പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‌ യുട്യൂബില്‍ ലഭിക്കുന്ന റെക്കോര്‍ഡ്‌ കാഴ്‌ചക്കാരുടെ എണ്ണം പ്രതീക്ഷ നല്‍കുന്നതാണ്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുനൈറ്റഡ്‌ എഫ്‌ സി ഉടമയും ബോളിവുഡ്‌ താരവുമായ ജോണ്‍ എബ്രഹാം ഏറെ പ്രതീക്ഷയോടെയാണ്‌ ഐ എസ്‌ എല്‍ മത്സരങ്ങളുടെ ജനപ്രീതിയെ നോക്കിക്കാണുന്നത്‌.

ഇന്ത്യന്‍ ഫുട്‌ബോളിന്‌ തിരിച്ചടികളുടെയും വലിയ പ്രതിസന്ധികളുടെയും കാലഘട്ടമാണ്‌ ഇത്‌. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും സൂപ്രീം കോടതി ഇടപെടലുകളും പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നടത്തിപ്പിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിലുണ്ടായ പ്രതിസന്ധിയും നിരാശപ്പെടുത്തുന്നതാണ്‌. ലീഗിന്റെ വാണിജ്യപരമായ അനിശ്ചിതത്വങ്ങള്‍ കാരണം സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്‌, ടാറ്റ സ്റ്റീല്‍ തുടങ്ങിയ വലിയ നിക്ഷേപകര്‍ ഐ എസ്‌ എല്ലില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

എന്നാല്‍, ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‌ യുട്യൂബില്‍ ലഭിക്കുന്ന റെക്കോര്‍ഡ്‌ കാഴ്‌ചക്കാരുടെ എണ്ണം പ്രതീക്ഷ നല്‍കുന്നതാണ്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുനൈറ്റഡ്‌ എഫ്‌ സി ഉടമയും ബോളിവുഡ്‌ താരവുമായ ജോണ്‍ എബ്രഹാം ഏറെ പ്രതീക്ഷയോടെയാണ്‌ ഐ എസ്‌ എല്‍ മത്സരങ്ങളുടെ ജനപ്രീതിയെ നോക്കിക്കാണുന്നത്‌. രാജ്യം ഫുട്‌ബോളിനായി കാത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌ യുട്യൂബില്‍ ലഭിക്കുന്ന റെക്കോര്‍ഡ്‌ വ്യൂവ്‌സ്‌ എന്ന്‌ ജോണ്‍ എബ്രഹാം ചൂണ്ടിക്കാട്ടുന്നു.

ഐ എസ്‌ എല്‍ 2026-27 സീസണിന്റെ ആദ്യ ആഴ്‌ചയിലെ അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ 65 ദശലക്ഷം വ്യൂസും 52 ദശലക്ഷം യുണീക്‌ വ്യുവേഴ്‌സിനെയും ഐ എസ്‌ എല്ലിന്‌ ലഭിച്ചിരുന്നു. ഈ കണക്കുകള്‍ റേറ്റിംഗ്‌ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതാണ്‌. ഇന്ത്യന്‍ ഫുട്‌ബോളില്‍ അനുകൂലമായ കാറ്റ്‌ വീശുന്നുവെന്ന്‌ വേണം ഇതില്‍ നിന്ന്‌ മനസിലാക്കാന്‍ എന്ന്‌ ജോണ്‍ എബ്രഹാം വിലയിരുത്തുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഫുട്‌ബോള്‍ കൂടുതല്‍ ആളുകളിലേക്ക്‌ എളുപ്പത്തില്‍ എത്തിക്കുവാന്‍ കഴിയുന്നത്‌ വളരെപ്രധാനമാണ്‌. ക്ലബ്ബുകളും സംഘാടകരും കളിക്കാരും ആരാധകരും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയില്‍ ഫുട്‌ബോള്‍ വാണിജ്യപരമായി കരുത്താര്‍ജിക്കുമെന്ന്‌ ജോണ്‍ എബ്രഹാം പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK