തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിനായി ഖത്തര്‍ പൂര്‍ണ്ണമായും സജ്ജമായി. ടൂര്‍ണമെന്റിനായി ഇതുവരെ ഏഴ് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയെന്ന് സംഘാടകര്‍ അറിയിച്ചു.

ദോഹ: തിങ്കളാഴ്ച ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് ഒരുങ്ങി ഖത്തര്‍. സ്‌റ്റേഡിയങ്ങള്‍ പൂര്‍ണ്ണമായും സജ്ജമായതായി ഇവന്റ്‌സ് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സിഇഒ ജാസിം അല്‍ ജാസിം അറിയിച്ചു. ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഇതിനകം ഏഴ് ലക്ഷത്തോളം വിറ്റുപോയതായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു എന്‍ സി സി) നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, 210,000 ടിക്കറ്റുകള്‍ വാങ്ങിയത് ഖത്തറിന് പുറത്തുള്ള ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന് ശേഷം, ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങിയത് ജോര്‍ദാനില്‍ നിന്നുള്ളവരും പിന്നെ സൗദി അറേബ്യയും ആണ്. എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും ദോഹ മെട്രോ സൗജന്യമായി ഉപയോഗിക്കാം. ഈ സീസണില്‍ ഖത്തര്‍ ഇതിനകം തന്നെ എ.ജി.സി.എഫ്.എഫ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് തുടങ്ങിയ പ്രധാന ഫുട്‌ബോള്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 5:30 ന് അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഖത്തറും ഫലസ്തീനും തമ്മിലായിരിക്കും ഉദ്ഘാടന മത്സരമെന്ന് അല്‍ ജാസിം സ്ഥിരീകരിച്ചു.

ഫിഫയുടെ യൂത്ത് ടൂര്‍ണമെന്റുകളുടെ തലവന്‍ റോബര്‍ട്ടോ ഗ്രാസി ഖത്തറിന്റെ ആതിഥേയത്വ മികവിനെ പ്രശംസിച്ചു. ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ഉള്‍പ്പെടെ ലോകോത്തര കായിക മത്സരങ്ങള്‍ ഖത്തര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു വിജയകരമായ ടൂര്‍ണമെന്റായിരിക്കും അറബ് കപ്പെന്നും അദ്ദേഹം പറഞ്ഞു.

YouTube video playerc