13 വര്‍ഷം നീണ്ട റയല്‍ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്
റയല്‍ മാഡ്രിഡ് ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് ക്ലബ്ബ് വിടുന്നു. റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ മോഡ്രിച്ച് ക്ലബ്ബ് ലോകകപ്പിന് ശേഷം തൂവെള്ള ജഴ്‌സി അഴിക്കും. 13 വര്‍ഷം നീണ്ട റയല്‍ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. മോഡ്രിച്ച് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്.
"പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ, ആ സമയമെത്തിയിരിക്കുന്നു. ഞാൻ ഒറിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്ബോള്‍. ജീവിതത്തില്‍ എല്ലാ തുടക്കത്തിനും ഒരു അന്ത്യമുണ്ടാകും. ശനിയാഴ്ച സാന്റിയാഗൊ ബെര്‍ണബ്യൂവിലെ എന്റെ അവസാന മത്സരമായിരിക്കും. 2012ലാണ് ഞാൻ ഇവിടെ എത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജഴ്സിയണിയാനാണ് എത്തിയത്. റയലിനായി കളിച്ചത് എന്റെ ജീവിതം മാറ്റി മറച്ചു," മോഡ്രിച്ച് കുറിച്ചു.
"ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളില്‍ ഒന്നില്‍ കളിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ ഹൃദയത്തില്‍ നിന്ന് ഞാൻ ക്ലബ്ബിന് നന്ദി പറയുകയാണ്. പ്രത്യേകിച്ചും പ്രസിഡന്റ് ഫ്ലോറന്റിനൊ പെരേസിന്, ടീം അംഗങ്ങള്‍ക്ക്, പരിശീലകര്‍ക്ക്, എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും," മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.
"മനോഹരമായ ഒരുപാട് നിമിഷങ്ങളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. അസാധാരണമായ തിരിച്ചുവരവുകള്‍, ഫൈനലുകള്‍, ആഘോഷങ്ങള്‍, ബെര്‍ണബ്യൂവിലെ മാന്ത്രിക രാവുകള്‍. എല്ലാം ജയിക്കാനായി, ഒരുപാട് സന്തോഷമുണ്ട്. അതിയായ സന്തോഷമുണ്ട്," മോഡ്രിച്ച് എഴുതി.
"വിജയങ്ങള്‍ക്കും കിരീടങ്ങള്‍ക്കുമെല്ലാം മുകളില്‍ മാഡ്രിഡ് ആരാധകരെ ഞാൻ ഹൃദയത്തോട് ചേര്‍ക്കുന്നു. നിങ്ങളുടെ പിന്തുണ എത്രത്തോളം വിലപ്പെട്ടതാണെന്ന് പറഞ്ഞ് അറിയിക്കാൻ എനിക്ക് അറിയില്ല. നിങ്ങള്‍ എന്നെ ആദരിച്ച ഒരു നിമിഷവും മറക്കില്ല. ഹൃദയം നിറഞ്ഞാണ് പടിയിറക്കം. ക്ലബ്ബ് ലോകകപ്പിന് ശേഷം റയല്‍ കുപ്പായത്തില്‍ ഞാനുണ്ടാകില്ല. എല്ലായ്പ്പോഴും ഞാനൊരു മാഡ്രിഡ് ആരാധകനായിരിക്കും. റയല്‍ മാഡ്രിഡ് എപ്പോഴും എന്റെ വീടായിരിക്കും. ഹാല മാഡ്രിഡ്," മോഡ്രിഡ് കുറിപ്പ് അവസാനിപ്പിച്ചു.
റയല്‍ കുപ്പായത്തില്‍ മോഡ്രിച്ചിന്റെ കിരീട നേട്ടങ്ങള്‍ നിരവധിയാണ്. ലാ ലിഗ (4), ചാമ്പ്യൻസ് ലീഗ് (6), കോപ്പ ഡെല്‍ റെ (2), സൂപ്പര്‍ കോപ്പ (5), യുഇഎഫ്എ സൂപ്പര്‍ കപ്പ് (5), ഫിഫ ക്ലബ്ബ് ലോകകപ്പ് (5), ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് (1).
റയലിനായി 590 മത്സരങ്ങളാണ് മോഡ്രിച്ച് കളിച്ചത്. 43 ഗോളുകള്‍ നേടി. 95 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.