മുങ്ങിക്കൊണ്ടിരുന്ന പറങ്കിപ്പടയുടെ കപ്പലിൽ അവസാന ആഘാതമേൽപ്പിച്ചത് റോബിൻ ഗോസൻസായിരുന്നു

മ്യൂണിക്ക്: യൂറോ കപ്പില്‍ പോ‍ർച്ചുഗലിനെതിരായ മത്സരത്തിൽ ജ‍ർമനിയുടെ വിജയശിൽപി റോബിൻ ഗോസൻസായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഗോസൻസിന്‍റെ മധുരപ്രതികാരം കൂടിയായിരുന്നു ഈ വിജയം. 

മുങ്ങിക്കൊണ്ടിരുന്ന പറങ്കിപ്പടയുടെ കപ്പലിൽ അവസാന ആഘാതമേൽപ്പിച്ചത് റോബിൻ ഗോസൻസായിരുന്നു. ജർമനിയുടെ മൂന്നാം ഗോളിന് വഴിയൊരുക്കിയതും ഇറ്റാലിയൻ ക്ലബ് അറ്റലാന്‍റയുടെ താരമായ ഗോസൻസ് തന്നെ. റൊണാൾഡോയുടെ പോർ‍ച്ചുഗലിനെതിരെ നേടിയ ഈ വിജയം ഗോസൻസിന് മധുരപ്രതികാരം കൂടിയാണ്. അതിനൊരു കാരണമുണ്ട്. 

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിനിടെ റൊണാൾഡോയുടെ യുവന്‍റസും അറ്റലാന്‍റയും നേർക്കുനേ‍ർ വന്നു. തന്‍റെ പ്രിയപ്പെട്ട താരമായ റൊണാൾഡോയോട് മത്സരശേഷം ഗോസൻസ് ജേഴ്‌സി തരാമോ എന്ന് ചോദിച്ചു. പറ്റില്ലെന്ന് ഒറ്റയടിക്ക് റൊണാൾഡോ മറുപടി പറഞ്ഞു. 'തന്നെയൊന്ന് നോക്കാൻ പോലും കൂട്ടാക്കാതെ അദേഹം മാറിപ്പോയി. അന്ന് താൻ ഏറെ അപമാനിതനായി' എന്നും ഗോസൻസ് പറഞ്ഞിരുന്നു. 

ഇപ്പോൾ അതേ റൊണാൾഡോയെ തന്‍റെ മികവിൽ ജര്‍മനി തോൽപിച്ചപ്പോൾ ഗോസൻസ് മധുരപ്രതികാരം ചെയ്‌തിരിക്കുകയാണ്. മാത്രമല്ല, ജേഴ്‌സി ചോദിച്ച് ഇത്തവണ താൻ റൊണാൾഡോയു‍ടെ അടുത്ത് പോയില്ലെന്നും ഗോസൻസ് വ്യക്തമാക്കി. 

ഗ്രൂപ്പ് എഫില്‍ ടീമിന്‍റെ രണ്ടാം മത്സരത്തിലാണ് ജര്‍മനിയോട് നിലവിലെ ചാമ്പ്യൻമാരായ പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. പോർച്ചുഗലിനെ രണ്ടിനെതിരെ നാല് ഗോളിന് ജര്‍മന്‍ സംഘം ചുഴറ്റിയെറിയുകയായിരുന്നു. റൂബൻ ഡിയാസും റാഫേൽ ഗുറെയ്‌റോയും നാല് മിനുറ്റിനിടെ രണ്ട് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയത് പോര്‍ച്ചുഗലിന് തിരിച്ചടിയായപ്പോള്‍ ഹാവെർ‌ട്‌സും ഗോസൻസും ജര്‍മനിയുടെ പട്ടിക പൂര്‍ത്തിയാക്കി. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോയും ജോട്ടയും ഓരോ ഗോള്‍ കണ്ടെത്തി. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി

യൂറോയില്‍ അപകടം മണക്കുന്ന മരണഗ്രൂപ്പ്; ടീമുകള്‍ക്കെല്ലാം അവസാന മത്സരം അഗ്നിപരീക്ഷ

ഫുട്‌ബോള്‍ കാലിലും ക്യാമറ കൈയിലും ഭദ്രം; പെപ്പെയെ പകര്‍ത്തി ക്രിസ്റ്റ്യാനോ- വീഡിയോ വൈറല്‍

വറ്റാതെ റോണോ-കോക്ക കോള നാടകീയത; യൂറോയില്‍ പുതിയ ചര്‍ച്ചയായി ബാനര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona