Asianet News MalayalamAsianet News Malayalam

ഐഫോണ്‍ ഡിസ്‌പ്ലെയില്‍ ചരിത്ര മാറ്റത്തിന് ആപ്പിള്‍; ഒഎല്‍ഇഡി സ്ക്രീനുകള്‍ വരുന്നു

എല്‍സിഡി സ്ക്രീനുകളില്‍ നിന്ന് ആപ്പിളിന്‍റെ പിന്‍മാറ്റം അടുത്ത വര്‍ഷം പൂര്‍ണമാകും

Apple iPhone to completely switch to OLED display soon
Author
First Published Sep 4, 2024, 3:16 PM IST | Last Updated Sep 4, 2024, 3:19 PM IST


കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി 2025 മുതല്‍ എല്ലാ ഐഫോണ്‍ മോഡലുകളിലും ഒഎല്‍ഇഡി ഡിസ്‌പ്ലെ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ എല്‍സിഡി സ്ക്രീനുകളില്‍ നിന്ന് ആപ്പിളിന്‍റെ പിന്‍മാറ്റം പൂര്‍ണമാകും. 

എല്‍സിഡി ഡിസ്‌പ്ലെയോട് (ലിക്വി‍ഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലെ) പൂര്‍ണമായും ബൈ പറയാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍ കമ്പനി. ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ (ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡ്) എതിരാളികള്‍ വ്യാപകമായി ഉപയോഗിച്ച് വരുമ്പോഴാണ് വൈകിയെങ്കിലും ആപ്പിള്‍ ഐഫോണുകളില്‍ ഈ മാറ്റത്തിന് തയ്യാറെടുക്കുന്നത്. വരാനുള്ള ഐഫോണ്‍ എസ്‌ഇ മോഡലില്‍ ഉപയോഗിക്കാന്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ക്ക് ആപ്പിള്‍ കമ്പനി ഓര്‍ഡര്‍ ചെയ്തുതുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ബിഒഇ ടെക്‌നോളജി, സൗത്ത് കൊറിയന്‍ ഭീമന്‍മാരായ എല്‍ജി ഡിസ്‌പ്ലെ എന്നിവയെയാണ് ഇക്കാര്യത്തില്‍ ഐഫോണ്‍ നിര്‍മാതാക്കള്‍ സമീപിച്ചിരിക്കുന്നത്. 

ഒരു പതിറ്റാണ്ടായി ഷാര്‍പ്, ജപ്പാന്‍ ഡിസ്‌പ്ലെ എന്നീ കമ്പനികളാണ് ആപ്പിളിനായി സ്‌മാര്‍ട്ട്ഫോണ്‍ സ്ക്രീനുകള്‍ പ്രധാനമായും നിര്‍മിച്ചിരുന്നത്. അടുത്തിടെ ഐഫോണ്‍ എസ്ഇയ്ക്ക് വേണ്ടി മാത്രമാണ് ഈ കമ്പനികള്‍ എല്‍സിഡി ഡിസ്പ്ലെകള്‍ ആപ്പിളിന് വിതരണം ചെയ്തത്. അതേസമയം ഒഎല്‍ഇഡി സ്ക്രീനുകള്‍ അധികം നിര്‍മിച്ചിരുന്നുമില്ല. 

2024ലെ സ്‌മാര്‍ട്ട്‌ഫോണ്‍ സിരീസ് ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബര്‍ 9ന് പ്രകാശനം ചെയ്യും. ഈ നാല് സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളിലെ ഡിസ്‌പ്ലെകള്‍ സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവരും. 

Read more: കുറഞ്ഞ വില, ആകര്‍ഷകമായ ക്യാമറ, വമ്പന്‍ ബാറ്ററി; സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയിലെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios