Asianet News MalayalamAsianet News Malayalam

UEFA Europa League : തോറ്റാല്‍ പണിപാളും, യൂറോപ്പയും തുലാസില്‍; നാപ്പോളിക്കെതിരെ ബാഴ്‌സലോണയ്ക്ക് അഗ്നിപരീക്ഷ

ചാമ്പ്യൻസ് ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ബാഴ്‌സലോണയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

UEFA Europa League 2021 22 Napoli vs Barcelona Preview
Author
Stadio San Paolo, First Published Feb 24, 2022, 12:19 PM IST

നാപ്പോളി: യൂറോപ്പ ലീഗ് ഫുട്ബോളിൽ (UEFA Europa League) ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം. രണ്ടാംപാദ പ്ലേ ഓഫിൽ നാപ്പോളിയാണ് (Napoli vs Barcelona) എതിരാളികൾ. ഇന്ത്യൻസമയം രാത്രി ഒന്നരയ്ക്ക് നാപ്പോളിയുടെ മൈതാനത്താണ് (Stadio San Paolo) മത്സരം. ചാമ്പ്യൻസ് ലീഗിൽ (UCL) നിന്ന് തരംതാഴ്ത്തപ്പെട്ട ബാഴ്‌സലോണയ്ക്ക് ഇന്ന് നാപ്പോളിയുടെ മൈതാനത്ത് ജയിച്ച് കയറിയില്ലെങ്കിൽ യൂറോപ്പ ലീഗും നഷ്‌ടമാവും. 

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. സീലിൻസ്കിയിലൂടെ മുന്നിലെത്തിയ നാപ്പോളിക്കെതിരെ ഫെറാൻ ടോറസിന്‍റെ ഗോളിലൂടെയാണ് ബാഴ്സ സമനില നേടിയത്. ലാ ലീഗയിലെ അവസാന മത്സരത്തിൽ വലൻസിയയെ തകർത്ത ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ. മുന്നേനിരയുടെ പ്രകടനം കോച്ച് സാവിക്കും ആരാധകർക്കും ഒരുപോലെ ആശ്വാസം പകരുന്നു. ടോറസ്, ഒബമയാംഗ്, ട്രയോറെ എന്നിവരെയാവും ബാഴ്സ മുന്നേറ്റത്തിൽ അണിനിരത്തുക. ഗാവിയും പെഡ്രിയും ക്യാപ്റ്റൻ ബുസ്കറ്റ്സും മധ്യനിരയിലെത്തും. പ്രതിരോധത്തിൽ ആൽബ, പിക്വേ, അറൗഹോ, ഡെസ്റ്റ് എന്നിവരും പോസ്റ്റിന് മുന്നിൽ ടെർസ്റ്റഗനുമെത്തും. 

ലോറൻസോ ഇൻസീനടക്കം പ്രമുഖ താരങ്ങൾ പരിക്കിന്‍റെ പിടിയിലായത് നാപ്പോളിക്ക് തിരിച്ചടിയാണ്. ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ബയേൺ മ്യൂണിക്കിനും ബെൻഫിക്കയ്ക്കും പിന്നിലായതോടെയാണ് ബാഴ്സലോണയ്ക്ക് യൂറോപ്പ ലീഗിലേക്ക് ഇറങ്ങേണ്ടിവന്നത്. മറ്റ് മത്സരങ്ങളിൽ ബൊറൂസ്യ ഡോർട്ട്മുണ്ട്, റേഞ്ചേഴ്സിനെയും റയൽ ബെറ്റിസ്, സെനിത്തിനെയും ബ്രാഗ, ഷെറിഫിനെയും നേരിടും. പ്ലേ ഓഫിൽ ജയിക്കുന്നവർ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടും. 

ചാമ്പ്യൻസ് ലീഗ് ഫലങ്ങള്‍

യുവേഫ ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-അത്‍ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനുറ്റിൽ ജാവോ ഫെലിക്സിന്‍റെ സൂപ്പർഹെഡറിലൂടെ അത്‍ലറ്റിക്കോയാണ് ആദ്യം മുന്നിലെത്തിയത്. 80-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ എലാങ്ക യുണൈറ്റഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു. രണ്ടാംപാദ മത്സരം മാർച്ച് 16ന് യുണൈറ്റഡ് മൈതാനത്ത് നടക്കും. ഇന്നലെ അയാക്‌സ്‌-ബെൻഫിക്ക മത്സരവും സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. 

ISL 2021-22 : ചില്ലറ കളികളല്ല! ഇനിയെല്ലാം ചങ്കില്‍ തീ; അറിയാം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സെമി സാധ്യത

Follow Us:
Download App:
  • android
  • ios