കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി കഴുത്തിൽ ധരിക്കാവുന്ന "എഐ പെൻഡന്റ്" എന്ന ഉപകരണം അവതരിപ്പിച്ചു. ഏകാന്തത അനുഭവിക്കുന്നവർക്ക് ഒരു ഡിജിറ്റൽ കൂട്ടുകാരനായി പ്രവർത്തിക്കുന്ന ഈ ഉപകരണം, ഉപയോക്താവിനോട് സംസാരിക്കുകയും സംഭാഷണങ്ങൾ ഓർമ്മിക്കുകയും ചെയ്യും.

ചാറ്റ്ജിപിടി, ജെമിനി, ഗ്രോക്ക് തുടങ്ങിയ എഐ സേവനങ്ങളുമായി ദിവസവും സംസാരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, ഈ സാങ്കേതികവിദ്യയെ സ്‍മാർട്ട്ഫോണിന് പുറത്തേക്ക് എത്തിക്കാനുള്ള പുതിയ ശ്രമവുമായി കാലിഫോർണിയ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി രംഗത്ത്. കഴുത്തിൽ ധരിക്കാവുന്ന ഒരു ചെറിയ എഐ ഉപകരണമായ "എഐ പെൻഡന്റ്" ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി പെൻഡന്റ് എന്നത് കഴുത്തിൽ ധരിക്കുന്ന ലോക്കറ്റ് പോലുള്ള വസ്‍തുവിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇവിടെ പറയുന്ന എഐ പെൻഡന്റ് ഒരു അലങ്കാര വസ്‍തുവല്ല. മൈക്രോഫോൺ, സ്‍പീക്കർ, ബാറ്ററി, എഐ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കഴുത്തിൽ ധരിക്കാവുന്ന ഡിജിറ്റൽ കൂട്ടുകാരൻ ആണിത്. ഉപയോക്താവിനോട് സംസാരിക്കാനും സംഭാഷണങ്ങൾ ഓർമിക്കാനും ദിവസം മുഴുവൻ കൂടെയുണ്ടാകാനുമാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകാന്തത അനുഭവിക്കുന്നവർക്ക് ഒരു കൂട്ടുകാരനായി ഇത് പ്രവർത്തിക്കും എന്നാണ് നിർമാതാക്കളുടെ അവകാശവാദം.

ഫ്രണ്ട് 2.0 എന്ന പുതിയ എഐ കൂട്ടുകാരൻ

ഫ്രണ്ട് എന്ന കമ്പനിയാണ് ഈ എഐ പെൻഡന്റ് വികസിപ്പിച്ചിരിക്കുന്നത്. 2024-ലാണ് കമ്പനി ആദ്യ പതിപ്പ് പുറത്തിറക്കിയത്. ഏകാന്തത അനുഭവിക്കുന്ന സമയങ്ങളിൽ സംസാരിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ സുഹൃത്ത് എന്ന ആശയത്തിലായിരുന്നു ആദ്യ മോഡൽ എത്തിയത്. ഇപ്പോൾ ഇതിന്റെ പുതുക്കിയ പതിപ്പായ ഫ്രണ്ട് 2.0 ആണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലിന് 249 ഡോളർ ആണ് വില. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഇത് വാങ്ങാൻ ലഭ്യമാണ്.

ഇനി ടെക്സ്റ്റ് സന്ദേശമല്ല, നേരിട്ട് സംസാരിക്കും

ആദ്യ പതിപ്പിലെ എഐ പെൻഡന്‍റ് ഉപയോക്താവിന്റെ കാര്യങ്ങൾ കേട്ട് ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയായിരുന്നു മറുപടി നൽകിയിരുന്നത്. എന്നാൽ ഫ്രണ്ട് 2.0-ൽ ബിൽറ്റ്-ഇൻ സ്പീക്കർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഉപകരണം ഉപയോക്താവിനോട് നേരിട്ട് ശബ്‍ദത്തിലൂടെ സംസാരിക്കും. മൈക്രോഫോൺ, സ്പർശന പ്രതികരണ സംവിധാനം, പ്രതികരിക്കുന്ന ലൈറ്റിങ് സംവിധാനം, യുഎസ്ബി ടൈപ്പ്-സി ചാർജിങ്, ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ബാറ്ററി എന്നിവയും പുതിയ പതിപ്പിലുണ്ട്. നിലവിൽ ഈ ഉപകരണം പ്രവർത്തിക്കാൻ ഐഫോൺ ആവശ്യമാണ്. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

പേര്, ശബ്ദം, വ്യക്തിത്വം ഉള്ള എഐ

സാധാരണ വോയിസ് അസിസ്റ്റന്റുകളിൽ നിന്ന് വ്യത്യസ്‍തമായി, ഓരോ ഫ്രണ്ട് പെൻഡന്റിനും സ്വന്തമായ വ്യക്തിത്വം ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. ഓരോ ഉപകരണത്തിനും പ്രത്യേക പേര്, ശബ്‍ദം, സ്വഭാവം എന്നിവ നൽകിയിട്ടുണ്ടാകും. ഉപയോക്താവിന് ഈ വ്യക്തിത്വം സ്വമേധയാ മാറ്റാൻ കഴിയില്ല. ഉപയോക്താവും എഐ കൂട്ടുകാരനും തമ്മിൽ ദീർഘകാല ബന്ധം സൃഷ്‍ടിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.

സംഭാഷണങ്ങൾ ഓർമയിൽ സൂക്ഷിക്കും

ഫ്രണ്ട് പെൻഡന്റ് ഉപയോക്താവുമായുള്ള സംഭാഷണങ്ങൾ സാധാരണയായി 30 ദിവസത്തേക്ക് ഓർമയിൽ സൂക്ഷിക്കും. എന്നാൽ പ്രതിമാസം 9.99 ഡോളർ സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ ഈ ഓർമകൾ സ്ഥിരമായി നിലനിർത്താനാകുമെന്ന് കമ്പനി പറയുന്നു. എഐ കൂട്ടുകാരന്റെ വ്യക്തിത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള അപ്‌ഡേറ്റുകൾ പുറത്തിറക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

എഐ കൂട്ടുകാരൻ ആശയത്തിന് വിമർശനവും

എന്നാൽ ഏകാന്തത പരിഹരിക്കാൻ എഐ ഉപകരണം ഉപയോഗിക്കാമെന്ന ആശയത്തിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ഇതിനെ ഭാവിയിലെ ഡിസ്റ്റോപ്പിയൻ സാങ്കേതികവിദ്യയായി വിശേഷിപ്പിച്ചു. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഇല്ലാതാക്കിക്കൊണ്ട്, സമൂഹത്തെ പൂർണ്ണമായി നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിനാശകരമായ സാങ്കേതികവിദ്യയാണിത്. ചില ഉപയോക്താക്കൾ പ്രശസ്‍ത സീരീസായ ബ്ലാക്ക് മിറർ പോലുള്ള ഭാവി ലോകത്തെ ഓർമിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. എന്നാൽ ഫ്രണ്ട് കമ്പനിയുടെ സ്ഥാപകൻ ഈ വിമർശനങ്ങളെ തള്ളിക്കളയുന്നു. ആളുകൾക്ക് ഇത് ഭാവനാത്മകമായ ആശയമായി തോന്നാമെങ്കിലും, സാങ്കേതികവിദ്യയെ കൂടുതൽ സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

അസിസ്റ്റന്റല്ല, ഒരു ഡിജിറ്റൽ സുഹൃത്ത്

ഫ്രണ്ട് ഒരു എഐ അസിസ്റ്റന്റോ പ്രണയ പങ്കാളിയോ അല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. മറിച്ച് ഒരു വിശ്വസ്‍ത സുഹൃത്ത് അല്ലെങ്കിൽ കൂട്ടുകാരൻ എന്ന നിലയിലാണ് ഈ ഉപകരണത്തെ അവതരിപ്പിക്കുന്നത്. ദൈനംദിന ജോലികൾ ചെയ്യാൻ സഹായിക്കുന്നതിനേക്കാൾ, ഉപയോക്താവുമായി സംസാരിക്കുകയും സൌഹൃദയം നൽകുകയും ചെയ്യുകയാണ് ഈ എഐ ഡിവൈസിന്‍റെ പ്രധാന ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.