ആവേശകരമായ മത്സരത്തില്‍ ടോട്ടന്‍ഹാമിനെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പിഎസ്ജി തോല്‍പ്പിച്ചത്. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ടോട്ടനം പരാജയപ്പെട്ടത്.

റോം: യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി പിഎസ്ജി. ആവേശകരമായ മത്സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു പിഎസ്ജിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോള്‍ വീതം നേടി. രണ്ട് ഗോളിന് മുന്നില്‍ നിന്ന് ശേഷമാണ് ടോട്ടനം പിന്നോട്ട് പോയത്. മത്സരത്തിന്റെ 85-ാം മിനിറ്റ് വരെ ടോട്ടനം മുന്നിലായിരുന്നു. മിക്കി വാന്‍ ഡി വെന്‍, ക്രിസ്റ്റിയന്‍ റൊമേറോ എന്നിവരാണ് ടോട്ടന്‍ഹാമിന് വേണ്ടി ഗോള്‍ നേടിയത്. ലീ കാംഗ്, ഗോണ്‍കാലോ റാമോസ് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകള്‍ മടക്കിയത്.

പിന്നാലെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. വാന്‍ ഡി വെന്‍, മതീസ് ടെല്‍ എന്നിവര്‍ പെനാല്‍ട്ടി നഷ്ടമാക്കിയതാണ് ടോട്ടനത്തിന് തിരിച്ചടിയായത്. വിറ്റിന്യയുടെ പെനാള്‍ട്ടി നഷ്ടമായെങ്കിലും പിഎസ്ജി 4-3ന് ഷൂട്ട് ഔട്ടില്‍ ജയിക്കുകയായിരുന്നു. മത്സരത്തിന്റെ 39-ാം മിനിറ്റിലാണ് ടോട്ടന്‍ഹാം ലീഡെടുക്കുന്നത്. പിഎസ്ജി പോസ്റ്റിലുണ്ടായ കൂട്ടപൊരിച്ചിലില്‍ വാന്‍ ഡി വെന്‍ ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതി 1-0ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടോട്ടന്‍ഹാം ലീഡെടുത്തു.

ഇത്തവണ ക്യാപ്റ്റന്‍ റൊമേറോ ഹെഡ്ഡറിലൂടെ ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. ടീം വിജയിക്കുമെന്ന് തോന്നിക്കെയാണ് മത്സരം തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ പിഎസ്ജി തിരിച്ചടിക്കുന്നത്. 85-ാം മിനിറ്റില്‍ കാംഗിന്റെ ഗോള്‍. വൈകാതെ ഒരു ഗോള്‍ കൂടി മടക്കാനുള്ള ടോട്ടനമിന്റെ ശ്രമവും ഫലം കണ്ടു. റാമോസിന്റെ ഗോളില്‍ പിഎസ്ജിക്ക് സമനില. ആദ്യ കിക്കെടുത്ത പിഎസ്ജി താരം വിറ്റിന്യക്ക് പിഴച്ചെങ്കിലും ടോട്ടനം താരങ്ങളുടെ തെറ്റ് മുതലെടുത്ത് പിഎസ്ജി കിരീടം നേടി.

പിഎസ്ജിക്കായി റാമോസ്, ഉസ്മാന്‍ ഡെംബെലെ, ലീ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, നുനോ മെന്‍ഡസ് വിജയഗോള്‍ നേടി. സ്പര്‍സിനുവേണ്ടി ഡൊമിനിക് സോളാങ്കെ, റോഡ്രിഗോ ബെന്റന്‍കൂര്‍, പെഡ്രോ പോറോ എന്നിവര്‍ ഗോളുകള്‍ നേടി. 2025ല്‍ പിഎസ്ജിയുടെ അഞ്ചാമത്തെ കിരീടമാണിത്. ലൂയിസ് എന്റിക്വയുടെ ടീമിന് ഇത് മികച്ച തുടക്കമാണ്. ഞായറാഴ്ച നാന്റസിനെതിരെ എവേ മത്സരത്തില്‍ പിഎസ്ജി ലീഗ് 1 സീസണ്‍ ആരംഭിക്കും. ശനിയാഴ്ച ബേണ്‍ലിയെ നേരിട്ടാണ് സ്പര്‍സ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത്.

YouTube video player