2027-ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18, ഐഫോൺ 18ഇ, ഐഫോൺ എയർ 2 എന്നീ മോഡലുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. മികച്ച ഡിസ്പ്ലേ, എ20 ചിപ്പ്, ഐഒഎസ് 27 എന്നിവ ഉൾപ്പെടുന്ന ഈ ഫോണുകൾക്ക് ഇന്ത്യയിൽ താങ്ങാനാകുന്ന വിലയായിരിക്കുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഈ ചോർന്ന വിവരങ്ങൾ ഉപഭോക്താക്കളിൽ വലിയ പ്രതീക്ഷ നൽകുന്നു.

പുതിയ തലമുറ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 18 പ്രോ ശ്രേണിയും ഫോൾഡബിൾ ഐഫോൺ ഡ്യുവോയും ബജറ്റിന് പുറത്താണെന്ന് കരുതുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ റിപ്പോർട്ടുകൾ. സാധാരണ ഐഫോൺ 18, രണ്ടാം തലമുറ ഐഫോൺ എയർ 2, വില കുറഞ്ഞ ഐഫോൺ 18ഇ എന്നിവ 2027ന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്നാണ് സൂചന.

റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മൂന്ന് പുതിയ ഐഫോണുകൾ അവതരിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. മുൻനിര മോഡലുകൾക്ക് ആദ്യം പ്രാധാന്യം നൽകിയശേഷം കൂടുതൽ താങ്ങാനാകുന്ന വിലയിലുള്ള മോഡലുകൾ അവതരിപ്പിക്കുന്ന രീതിയിലേക്ക് കമ്പനി മാറിയതായാണ് വിവരം. എന്നാൽ പുതിയ ഫോണുകളുടെ ലോഞ്ച് തീയതി, വില, സവിശേഷതകൾ എന്നിവ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ പുറത്തുവരുന്ന വിവരങ്ങളെല്ലാം അഭ്യൂഹങ്ങളുടെയും ചോർന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണ്.

ഐഫോൺ 18: ഡിസ്പ്ലേയിലും ചിപ്പിലും വൻ മാറ്റങ്ങളുണ്ടാകുമോ?

ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ ഒരു ടിപ്സ്റ്ററുടെ അവകാശവാദമനുസരിച്ച്, ഐഫോൺ 18ന്റെ നിർമാണം 2026 നവംബർ അവസാനത്തോടെ ആരംഭിച്ചേക്കും. 2027ലെ വസന്തകാലത്തെ വിപണി പ്രവേശനം മുന്നിൽക്കണ്ട് കൂടുതൽ സ്റ്റോക്ക് ഒരുക്കാനും ആപ്പിൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഐഫോൺ 17ന് സമാനമായി 6.3 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയും 120 ഹെർട്‍സ് റിഫ്രഷ് റേറ്റും പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നു. കൂടുതൽ തെളിച്ചമുള്ള സ്ക്രീനും വലിപ്പം കുറഞ്ഞ ഡൈനാമിക് ഐലൻഡും ലഭിച്ചേക്കും. പിന്നിലെ ക്യാമറ രൂപകൽപ്പനയിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. മാജിൻ ബു എന്ന ടിപ്സ്റ്റർ പങ്കുവെച്ച ഡമ്മി യൂണിറ്റിൽ രണ്ട് ക്യാമറകൾ ലംബമായി ക്രമീകരിച്ചിരിക്കുന്നതും അവ തിരശ്ചീനമായ ക്യാമറ ബാറിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും കാണാം. സിൽവർ, പിങ്ക്, കടുംനീല, ബർഗണ്ടി നിറങ്ങളിൽ ഫോൺ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എ20 ചിപ്പും ഐഒഎസ് 27ഉം

2 നാനോമീറ്റർ നിർമാണ സാങ്കേതികവിദ്യയിൽ നിർമിച്ച എ20 ചിപ്പ് ഐഫോൺ 18ൽ ഉൾപ്പെടുത്തിയേക്കും. റാം, സിപിയു, ജിപിയു, ന്യൂറൽ എൻജിൻ എന്നിവ ഒരേ ചിപ്പ് ഘടനയിൽ സംയോജിപ്പിക്കുന്നത് പ്രകടനവും ഊർജക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ സി2 മോഡവും ഐഒഎസ് 27 ഓപ്പറേറ്റിങ് സിസ്റ്റവും ലഭിച്ചേക്കും.

റാമിന്റെ കാര്യത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളാണുള്ളത്. ഐഫോൺ 18, ഐഫോൺ 18ഇ മോഡലുകളിൽ 9 ജിബി റാം ഉണ്ടായേക്കുമെന്ന് അനലിസ്റ്റ് മിങ്-ചി കുവോ സൂചിപ്പിച്ചപ്പോൾ സാധാരണ ഐഫോൺ 18ൽ 12 ജിബി റാം ലഭിക്കുമെന്നാണ് ജെഫ് പുവിന്റെ വിലയിരുത്തൽ. അന്തിമ റാം ശേഷി സംബന്ധിച്ച് വ്യക്തതയില്ല. ക്യാമറയുടെ കാര്യത്തിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ഇരട്ട പിൻക്യാമറ സംവിധാനം തുടർന്നേക്കും. മുൻക്യാമറ 18 മെഗാപിക്സൽ ആയിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുമ്പോൾ 24 മെഗാപിക്സൽ സെൻസറാണ് മറ്റുചിലർ പ്രവചിക്കുന്നത്. ക്യാമറ കൺട്രോൾ ബട്ടണിന്റെ ചില സവിശേഷതകൾ ഒഴിവാക്കി രൂപകൽപ്പന ലളിതമാക്കാനും സാധ്യതയുണ്ട്.

ഐഫോൺ 18ഇയും ഐഫോൺ എയർ 2ഉം

കൂടുതൽ താങ്ങാനാകുന്ന വിലയിലുള്ള മോഡലായി ഐഫോൺ 18ഇയും അവതരിപ്പിച്ചേക്കും. 6.1 ഇഞ്ച് ഡിസ്പ്ലേയും നിലവിലെ രൂപകൽപ്പനയും നിലനിർത്തുന്നതിനൊപ്പം സാധാരണ ഐഫോൺ 18നോട് സാമ്യമുള്ള ഹാർഡ്‌വെയർ ലഭിച്ചേക്കും. വില നിയന്ത്രിക്കുന്നതിനായി ചില സവിശേഷതകളിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, ഐഫോൺ എയർ 2ൽ 6.5 ഇഞ്ച് ഡിസ്പ്ലേയും ടൈറ്റാനിയം രൂപകൽപ്പനയും തുടരുമെന്നാണ് റിപ്പോർട്ടുകൾ. എ20 പ്രോ ചിപ്പ്, 12 ജിബി റാം, മെച്ചപ്പെട്ട ബാറ്ററി ശേഷി, രണ്ടാമത്തെ 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ വില എത്രയായിരിക്കും?

ഐഫോൺ 18ന് ഇന്ത്യയിൽ ഏകദേശം 99,900 രൂപ മുതലായിരിക്കും വിലയെന്നാണ് സൂചന. ഐഫോൺ 18ഇയുടെ വില ഏകദേശം 79,900 രൂപയിൽ ആരംഭിച്ചേക്കും. ഐഫോൺ 17, ഐഫോൺ 17ഇ മോഡലുകളുടെ പുതുക്കിയ വിലയുമായി ഇത് പൊരുത്തപ്പെടുന്നതാണ്. ഐഫോൺ എയർ 2ന് ഏകദേശം 1,49,000 രൂപ മുതലായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. സാധാരണ മോഡലിനും പ്രോ മോഡലുകൾക്കുമിടയിലുള്ള വിഭാഗത്തിലായിരിക്കും ഇതിന്റെ സ്ഥാനം. ഈ വർഷം ഐഫോൺ 17, ഐഫോൺ 17ഇ, ഐഫോൺ എയർ എന്നിവയുടെ വില ആപ്പിൾ വർധിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ പുതിയ തലമുറ മോഡലുകൾക്കും ഉയർന്ന വിലയുണ്ടാകുമോയെന്നതാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. എന്നാൽ വിലയും സവിശേഷതകളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടതുണ്ട്.