ഐഫോണ്‍ എയറിന് സംഭവിച്ച ക്ഷീണം തീര്‍ക്കാന്‍ ആപ്പിള്‍. ഐഫോണ്‍ എയര്‍ 2 വിപണിയിലെത്തുക ഇരട്ട, റിയര്‍ ക്യാമറ, വേപ്പര്‍ ചേംബര്‍ കൂളര്‍ തുടങ്ങിയ പ്രോ ലെവല്‍ ഫീച്ചറുകളുമായി എന്ന് റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അവരുടെ അള്‍ട്രാ-സ്ലിം സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എയറിന്‍റെ രണ്ടാം തലമുറ (iPhone Air 2) ഈ വര്‍ഷം (2026) പുറത്തിറങ്ങിയേക്കും എന്ന് പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ എയര്‍ 2 വൈകുമെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഐഫോണ്‍ എയര്‍ രണ്ടാം തലമുറ 2026-ന്‍റെ രണ്ടാംപാതിയില്‍ ലോഞ്ച് ചെയ്യും എന്നാണ്. ഐഫോണ്‍ 18 പ്രോ ലൈനപ്പിനും ആപ്പിളിന്‍റെ കന്നി ഫോള്‍ഡബിള്‍ ഐഫോണിനും ഒപ്പമായിരിക്കും ഐഫോണ്‍ എയര്‍ 2 വിപണിയിലെത്തുക എന്നാണ് പുതിയ വിവരം.
ഐഫോണ്‍ എയര്‍ 2-വില്‍ വേപ്പര്‍ ചേംബര്‍ കൂളര്‍
2025-ല്‍ വിപണിയിലെത്തിയ ഐഫോണ്‍ എയര്‍ ഒന്നാം തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനില്‍ അമ്പരപ്പിച്ചെങ്കിലും വിപണിയില്‍ തിരിച്ചടി നേരിട്ടിരുന്നു. പ്രതീക്ഷിച്ചത്ര വില്‍പന ഐഫോണ്‍ എയറിന് ലഭിച്ചില്ല. അതിനാല്‍തന്നെ, വമ്പന്‍ അപ്‌ഗ്രേഡുകളോടെയാവും ഐഫോണ്‍ എയര്‍ 2 അവതരിപ്പിക്കുക എന്നാണ് 9To5Mac റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വേപ്പര്‍ ചേംബര്‍ കൂളിംഗ് സംവിധാനവും രണ്ടാമതൊരു റിയര്‍-ഫേസിംഗ് ക്യാമറയും ഈ അപ്‌ഗ്രേഡുകളില്‍ ഉള്‍പ്പെടുന്നു. ആപ്പിള്‍ ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൂളിംഗ് സംവിധാനമാണ് വേപ്പര്‍ ചേംബര്‍ കൂളര്‍. ഉയര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ഉപകരണത്തെ തണുപ്പില്‍ നിലനിര്‍ത്തുന്ന സംവിധാനമാണ് വേപ്പര്‍ ചേംബര്‍ കൂളര്‍.
രണ്ടാമതൊരു റിയര്‍ ക്യാമറ
ആദ്യ ഐഫോണ്‍ എയറിന്‍റെ ഏറ്റവും വലിയ ന്യൂനതയായി പലരും കണക്കാക്കിയത് 48-മെഗാപിക്‌സലിന്‍റെ സിംഗിള്‍ റിയര്‍ ക്യാമറയായിരുന്നു. ഈ പോരായ്‌മ പരിഹരിക്കാന്‍ രണ്ടാമതൊരു റിയര്‍ ക്യാമറ കൂടി ഐഫോണ്‍ എയര്‍ 2-ലുണ്ടാകും എന്നാണ് സൂചന. ഈ സെന്‍സറിന്‍റെ നിലവാരം എന്തായിരിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രീമിയം മോഡലുകളിലെ പോലെ അള്‍ട്രാ-വൈഡോ, ടെലിഫോട്ടോ ലെന്‍സോ ആയിരിക്കാം ഇത്. സാധാരണയായി, പ്രോ മോഡല്‍ ഐഫോണുകളില്‍ മാത്രമാണ് ടെലിഫോട്ടോ ക്യാമറകള്‍ ആപ്പിള്‍ ഉള്‍പ്പെടുത്താറ്. എന്നാല്‍ ഐഫോണ്‍ എയര്‍ എ18 പ്രോ ചിപ്പ് അടക്കം നിരവധി പ്രോ ലെവല്‍ ഫീച്ചറുകള്‍ നല്‍കുന്നുണ്ട് എന്നതിനാല്‍ ഐഫോണ്‍ എയര്‍ 2-വില്‍ രണ്ടാം റിയര്‍ ലെന്‍സായി ടെലിഫോട്ടോ സെന്‍സര്‍ ഉള്‍പ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഐഫോണ്‍ എയര്‍ 2-വിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രതീക്ഷിക്കാം.



