ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോൺ ടെക് ലോകത്ത് വലിയ ചലനങ്ങൾ സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു. ബുക്ക്-സ്റ്റൈൽ ഡിസൈനിൽ എത്തുന്ന ഈ ഉപകരണം, വലിയ സ്ക്രീനുള്ള കാരണം ഐപാഡിന്‍റെ ആവശ്യം തന്നെ ഇല്ലാതാക്കിയേക്കാം. 'ഐഫോൺ അൾട്ര' എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഫോണിന് സ്വയം കേടുപാടുകൾ തീർക്കുന്ന ഗ്ലാസ് പോലുള്ള നൂതന സവിശേഷതകളും പ്രതീക്ഷിക്കുന്നു.

കാലിഫോര്‍ണിയ: ആഗോള ടെക് രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ള പുതിയ നീക്കവുമായി ആപ്പിൾ. പ്രശസ്‍ത ടെക് ജേർണലിസ്റ്റ് മാർക്ക് ഗുർമാൻ തന്‍റെ പവർ ഓൺ ന്യൂസ്‌ലെറ്ററിൽ വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം, ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോൺ കമ്പനി ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ഡിസൈൻ മാറ്റമായി മാറാൻ സാധ്യതയുണ്ട്. ഇതുവരെ കണ്ട ചെറിയ അപ്ഡേറ്റുകൾക്കപ്പുറം ഉപകരണത്തിന്‍റെ അടിസ്ഥാന രൂപകൽപ്പന തന്നെ മാറ്റുന്ന രീതിയിലുള്ള നവീകരണമാണ് ഐഫോണ്‍ ഫോള്‍ഡില്‍ പ്രതീക്ഷിക്കുന്നത്.

ഫോള്‍ഡബിള്‍ ഐഫോണ്‍: പ്രത്യേകതകള്‍ എന്തൊക്കെയായിരിക്കും?

പുതിയ ഐഫോണ്‍ ഫോള്‍ഡ് ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഡിസൈനിലായിരിക്കും എത്തുക. ഇതിലൂടെ ഫോൺ തുറക്കുമ്പോൾ വലിയ സ്ക്രീൻ അനുഭവവും അടയ്ക്കുമ്പോൾ സാധാരണ സ്‍മാർട്ട്ഫോൺ വലിപ്പവും ലഭിക്കും. മറ്റ് കമ്പനികൾ ഇതിനകം അവതരിപ്പിച്ച മോഡലുകളോട് സാമ്യമുണ്ടെങ്കിലും ആപ്പിളിന്‍റെ സവിശേഷ സോഫ്റ്റ്‌വെയർ ഇന്‍റഗ്രേഷൻ ഈ ഡിവൈസിനെ വ്യത്യസ്‍തമാക്കും എന്നാണ് വിലയിരുത്തൽ.

ഈ ഫോൺ ചില സാഹചര്യങ്ങളിൽ ഐപാഡിന്‍റെ ആവശ്യകത തന്നെ ഇല്ലാതാക്കാൻ ഇടയാക്കുമെന്ന് മാർക്ക് ഗുർമാൻ അഭിപ്രായപ്പെട്ടു. വലിയ സ്ക്രീൻ കാരണം വീഡിയോ കാണൽ, ഗെയിമിംഗ്, പ്രൊഡക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ കൂടുതൽ ആഴമുള്ള അനുഭവം നൽകാൻ ഇതിന് കഴിയും. കൂടാതെ, ഐപാഡിനെപ്പോലെ സ്പ്ലിറ്റ്-സ്ക്രീൻ ആപ്പുകളും സൈഡ്‌ബാർ സംവിധാനവും ഉൾപ്പെടുന്ന ഒരു ഇന്‍റർഫേസ് ഐഫോണ്‍ ഫോള്‍ഡബിളില്‍ പ്രതീക്ഷിക്കപ്പെടുന്നു.

ഐഫോണ്‍ ഫോള്‍ഡ്: പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍

ഐഫോണ്‍ ഫോള്‍ഡബിളിന്‍റെ സാങ്കേതിക സവിശേഷതകളിൽ 2nm A20 പ്രോ ചിപ്പ്, ആപ്പിളിന്‍റെ സ്വന്തം C2 മോഡം എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഡ്യൂവൽ റിയർ ക്യാമറകളും ഫ്രണ്ട് ക്യാമറകളും കൂടാതെ പവർ ബട്ടണിൽ ടച്ച് ഐഡി സംവിധാനവും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 7.8 ഇഞ്ച് പ്രധാന ഫോൾഡബിൾ ഡിസ്പ്ലെയും 5.5 ഇഞ്ച് കവർ സ്ക്രീനും ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്. ഫോണിന്‍റെ ദൈർഘ്യമേറിയ ഉപയോഗത്തിനായി ഡ്യുവൽ-ലെയർ ഗ്ലാസ് ഡിസൈൻ, സ്വയം പരിഹരിക്കുന്ന സെൽഫ് ഹീലിംഗ് ഗ്ലാസ്, മെച്ചപ്പെടുത്തിയ ഹിഞ്ച് സംവിധാനം എന്നിവ ഉൾപ്പെടുത്താനാണ് ആപ്പിളിന്‍റെ പദ്ധതി. ഇതിലൂടെ സ്ക്രീനിലെ ക്രീസുകൾ കുറയുകയും ഫോൾഡിംഗ് കൂടുതൽ സ്‍മൂത്താകുകയും ചെയ്യും.

ഫോള്‍ഡബിള്‍ ഐഫോണ്‍ വില സാധ്യത

ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോണിന് യുഎസിൽ ഏകദേശം 1,999 ഡോളർ മുതൽ വില ആരംഭിക്കാമെന്നാണ് സൂചന. ഐഫോൺ അൾട്ര എന്ന പേരിൽ ഇത് പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഉപകരണം പുറത്തിറങ്ങിയാൽ, സ്‍മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകും എന്നാണ് വിലയിരുത്തൽ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming