ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ഫ്‌ളിപ്കാർട്ടിന്‍റെ ഒരു ഓഡറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദില്ലി: ഉത്സവ സീസണിൽ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ ഇതിനകം തന്നെ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകളാണ് രാജ്യത്ത് നടത്തുന്നത്. എന്നാല്‍ പലപ്പോഴും ഓഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ ഉപയോക്താവിന് എത്തുമ്പോള്‍ പ്രശ്നം നേരിടുന്നുണ്ട്. അതിന്‍റെ നിരവധി വാര്‍ത്തകള്‍ ഇതിനകം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. പലപ്പോഴും ഓഡര്‍ ചെയ്ത സാധനത്തിന് പകരം സോപ്പുകട്ടയും, പഴയ സാധനം ഒക്കെ കിട്ടുന്ന വാര്‍ത്തകളാണ് സാധാരണ കേള്‍ക്കാറ്. 

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ഫ്‌ളിപ്കാർട്ടിന്‍റെ ഒരു ഓഡറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൊബൈല്‍ ഫോണുകളാണ് സാധാരണ ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളിലെ പ്രധാന വില്‍പ്പന. പുതിയ വാര്‍ത്തയിലും താരം സ്മാര്‍ട്ട് ഫോണ്‍ തന്നെ, അതും ഐഫോണ്‍.

ഒരാൾ ഓർഡർ ചെയ്ത ഐഫോണ്‍ 13-ന് പകരം ഐഫോണ്‍ 14 ലഭിച്ചുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ ഓഡറിന്‍റെ വിശദാംശങ്ങൾ കാണിക്കുന്ന ട്വീറ്റ് വൈറലായിട്ടുണ്ട്. ഓർഡർ വിവരങ്ങളുടെ സ്‌ക്രീൻഷോട്ട് അനുസരിച്ച്, ആപ്പിള്‍ ഐഫോണ്‍ 13 ന്‍റെ 128 GB പതിപ്പാണ് ഓഡര്‍ ചെയ്യപ്പെട്ടത്. ഐഫോണ്‍ 14 ആണ് കിട്ടിയത് എന്ന് കാണിക്കുന്ന ഐഫോണ്‍ 14ന്‍റെ ബോക്സും ട്വീറ്റിലുണ്ട്.

Scroll to load tweet…

ഇൻറർനെറ്റിലെ പലരും ജാക്ക് പോട്ട് അടിച്ചല്ലോ എന്ന രീതിയിലാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. മറ്റ് പലരും ഈ ട്വീറ്റിന്‍റെ ആധികാരികത ചോദ്യം ചെയ്യുന്നുണ്ട്. ചിലര്‍ ഇതില്‍ ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ പതിപ്പ് മുന്‍ മോഡലായ ഐഫോണ്‍ 13ന് സമാനമാണ് എന്ന വിമര്‍ശനം സൂചിപ്പിച്ച് ഇങ്ങനെ ഒരു കമന്‍റ് ഇട്ടു, "ഐഫോണ്‍ 13 ഉം 14 ഉം വളരെ സമാനമാണ്, ഫ്ലിപ്പ്കാർട്ട് 14 നെ 13 ആയി തെറ്റിദ്ധരിക്കുകയും ഓർഡർ ചെയ്ത 13 ന് പകരം ഐഫോണ്‍ 14 ഡെലിവർ ചെയ്യുകയും ചെയ്തു" - എന്നായിരുന്നു ആ കമന്‍റ്.

“അതിനാൽ ഫ്ലിപ്പ്കാർട്ടിന് പോലും അറിയാം ഇത് ഒരേ ഫോണാണെന്ന്,” മറ്റൊരു ഉപയോക്താവ് പരിഹസിച്ചു. അപ്രതീക്ഷിതമായി ഇത്തരത്തില്‍ ലഭിക്കുന്ന തെറ്റായ ഡെലിവറി വഴിയുള്ള ഭാഗ്യം, പലപ്പോഴും ഉപയോക്താവ് പിന്നീട് തിരിച്ചുകൊടുക്കാറില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബിൽ/ഓർഡർ വിശദാംശങ്ങളും യഥാർത്ഥ ഉൽപ്പന്നവും തമ്മിലുള്ള പൊരുത്തക്കേട് വാറന്‍റി ക്ലെയിം ചെയ്യുന്നതിനുള്ള അയോഗ്യതയിലേക്ക് നയിച്ചേക്കാം.

എന്നാല്‍ ഈ ട്വീറ്റിന്‍റെ യാഥാര്‍ത്ഥ്യം ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം കേസുകള്‍ വലിയ ചര്‍ച്ചയാകുന്നതിനാല്‍ വൈറലാകാന്‍ ചെയ്ത ഹോക്സ് ആകാം ഇതെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഫ്ലിപ്പ്കാര്‍ട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ ? ഒരു സന്തോഷ വാര്‍ത്തയുണ്ട്.!

'നിരാശജനകം' ഇന്ത്യന്‍ സര്‍ക്കാറിനോട് ഷവോമി; ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് സര്‍ക്കാറും