ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ 2026-ൽ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഐഫോൺ ഫോൾഡ് അല്ലെങ്കിൽ ഐഫോൺ അൾട്ര എന്ന് പേരിടാൻ സാധ്യതയുള്ള ഈ ഉപകരണത്തിന് ബുക്ക് സ്റ്റൈൽ ഡിസൈനും, A20 പ്രോ ചിപ്പും, 48MP ഡ്യുവൽ ക്യാമറയും പ്രതീക്ഷിക്കുന്നു. ഏകദേശം 2,25,000 രൂപ വില പ്രതീക്ഷിക്കുന്ന ഈ ഫോൺ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ലോഞ്ച് ചെയ്തേക്കാം.

കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികളുടെവർഷങ്ങളുടെ കാത്തിരിപ്പിന് ഈ വർഷം അവസാനത്തോടെ വിരമാമമാകുകയാണ്. ആപ്പിൾ ഈ വർഷം തന്നെ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ ഫോൾഡ് എന്ന് വിളിക്കപ്പെടുന്ന ഈ ഉപകരണം, 2007-ൽ പുറത്തിറങ്ങിയ ആദ്യ ഐഫോണിനു ശേഷമുള്ള ഏറ്റവും വലിയ അപ്‌ഗ്രേഡായി വിലയിരുത്തപ്പെടുന്നു.

ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണ്‍ 

കമ്പനി ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഈ ഫോൺ ഐഫോൺ അൾട്ര എന്ന പേരിൽ എത്താൻ സാധ്യതയുണ്ട്. അതേസമയം, കമ്പനിയുടെ ഹാർഡ്‌വെയർ മേധാവിയായ ജോൺ ടേർനസ് നിലവിലെ സിഇഒ ആയ ടിം കുക്കിന് പകരം 2026 സെപ്റ്റംബർ ഒന്ന് മുതൽ ചുമതലയേൽക്കാനിരിക്കുകയാണ്. അതിനാൽ തന്നെ ഐോഫൺ ഫോൾഡ് ലോഞ്ച് ആപ്പിളിന്‍റെ പുതിയ നേതൃത്വത്തിലേക്കുള്ള തുടക്കമാകാമെന്നാണു വിലയിരുത്തൽ.

ഡിസൈൻ ഭാഗത്ത്, ബുക്ക് സ്റ്റൈൽ ഫോൾഡബിൾ രൂപകൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഗ്യാലക്സി Z ഫോൾഡ് 7 പോലുള്ള മറ്റു ഫോൾഡബിൾ ഫോണുകളേക്കാൾ അൽപ്പം വീതിയേറിയതും കുറഞ്ഞ ഉയരവുമുള്ള രൂപമായിരിക്കും ഇതിന്. ലിക്വിഡ് മെറ്റൽ ഹിഞ്ച് ഉപയോഗിക്കുന്നതിനാൽ ഫോൺ കൂടുതൽ ദൈർഘ്യമേറിയതായിരിക്കും.

ഐഫോണ്‍ ഫോള്‍ഡ്: ക്യാമറ, ബാറ്ററി, ഡിസ്‌പ്ലെ

ഡിസ്‌പ്ലേയിൽ 7.8-ഇഞ്ച് ഉള്ളിലെ സ്ക്രീനും 5.5-ഇഞ്ച് പുറം സ്ക്രീനും ഉണ്ടായിരിക്കാം. ഫേസ് ഐഡി ഇല്ലാതെ സൌഡ് മൌണ്ടഡ് ടച്ച് ഐഡി ഉപയോഗിക്കാനാണ് സാധ്യത. ക്യാമറയിൽ 48MP പ്രൈമറി, 48MP അൾട്രവൈഡ് സെൻസറുകൾ ഉൾപ്പെടുന്ന ഡ്യുവൽ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഐഫോണിൽ പുതിയ A20 പ്രോ ചിപ്പും 12 ജിബി റാമും 1ടിബി സ്റ്റോറേജും ലഭ്യമാകുമെന്നാണ് സൂചന. 5,400 എംഎഎച്ച് മുതൽ 5,800 എംഎഎച്ച് വരെ ശേഷിയുള്ള വലിയ ബാറ്ററിയും ഉണ്ടാകാം. ഇ-സിം മാത്രം പിന്തുണയ്ക്കുന്ന സംവിധാനവും പരിഗണനയിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

വിലയുടെ കാര്യത്തിൽ, പുതിയ ഫോൾഡബിൾ ഐഫോണിന് ഏകദേശം 2,400 ഡോളർ (2,25,000 രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ലോഞ്ച് പ്രതീക്ഷിക്കുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News