാനം സമയവും പന്ത് കാല്‍ക്കാന്‍ വെക്കാന്‍ റയല്‍ താരങ്ങള്‍ക്കായി. പാസിംഗിലെ കൃത്യതയിലും റയല്‍ ഏറെ മുന്നിട്ടുനിന്നു. 

34-ാം മിനുറ്റില്‍ ലൂയി സുവാരസ് ഗ്രനാഡയുടെ ആശ്വാസ ഗോള്‍ നേടി. അറുപത്തിയേഴാം മിനിറ്റിൽ മോൻചു ചുവപ്പ് കാർഡ് കണ്ടതോടെ ഗ്രനാഡ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. ജയത്തോടെ 30 പോയിന്‍റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 29 പോയിന്‍റുള്ള റയല്‍ സോസിഡാഡാണ് രണ്ടാം സ്ഥാനത്ത്. 28 പോയിന്‍റുമായി സെവിയ്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 

Scroll to load tweet…

ഇപിഎല്‍: സിറ്റിക്കും ടോട്ടനത്തിനും ജയം

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവർട്ടനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു. 44-ാം മിനുറ്റില്‍ റഹീം സ്റ്റെർലിംഗിന്‍റെ ഗോളിന് മുന്നിലായിരുന്നു സിറ്റി. 55-ാം മിനിറ്റിൽ റോ‍ഡ്രിയും 86-ാം മിനിറ്റിൽ ബെർണാർഡോ സിൽവയും സിറ്റിയുടെ ഗോൾപട്ടിക പൂർത്തിയാക്കി. മറ്റൊരു മത്സരത്തിൽ ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ വീഴ്‌ത്തി. ഹോയ്ബെർഗും റെഗ്യൂലോണും ആണ് ടോട്ടനത്തിന്‍റെ സ്കോറർമാർ. 

വിശദമായി വായിക്കാം:EPL | മാഞ്ചസ്റ്റർ സിറ്റിക്ക് ജയത്തുടര്‍ച്ച, ടോട്ടനത്തിനും വിജയച്ചിരി