ഖത്തറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി 'റോഡ് ടു ഖത്തര്‍' എന്ന പേരില്‍ ഔദ്യോഗിക ടിക്കറ്റിങ് ആപ്പ് പുറത്തിറക്കി. ഈ ആപ്പ് വഴി ആരാധകര്‍ക്ക് ഡിജിറ്റല്‍ ടിക്കറ്റുകള്‍ നേടാനും കൈമാറ്റം ചെയ്യാനും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉറപ്പാക്കാനും സാധിക്കും.
ദോഹ: ഖത്തറില്‍ നവംബര്‍ മൂന്നിന് അരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടിക്കറ്റിങ് ആപ്പ് പുറത്തിറക്കി. പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് 'റോഡ് ടു ഖത്തര്‍' ആപ് പുറത്തിറക്കിയത്. നവംബര്‍ 27 വരെ നടക്കുന്ന ടൂര്‍ണമെന്റ് കാണാനെത്തുന്ന ആരാധകര്‍ നിര്‍ബന്ധമായും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
'റോഡ് ടു ഖത്തര്‍' ആപ്പിലൂടെ ഡിജിറ്റല്‍ ടിക്കറ്റുകള്‍ ലഭ്യമാകുകയും, ടിക്കറ്റ് കൈമാറ്റം ചെയ്യാനും തത്സമയ വിവരങ്ങള്‍ അറിയാനും സാധിക്കും. ആപ്പ് വഴി ആരാധകര്‍ക്ക് വാങ്ങിയ ടിക്കറ്റുകള്‍ കാണാനും ടൂര്‍ണമെന്റ് നടക്കുന്ന ആസ്പയര്‍ സോണ്‍ കോംപ്ലക്‌സിലേക്കും ഫൈനല്‍ മത്സരം നടക്കുന്ന ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്കും പ്രവേശനം ഉറപ്പാക്കാനും സാധിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇതുവഴി ടിക്കറ്റുകള്‍ കൈമാറുകയും ചെയ്യാം.
ഫിഫ അറബ് കപ്പ് 2025, ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് 2025 എന്നിവയുള്‍പ്പെടെ ഖത്തറില്‍ നടക്കാനിരിക്കുന്ന പ്രധാന കായിക മേളകള്‍ക്കുള്ള ഏകീകൃത ടിക്കറ്റിങ് പ്ലാറ്റ്ഫോമായിരിക്കും 'റോഡ് ടു ഖത്തര്‍'. ഇതിലൂടെ ഒരൊറ്റ ആപ്പ് മുഖേന ആരാധകര്‍ക്ക് എല്ലാ ടൂര്‍ണമെന്റുകളിലേക്കും പ്രവേശനം സാധ്യമാകും.
ആപ്പ് ഇപ്പോള്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഡൗണ്‍ലോഡിനായി ലഭ്യമാണ്. കൂടാതെ, എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.roadtoqatar.qa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിസംബറില്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പനയും ആരംഭിച്ചിട്ടുണ്ട്.

