Asianet News MalayalamAsianet News Malayalam

പോളണ്ടിനെ വിറപ്പിച്ച ശേഷം സൗദി ഗോള്‍ വഴങ്ങി, പെനാല്‍റ്റിയും നഷ്ടമാക്കി; ആദ്യപകുതി ആവേശകരം

അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനം സൗദി ആവര്‍ത്തിക്കുകയായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ സൗദി പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആക്രമിക്കാനും സൗദി മറന്നില്ല.

Saudi Arabia vs Poland Fifa World Cup match half time report
Author
First Published Nov 26, 2022, 7:32 PM IST

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോള്‍ പോളണ്ട് ഒരു ഗോളിന് മുന്നില്‍. 39-ാം മിനിറ്റില്‍ പിയോറ്റ് സിലിന്‍സ്‌കിയാണ് ഗോള്‍ നേടിയത്. അതുവരെ പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ഒരു തവണ പോളണ്ട് ഗോള്‍കീപ്പറെ പരീക്ഷിക്കാനും സൗദിക്ക് സാധിച്ചു. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അല്‍ദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്. 

അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനം സൗദി ആവര്‍ത്തിക്കുകയായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ സൗദി പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആക്രമിക്കാനും സൗദി മറന്നില്ല. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സൗദി ആക്രമണം തുടങ്ങി. 14-ാം മിനിറ്റില്‍ ഒരു അവസരവും സൃഷ്ടിച്ചു. എന്നാല്‍ പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി രക്ഷകനായി. 15-ാം മിനിറ്റില്‍ യാക്കൂബ് കിവിയോറിന് മഞ്ഞകാര്‍ഡ് ലഭിച്ചു. 16-ാം മിനിറ്റില്‍ മാറ്റി കാഷിനും മഞ്ഞ. 19-ാം മിനിറ്റില്‍ അര്‍ക്കഡിയൂസ് മിലിക്കിനും മഞ്ഞ ലഭിച്ചു. അതില്‍ നിന്ന് മനസിലാക്കാം സൗദി ആക്രമണം എത്രത്തോളം മികച്ചതായിരുന്നുവെന്ന്.

26-ാം മിനിറ്റില്‍ പോളണ്ടിനും ലഭിച്ചു ആദ്യ അവസരം. സെലിന്‍സ്‌കിയുടെ കോര്‍ണറില്‍ നിന്ന് ബീല്‍ക്ക് തൊടുത്തുവിട്ട ഹെഡ്ഡര്‍ അല്‍- ഷെറ്രി ഗോള്‍ലൈനിന് തൊട്ടുമുമ്പ് വച്ച് രക്ഷപ്പെടുത്തി. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. ലെവന്‍ഡോസ്‌കിയുടെ സഹായത്തില്‍ സെലിന്‍സ്‌കിയുടെ മനോഹരമായ ഫിനിഷ്. 44-ാം മിനിറ്റില്‍ സൗദിക്ക് ഒപ്പമെത്താനുള്ള സുവര്‍ണാവസരമുണ്ടായിരുന്നു. എന്നാല്‍ പെനാല്‍റ്റി മുതലാക്കാന്‍ സലേം അല്‍ദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും  ഷെസ്‌നി ഒരിക്കല്‍കൂടി രക്ഷകനായി.

നെഞ്ചുനീറി ഖത്തര്‍; ചരിത്രത്തിൽ തന്നെ ആദ്യം, മറക്കാൻ ആ​ഗ്രഹിക്കുന്ന നാണക്കേടിന്‍റെ റെക്കോർഡ്

Follow Us:
Download App:
  • android
  • ios