Zlatan Ibrahimovic just KICKED Speed off after he said Portugal will win the World Cup. ഇത്തവണത്തെ ലോകകപ്പിൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന പ്രമുഖ ടീമുകളിലൊന്നാണ് പോർച്ചുഗൽ. വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ തുടങ്ങിയവർ അണിനിരക്കുന്ന ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയാണ് ടീമിന്റെ കരുത്ത്.
എല്ലാകാലത്തും കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ടീമുകൾ ടൂർണമെന്റിൽ നിരവധിയുണ്ടാവാറുണ്ട്. സാധ്യതകൾക്കപ്പുറം പലപ്പോഴും ടൂർണമെന്റിൽ അപ്രതീക്ഷിത ജേതാക്കളും ഉണ്ടായ ചരിത്രം ഫുടബോളിനുണ്ട്. കിരീട സാധ്യത ഏറ്റവും കൂടുതൽ കല്പിക്കപ്പെടുന്ന സ്‌പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, അർജന്റീന ടീമുകൾക്കൊപ്പം ഇത്തവണ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേരുകളിൽ ഒന്നാണ് പോർച്ചുഗലിന്റേത്.
ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന തർക്കത്തിന് കഴിഞ്ഞ തവണ ലോകകപ്പ് ഉയർത്തികൊണ്ട് മെസ്സി വിരാമമിട്ടെങ്കിലും ലോകത്തെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും പോർച്ചുഗൽ ആരാധകരും ഈ ലോകകപ്പിനെ പ്രതീക്ഷയുടെ ടൂർണമെന്റായാണ് നോക്കിക്കാണുന്നത്. അവരുടെ ഇഷ്ടതാരം ഇത്തവണ വിശ്വവേദിയിൽ കപ്പുയർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ലോകത്തെമ്പാടുമുള്ള സിആർ 7 ആരാധകർ.
പോർച്ചുഗൽ കപ്പുയർത്തുമെന്നുള്ള യൂട്യൂബറും ഓൺലൈൻ സ്ട്രീമറുമായ സ്പീഡിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്നത്തെ യുഎസ്എ- പരാഗ്വായ് മത്സരശേഷം തിയറി ഹെൻറിയും സ്ലാട്ടൻ ഇബ്രാഹിമോവിച്ചും തമ്മിൽ നടക്കുന്ന ചർച്ചയിലേക്ക് കടുത്ത റൊണാൾഡോ ആരാധകനായ സ്പീഡ് വരുന്നതും അതിനിടെ ഇബ്രാഹിമോവിച് ചോദ്യം ചോദിക്കുന്നതുമാണ് വീഡിയോയിൽ. ഇത്തവണ ആര് വേൾഡ് കപ്പ് നേടുമെന്ന ചോദ്യത്തിന് പോർച്ചുഗൽ നേടുമെന്നാണ് സ്പീഡ് ഉത്തരം പറയുന്നത്. ഉത്തരം കേട്ടയുടനെ സ്പീഡിനെ ഫ്ലോറിൽ നിന്നും ഇബ്രാഹിമോവിച്ച് ഓടിച്ചുവിടുന്നുണ്ട്. സ്പീഡിന്റെ ഉത്തരം കേട്ട് തിയറി ഹെൻറിയും പുച്‌ഛിക്കുന്നുണ്ട്. മികച്ച കളിക്കാരൻ ആരെന്നുള്ള ചോദ്യത്തിന് മെസ്സി എന്ന ഉത്തരം പലപ്പോഴും സ്ലാട്ടൻ പൊതുവേദിയിൽ തുറന്നുപറഞ്ഞിട്ടുണ്ട്. തിയറി ഹെൻറിയും പലപ്പോഴും മെസ്സിയെ ഗോട്ട് എന്ന് വിശേഷിപ്പിച്ചിട്ടുള്ളതാണ്.
മികച്ച സ്ക്വാഡുമായി പോർച്ചുഗൽ
എന്നാൽ സ്പീഡിന്റെ പ്രവചനം അങ്ങനെ നിസാരവത്കരിക്കേണ്ട കാര്യമില്ലെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. കമന്റിലും നിരവധി പേർ പോർച്ചുഗൽ കപ്പെടുക്കുമെന്ന് നിരീക്ഷിക്കുന്നുണ്ട്. കേവലം പ്രതീക്ഷ എന്നതിനപ്പുറം മികച്ച സ്‌ക്വഡ് ആണ് ഇത്തവണ പോർച്ചുഗൽ ലോകകപ്പിനിരക്കുന്നത് എന്നത് തന്നെയാണ് അതിലെ ഏറ്റവും പ്രധാനപെട്ട കാര്യം. പ്രായം തളർത്തിയെങ്കിലും അയാളിൽ ഒരങ്കത്തിനുള്ള ബാല്യം ബാക്കിയുണ്ടെന്ന് തന്നെയാണ് ഫുട്‌ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. അത്തരമൊരു പ്രതീക്ഷവച്ച് പുലർത്താനുള്ള പ്രധാന കാരണം പോർച്ചുഗലിന്റെ മധ്യനിരയാണ്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമുമായാണ് പോർച്ചുഗൽ കളിക്കാനിറങ്ങുന്നത്. വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ജാവോ നെവെസ്, ബെർണാർഡോ സിൽവ അടങ്ങിയ മധ്യനിര ഏറ്റവും കരുത്തുറ്റതാണ്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് വിജയികളാക്കിയാണ് വിറ്റിഞ്ഞയും ജാവോ നെവെസും എത്തുന്നത്.

മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന വിറ്റിഞ്ഞ തന്നെയായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച്. പിഎസ്ജി താരം ജാവോ നെവെസും ഗംഭീര സീസണിന് ശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, പ്ലയെർ ഓഫ് ദി സീസൺ പുരസ്കാരം-- ബ്രൂണോ ഫെർണാണ്ടസ് ഇത്തവണ മിന്നും ഫോമിലാണ്. കൂടെ ബെർണാർഡോ സിൽവയുമുണ്ട്. തോറ്റുനിൽക്കുന്ന കളികളിൽ പോലും അയാൾക്കുള്ള ടീം സ്പിരിറ്റും വിന്നിങ് മെന്റാലിറ്റിയും ടീമിന് തീർച്ചയായും ഗുണം ചെയ്യും.
കൂടാതെ ഫുൾ ബാക്ക് നുനോ മെൻഡസിന്റെ സാനിധ്യവും ടീമിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. റൊണാൾഡോയ്ക്ക് കൃത്യമായ പാസുകളിലൂടെ പന്തെത്തിക്കാനായാൽ പോർച്ചുഗൽ വലിയ മുന്നേറ്റം തന്നെ ഇത്തവണ സൃഷ്ടിക്കുമെന്നുറപ്പ്. അവസരങ്ങൾ തുലക്കാതെ രാജ്യത്തിന് വേണ്ടി റൊണാൾഡോ ഫോമിലേക്ക് ഉയരും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.



