വേഗതയേറിയ പ്രോസസറുകൾ, മികച്ച സ്‌ക്രീനുകൾ, ബാറ്ററി ലൈഫ്, വിശ്വസനീയമായ ക്യാമറകൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന സ്‌മാര്‍ട്ട്‌ഫോണുകളാണിവ
നിങ്ങൾ 50,000 രൂപയ്ക്ക് താഴെ വിലയിൽ ഒരു പുതിയ സ്‌മാര്‍ട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ഇപ്പോൾ നല്ല സമയമാണ്. വലിയ വിലകൾ നൽകാതെ തന്നെ ഉയർന്ന നിലവാരവും മികച്ച ഫീച്ചറുകളും നൽകുന്ന ചില ഫോണുകൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. ഗെയിമിംഗ്, ഫോട്ടോഗ്രാഫി, അല്ലെങ്കിൽ സുഗമമായ ദൈനംദിന ഉപയോഗം തുടങ്ങി നിങ്ങളുടെ മുൻഗണനകൾ ഏതാണെങ്കിലും ഈ ഫോണുകൾ മികച്ച ഓപ്‍ഷൻ ആയിരിക്കും. ഈ ഫോണുകളിൽ ഭൂരിഭാഗവും വേഗതയേറിയ പ്രോസസറുകൾ, മികച്ച സ്‌ക്രീനുകൾ, ബാറ്ററി ലൈഫ്, വിശ്വസനീയമായ ക്യാമറകൾ തുടങ്ങിയവ വാഗ്‍ദാനം ചെയ്യുന്നു. ഇതാ ഈ ജൂലൈയിൽ ഇന്ത്യയിൽ 50,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന അത്തരം മികച്ച 5ജി സ്‍മാർട്ട്‌ഫോണുകളെ പരിചയപ്പെടാം.
ഓപ്പോ റെനോ 14 പ്രോ
ഓപ്പോയുടെ ജനപ്രിയ റെനോ സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഒപ്പോ റെനോ 14 പ്രോ. പ്രീമിയം ലുക്കും ഫീലും വിശ്വസനീയമായ പ്രകടനവും ശക്തമായ ബാറ്ററി ലൈഫും താങ്ങാവുന്ന വിലയിൽ ഉറപ്പാക്കുന്നു. സ്ലീക്ക് മെറ്റൽ-ഗ്ലാസ് ഫിനിഷ്, 80W ഫാസ്റ്റ് ചാർജിംഗുള്ള വലിയ 6,200mAh ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്പ് എന്നിവയാണ് ഫോണിന്‍റെ സവിശേഷതകൾ. ഓപ്പോയുടെ ഏറ്റവും പുതിയ കളർഒഎസ് 15 സോഫ്റ്റ്‌വെയർ ഈ ഫോണിന് ലഭിക്കുന്നു. ക്യാമറകളുടെ കാര്യത്തിൽ പ്രൈമറി, അൾട്രാ-വൈഡ്, ടെലിഫോട്ടോ, ഫ്രണ്ട് എന്നിവയ്ക്കായി നാല് 50 മെഗാപിക്സൽ സെൻസറുകൾ ലഭിക്കുന്നു. ഇത് മൊബൈൽ ഫോട്ടോഗ്രാഫിക്ക് ഈ ഫോണിനെ മികച്ചതാക്കുന്നു.
വൺപ്ലസ് 13ആർ
വേഗതയേറിയ ആൻഡ്രോയ്‌ഡ് ഫോണും ഫ്ലാഗ്ഷിപ്പ് അനുഭവവും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും വൺപ്ലസ് 13ആർ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. 42,999 രൂപയിൽ വില ആരംഭിക്കുന്ന ഈ ഫോൺ വൺപ്ലസിന്‍റെ സിഗ്നേച്ചർ സോഫ്റ്റ്‌വെയറിനൊപ്പം മികച്ചതും സുഗമവുമായ പ്രകടനം നൽകുന്നു. 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഫ്ലാറ്റ് 6.78 ഇഞ്ച് അമോലെഡ് പാനലാണ് ഡിസ്‌പ്ലേ. ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6,000mAh സിലിക്കൺ കാർബൺ ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും ഇതിൽ ഉൾപ്പെടുന്നു. നാല് വർഷത്തെ ആൻഡ്രോയ്‌ഡ് ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും വൺപ്ലസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എഐ നോട്ടുകൾ, എഐ അൺബ്ലർ, ഗ്ലോവ് മോഡ് തുടങ്ങിയ ഉപയോഗപ്രദമായ അധിക സവിശേഷതകൾ അനുഭവത്തെ മികച്ചതാക്കുന്നു.
സാംസങ് ഗാലക്സി എ56
ലളിതമായ രൂപകൽപ്പനയും സാംസങിന്‍റെ വിശ്വസനീയമായ സോഫ്റ്റ്‌വെയറും ഉൾപ്പെടെ സാംസങ് ഗാലക്സി എ56 നിരവധി കാര്യങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനും ഹൈ ബ്രൈറ്റ്‌നസ് മോഡിൽ 1,200 നിറ്റ്‌സ് പിന്തുണയും ഇതിനു ലഭിക്കുന്നു. ഗാലക്‌സി എ56 എക്‌സിനോസ് 1580 ചിപ്പാണ് നൽകിയിരിക്കുന്നത്. കൂടാതെ 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നാല് ആൻഡ്രോയ്‌ഡ് ഒഎസ് അപ്‌ഗ്രേഡുകളും ഈ ഫോണിൽ സാംസങ് വാഗ്‍ദാനം ചെയ്യുന്നു. ഉയർന്ന റാമും സ്റ്റോറേജ് വേരിയന്‍റുകളും ലഭിക്കുന്ന സാംസങ് ഗാലക്സി എ56 അടിസ്ഥാന മോഡലിന് 41,999 രൂപയാണ് പ്രാംരംഭ വില.
റിയൽമി ജിടി 7
നിങ്ങൾക്ക് മികച്ച പെർഫോമൻസും വേഗതയുമാണ് ഏറ്റവും പ്രധാനമെങ്കിൽ റിയൽമി ജിടി 7നും നിങ്ങളെ നിരാശപ്പെടുത്തില്ല. 39,999 രൂപ മുതൽ വിലയുള്ള ഈ ഫോണിൽ 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും ഉയർന്ന നിലവാരമുള്ള 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു. നിലവിൽ ഏതൊരു സ്മാർട്ട്‌ഫോണിലും ഉള്ള ഏറ്റവും തിളക്കമുള്ള ഡിസ്‌പ്ലേകളിൽ ഒന്നാണിത്. ഫോണിലെ പുതിയ ഡൈമെൻസിറ്റി 9400e പ്രോസസർ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഇത് ഗെയിമർമാർക്കും മറ്റും അനുയോജ്യമാക്കുന്നു. 120W ഫാസ്റ്റ് ചാർജറുമായി ജോടിയാക്കിയ ഒരു വലിയ 7,000mAh ബാറ്ററിയും വിശ്വസനീയമായ 50-മെഗാപിക്സൽ പ്രൈമറി പിൻ ക്യാമറയും ഈ ഫോണിന് ലഭിക്കുന്നു.