വലതുതുടയിലെ പേശീവലിവാണ് മെസിക്ക് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം. 

മയാമി: മത്സരത്തിനിടെ പരിക്കേറ്റ ലിയോണല്‍ മെസിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ഇന്റര്‍ മയാമി. മെസിക്ക് കഠിനമായ വേദനയില്ലെന്നും പരിക്കിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം വ്യക്തമാകുമെന്നും മയാമി പരിശീലകന്‍ ഹാവിയര്‍ മഷറാനോ പറഞ്ഞു. ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമിയും, നെകാക്സയും തമ്മിലുള്ള മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കം തന്നെ പരിക്കേറ്റ താരം കളംവിടുകയും ചെയ്തു. പെനാല്‍റ്റി ബോക്സിലേക്ക് പന്തുമായി മുന്നേറുന്നതിനിടെയാണ് മെസിക്ക് പരിക്കേറ്റത്.

വലതുതുടയിലെ പേശീവലിവാണ് സെിക്ക് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം. ലീഗ്‌സ് കപ്പിലും മേജര്‍ ലീഗിലും വരാനിരിക്കുന്ന മത്സരങ്ങളില്‍ മെസിയുടെ പരിക്ക് ഇന്റര്‍മയാമിക്ക് കനത്ത തിരിച്ചടിയാകും. ലീഗ്‌സ് കപ്പിലെ അടുത്ത ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വ്യാഴാഴ്ച പ്യൂമാസിനെയാണ് മയാമി നേരിടേണ്ടത്.

ബ്രാഹിം ഡയസ് റയലില്‍ തുടരും

മൊറോക്കോ താരം ബ്രാഹിം ഡയസുമായി കരാര്‍ നീട്ടാന്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. 2031 വരെ റയലില്‍ തുടരാനുള്ള കരാറില്‍ ബ്രാഹിം ഡയസ് ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 വരെയാണ് താരത്തിന്റെ നിലവിലെ കരാര്‍. കഴിഞ്ഞ സീസണില്‍ ഗോളുകള്‍ നേടിയും അസിസ്റ്റും നല്‍കിയും റയല്‍ മാഡ്രിഡിന്റെ വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ബ്രാഹിം ഡയസ്.

ഡാര്‍വിന്‍ ന്യൂനസ് സൗദിയിലേക്ക്

ലിവര്‍പൂളിന്റെ യുറുഗ്വയിന്‍ താരം ഡാര്‍വിന്‍ ന്യുനസ് സൗദിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തെ സ്വന്തമാക്കാന്‍ അല്‍ഹിലാല്‍ ശ്രമം തുടങ്ങി. ഡാര്‍വിന്‍ ന്യുനസിന് സൗദി ക്ലബ് വന്‍ ഓഫര്‍ മുന്നോട്ടു വച്ചതായാണ് വിവരം. 2022ല്‍ ബെന്‍ഫിക്കയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ 26ക്കാരനായ താരം ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് നേടിയത്.

ടോട്ടനമിന് സമനില

ന്യൂകാസില്‍ യുണൈറ്റഡിനെതിരായ പ്രീസീസണ്‍ മത്സരത്തില്‍ ടോട്ടനത്തിന് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കളിയുടെ നാലാം മിനുട്ടില്‍ ബ്രെണ്ണന്‍ ജോണ്‍സണിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് ടോട്ടനം ഗോള്‍ വഴങ്ങിയത്. ടോട്ടനം ജഴ്‌സിയില്‍ അവസാന മത്സരം കളിച്ച് പടിയിറങ്ങിയ കൊറിയന്‍ സൂപ്പര്‍ താരം ഹ്യൂങ്ഫമിന്‍ സോണിന് സഹതാരങ്ങള്‍ വൈകാരിക യാത്രയയപ്പ് നല്‍കി.

YouTube video player