ആദ്യ പകുതി മുതൽക്കേ മത്സരത്തിന്റെ നിയന്ത്രണം സ്വീഡൻ ഏറ്റെടുത്തു. ലിവർപൂൾ താരം അലക്സാണ്ടർ ഇസാക്കും ആഴ്സണൽ താരം വിക്ടർ ഗ്യോകെറസും മുന്നേറ്റനിരയിൽ നടത്തിയ മിന്നും പ്രകടനമാണ് ടുണീഷ്യയുടെ പ്രതിരോധ കോട്ട തകർത്തത്.

മോണ്ടെറെ (മെക്സിക്കോ): ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡന് വമ്പൻ ജയം. മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്രമണ ഫുട്ബോളിന്‍റെ വസന്തം തീർത്താണ് സ്വീഡിഷ് പട മൂന്ന് പോയിന്‍റുകൾ സ്വന്തമാക്കിയത്. സ്വീഡനായി മധ്യനിര താരം യാസിൻ അയാരി ഇരട്ട ഗോളുകൾ നേടിയപ്പോൾ, പ്രീമിയർ ലീഗ് താരങ്ങളായ അലക്സാണ്ടർ ഇസാക്, വിക്ടർ ഗ്യോകെറസ്, മാറ്റിയാസ് സ്വാൻബെർഗ് എന്നിവർ ഓരോ ഗോൾ വീതം നേടി. ടുണീഷ്യയുടെ ആശ്വാസ ഗോൾ പ്രതിരോധ താരം ഒമർ റെകിക് വകയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കളി മാറ്റിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്ത്

ആദ്യ പകുതി മുതൽക്കേ മത്സരത്തിന്റെ നിയന്ത്രണം സ്വീഡൻ ഏറ്റെടുത്തു. ലിവർപൂൾ താരം അലക്സാണ്ടർ ഇസാക്കും ആഴ്സണൽ താരം വിക്ടർ ഗ്യോകെറസും മുന്നേറ്റനിരയിൽ നടത്തിയ മിന്നും പ്രകടനമാണ് ടുണീഷ്യയുടെ പ്രതിരോധ കോട്ട തകർത്തത്. ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ മുന്നിലെത്തി. ടുണീഷ്യൻ ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് ബ്രൈറ്റൺ താരം യാസിൻ അയാരി ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ വലയിലെത്തിച്ചു. മുപ്പതാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഇടതുവശത്തുനിന്ന് കുതിച്ചുപാഞ്ഞ അലക്സാണ്ടർ ഇസാക് ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത മനോഹരമായ ഷോട്ട് ടുണീഷ്യൻ വലയുടെ താഴത്തെ കോണിൽ പതിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമർ റെകികിന്‍റെ ഹെഡ്ഡറിലൂടെ ടുണീഷ്യ ഒരു ഗോൾ മടക്കി മത്സരം ആവേശത്തിലാക്കി (2-1).

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ടുണീഷ്യ ശ്രമിച്ചെങ്കിലും സ്വീഡന്‍റെ കളി വേറെ ലെവലായിരുന്നു. 59-ാം മിനിറ്റിൽ ഇസാക്കിന്‍റെ പാസിൽ നിന്ന് വിക്ടർ ഗ്യോകെറസ് സ്വീഡന്‍റെ മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി വെറും 17 സെക്കന്റുകൾക്കകം മാറ്റിയാസ് സ്വാൻബെർഗ് നാലാം ഗോളും സ്വന്തമാക്കി. വാർ (VAR) പരിശോധനയ്ക്ക് ശേഷമാണ് ഈ ഗോൾ അനുവദിച്ചത്. ഒടുവിൽ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ (90+5') യാസിൻ അയാരി വീണ്ടും ലക്ഷ്യം കണ്ടതോടെ ടുണീഷ്യയുടെ പതനം പൂർത്തിയായി. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ അലക്സാണ്ടർ ഇസാക് ആണ് കളിയിലെ താരം. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ ജപ്പാനും നെതർലൻഡ്‌സുമാണ് സ്വീഡന്‍റെ എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക