ചൈനീസ് ജീവനക്കാരെ മടക്കിവിളിച്ച ഫോക്‌സ്‌കോണിന്‍റെ നീക്കം ആപ്പിളിന് തിരിച്ചടിയാവും എന്ന് വിലയിരുത്തലുകള്‍

ദില്ലി: ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും ഫോക്‌സ്‌കോണ്‍ ഗ്രൂപ്പ് തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. സെപ്റ്റംബര്‍ മാസം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിന്‍റെ ഉത്‌പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.

രണ്ട് മാസം മുമ്പ് മുതലാണ് ദക്ഷിണേന്ത്യയിലെ ഐഫോണ്‍ അസംബിളിംഗ് യൂണിറ്റുകളില്‍ നിന്ന് ചൈനീസ് ജീവനക്കാരെ ഫോക്‌സ്‌കോണ്‍ നാട്ടിലേക്ക് മടക്കിയയച്ച് തുടങ്ങിയത്. ഇവരില്‍ എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്നു. മുന്നൂറിലധികം ചൈനീസ് ജീവനക്കാര്‍ ഇതോടെ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തായ്‌വാനില്‍ നിന്നുള്ള ഒട്ടുമിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇന്ത്യയില്‍ തുടരുന്നതായും ബ്ലൂംബെര്‍ഗിന്‍റെ വാര്‍ത്തയിലുണ്ട്. ചൈനീസ് സാങ്കേതിക വിദഗ്‌ധരെ എന്തുകൊണ്ടാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യയിലെ ഐഫോണ്‍ അസംബിളിംഗ് യൂണിറ്റുകളില്‍ ഫോക്‌സ്‌കോണിന്‍റെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നവരില്‍ പ്രധാനികളാണ് ചൈനീസ് മാനേജര്‍മാര്‍.

ചൈനീസ് ജീവനക്കാരെ മടക്കിവിളിച്ച ഫോക്‌സ്‌കോണിന്‍റെ നീക്കം ആപ്പിളിന് തിരിച്ചടിയാവും എന്ന് വിലയിരുത്തലുകളുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിന്‍റെ ഉല്‍പാദനം ഇന്ത്യയില്‍ വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കമുണ്ടായത്. ഇന്ത്യയിലെ ഐഫോണ്‍ ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌കോണ്‍ പുതിയൊരു യൂണിറ്റ് കൂടി തമിഴ്‌നാട്ടില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി അടുത്തിടെ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ 22 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ അസംബിൾ ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ഐഫോണ്‍ ഉത്‌പാദനത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായി.

സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 ലൈനപ്പില്‍ നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഉണ്ടാവുക. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, പുത്തന്‍ സ്ലിം വേരിയന്‍റായ ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണിവ. ഏറ്റവും പുത്തന്‍ സാങ്കേതികവിദ്യകളോടെയാവും ഈ ഫോണുകള്‍ വിപണിയിലെത്തുക.Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്