നവംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറങ്ങി. 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് മേയ് 25ന് ദോഹയില്‍ നടക്കും.

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ടൂര്‍ണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U17 എന്ന മാതൃകയിലാണ് ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കള്‍ക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മൂന്ന് മുതല്‍ 27 വരെയാണ് കാല്‍പന്തു ലോകത്തെ ഭാവിതാരങ്ങള്‍ മാറ്റുരക്കുന്ന വിശ്വമേളയ്ക്ക് ഖത്തര്‍ വേദിയൊരുക്കുന്നത്. ഇതാദ്യമായി 48 ടീമുകള്‍ കൗമാര ലോകകപ്പിലും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ടൂര്‍ണമെന്റിനുണ്ട്. 

2029 വരെയുള്ള ലോകകപ്പിനായി ഖത്തറിനെ സ്ഥിര വേദിയായി ഫിഫ നേരെത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നിരുന്ന ടൂര്‍ണമെന്റ് 2025 മുതല്‍ ഇനി വാര്‍ഷിക ടൂര്‍ണമെന്റായി നടക്കും. അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് മേയ് 25ന് ദോഹയില്‍ നടക്കും. ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന ടീമുകളെല്ലാം ഇതിനകം യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഏഷ്യയില്‍ നിന്നും ആതിഥേയരായ ഖത്തറിനു പുറമെ, അയല്‍കാരായ സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെ ഒമ്പത് ടീമുകളാണുള്ളത്. അര്‍ജന്റീന, ബ്രസീല്‍, യൂറോപ്പില്‍ നിന്ന് പോര്‍ചുഗല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്.

ലോഗോ പ്രകാശന ചടങ്ങില്‍ കായികരംഗത്തെ യുവജന വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികളുടെ തുടക്കമാണിതെന്ന് ടൂര്‍ണമെന്റ് പ്രാദേശിക കമ്മിറ്റി ചെയര്‍മാനും ഖത്തര്‍ കായിക യുവജന മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് ആല്‍ഥാനി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഖത്തറിന്റെ ഫുട്ബാള്‍ കലണ്ടറില്‍ സുപ്രധാന ടൂര്‍ണമെന്റാണിത്. ഈ പതിറ്റാണ്ടിന്റെ തുടക്കം മുതല്‍ ഖത്തര്‍ ലോകോത്തര കായികമേളകള്‍ക്ക് വേദിയാവുകയാണ്. അതിന്റെ തുടര്‍ച്ചയായി യുവ കായികമേളകളിലേക്കുള്ള സ്വാഭാവിക ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.