ഫോള്‍ഡബിള്‍ ഫോണുകളില്‍ സാധാരണയായി കാണുന്ന മടക്ക് അടയാളം ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡില്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കാലിഫോര്‍ണിയ: നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ വിപണിയിലേക്ക് ആപ്പിള്‍ രംഗപ്രവേശം ചെയ്യാനൊരുങ്ങുകയാണ്. ഫോള്‍ഡബിള്‍ വിപണിയില്‍ സാംസങ്ങിനുള്ള മേധാവിത്വം തകര്‍ക്കുക കൂടി ആപ്പിളിന്‍റെ ലക്ഷ്യമാണ്. ഫോള്‍ഡബിള്‍ ഫോണുകളുടെ ഡിസ്‌പ്ലെയില്‍ പതിവായി കാണാറുള്ള ഒരു പ്രശ്നമായ 'മടക്ക് അടയാളം' ആപ്പിള്‍ ഫോള്‍ഡബിളില്‍ ഒരുപരിധിവരെ പരിഹരിക്കപ്പെട്ടേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകളില്‍ സാധാരണയായി മടക്കുന്ന ഭാഗത്തായി ഡിസ്‌പ്ലെയില്‍ അടയാളം തെറിഞ്ഞ് കാണാറുണ്ട്. ഇത് കാഴ്‌ചയ്ക്ക് ആരോചകമാകാറുണ്ട്. ഈ പ്രശ്‌നം വരാനിരിക്കുന്ന ഫോള്‍ഡബിളില്‍ ആപ്പിള്‍ പരിഹരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക ഫോള്‍ഡബിള്‍ പാനലുകള്‍ സഹിതമുള്ള ഡിസ്‌പ്ലെയാണ് ആപ്പിള്‍ ഫോള്‍ഡബിളിനായി സാംസങ്ങിന്‍റെ ഡിസ്‌പ്ലെ വിഭാഗം എത്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഫോള്‍ഡബിളുകളില്‍ പ്രത്യക്ഷമായിതന്നെ കാണാറുള്ള ഫോള്‍ഡ് ലൈന്‍ ഒഴിവാക്കാന്‍ കഴിയുന്നതെന്ന് അവകാശപ്പെടുന്ന സാങ്കേതികവിദ്യയാണിത്. ഇത് എങ്ങനെയാണ് സാധ്യമാകുന്നത് എന്ന വിവരവും പുറത്തുവന്നു.

ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഡിസ്‌പ്ലെയ്ക്കുള്ളില്‍ ഒരു മെറ്റല്‍ പ്ലേറ്റ് ഉള്‍പ്പെടുത്തും. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഫൈന്‍ എം-ടെക്‌ ആണ് ഈ ലോഹ പ്ലേറ്റ് സാംസങിന് നിര്‍മ്മിച്ചുനല്‍കുക. സാംസങ് കമ്പനിയുടെ ഫോള്‍ഡബിളുകള്‍ക്ക് സഹായം നല്‍കുന്ന കമ്പനി കൂടിയാണ് ഫൈന്‍ എം-ടെക് ഫോണ്‍ സ്ക്രീനുകള്‍ മടക്കുമ്പോഴുണ്ടാകുന്ന ആയാസം ഇത് പരിഹരിക്കാന്‍ സഹായകമാകും എന്നാണ് ഇന്‍ഡസ്‌ട്രി അനലിസ്റ്റായ മിംഗ്-ചി കുവോ പറയുന്നത്. ഇതുവഴി ഡിസ്‌പ്ലെയിലെ മടക്ക് പരിഹരിക്കാനാകുമെന്ന് കരുതുന്നു. ഫൈന്‍ എം-ടെക്കിന്‍റെ സാങ്കേതികവിദ്യയുണ്ടായിട്ടും സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഗാലക്സി സ്സെഡ് ഫോള്‍ഡ് 7ല്‍ പോലും നേരിയ മടക്ക് ഡിസ്‌പ്ലെയില്‍ പ്രകടമാണ്.

ഫോള്‍ഡബിള്‍ ഐഫോണ്‍ എപ്പോള്‍ ഇറങ്ങും?

ഈ വർഷം അവസാനത്തോടെ ആപ്പിള്‍ കമ്പനി ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഉത്പാദനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഐഫോണ്‍ 18 സീരീസിനൊപ്പം 2026-ലാകും മടക്കാവുന്ന രീതിയിലുള്ള കന്നി ഐഫോണ്‍ പുറത്തിറങ്ങുക. ഇതിനായി 70 ലക്ഷം മുതൽ 80 ലക്ഷം ഫ്ലെക്‌സിബിൾ പാനലുകൾ നിർമ്മിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി മിങ് മുമ്പ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അടുത്ത വർഷം രണ്ടാംപകുതിയിൽ ധാരാളം ഫോൾഡബിൾ ഐഫോണുകൾ നിർമ്മിക്കാനാണ് കമ്പനിയുടെ നീക്കം. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ വില ഉയർന്നതായിരിക്കാനാണ് സാധ്യത. നിലവില്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണിയിലെ രാജാക്കന്‍മാര്‍ സാംസങ്ങാണ്. 

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission