ഐഡിസിയുടെ പുതിയ കണക്കുകൾ പ്രകാരം ആഗോള പിസി, ലാപ്ടോപ്പ് വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. വിലവർധന ഭയന്ന് കമ്പനികൾ നേരത്തേ സ്റ്റോക്ക് വാങ്ങിക്കൂട്ടിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. പുതിയ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ സാഹചര്യത്തിൽ മികച്ച ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
ആഗോള പേഴ്സണൽ കമ്പ്യൂട്ടർ (പിസി) വിപണി കടുത്ത മാന്ദ്യത്തിലേക്ക്. ലാപ്ടോപ്പുകളുടെയും ഡെസ്ക്ടോപ്പുകളുടെയും വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി വിപണി ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. 2026-ലെ മൂന്നാം പാദത്തിൽ ആഗോള പിസി കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 20.1% കുറഞ്ഞു. സാധാരണയായി സ്‍കൂൾ തുറക്കൽ കാലത്തെ വാങ്ങലുകളും ഉത്സവകാല വിൽപ്പനയും സജീവമാകുന്ന സമയത്താണ് വിപണിയിൽ ഇത്രയും വലിയ ഇടിവുണ്ടായിരിക്കുന്നത്.
പിസി കയറ്റുമതിയിൽ വൻ ഇടിവ്
ഐഡിസിയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ആഗോളതലത്തിൽ 78.5 ദശലക്ഷം പിസി യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. എന്നാൽ 2026-ലെ ഇതേ കാലയളവിൽ കയറ്റുമതി 62.7 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവുകളിലൊന്നാണിത്. ഈ വർഷം തുടർച്ചയായി രണ്ടാം പാദത്തിലും വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ 3.8 ശതമാനം കുറവുണ്ടായപ്പോൾ മൂന്നാം പാദത്തിൽ മുൻപാദത്തെ അപേക്ഷിച്ച് കയറ്റുമതി വീണ്ടും 9.1 ശതമാനം കുറഞ്ഞു. സാധാരണയായി രണ്ടാം പാദത്തെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള മൂന്നാം പാദത്തിൽ ഇത്തരമൊരു ഇടിവുണ്ടായത് വിപണിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
വിലവർധന ഭയന്ന് നേരത്തേ വാങ്ങിക്കൂട്ടി; ഇപ്പോൾ പ്രതിസന്ധി
'പുൾ-ഇൻ ഹാങ്ഓവർ'എന്ന പ്രതിഭാസമാണ് വിപണിയിലെ ഇടിവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കമ്പ്യൂട്ടർ ഘടകങ്ങളുടെ വില, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ വില എന്നിവ ഉയരുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു. വിലവർധന ഒഴിവാക്കുന്നതിനായി പിസി നിർമാതാക്കളും വിതരണക്കാരും ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ വലിയ തോതിൽ ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും വാങ്ങിക്കൂട്ടി. ഇതോടെ ഇപ്പോൾ ഗോഡൗണുകളിൽ വൻതോതിൽ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. പഴയ സ്റ്റോക്ക് വിറ്റഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പുതിയ ഓർഡറുകൾ കുറയ്ക്കേണ്ട സാഹചര്യമാണ് കമ്പനികൾക്കുള്ളത്.
വർഷത്തിന്റെ ആദ്യ പകുതിയിലെ അമിതമായ മുൻകൂർ വാങ്ങലുകളാണ് പതിവ് വിപണി പ്രവണതകളെ മാറ്റിമറിച്ചത് എന്ന് ഐഡിസിയിലെ ഉപഭോക്തൃ ഉപകരണ വിഭാഗം ഗവേഷണ ഡയറക്ടർ ജിതേഷ് ഉബ്രാനിയെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ ടെക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം ആഗോളതലത്തിലെ ഹാർഡ്‌വെയർ വിലവർധനയും പുതിയ കമ്പ്യൂട്ടറുകൾ വാങ്ങുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതാക്കുന്നു.
പ്രമുഖ ബ്രാൻഡുകൾക്കും തിരിച്ചടി
മിക്ക പ്രമുഖ പിസി ബ്രാൻഡുകളും മൂന്നാം പാദത്തിൽ ഇരട്ടയക്കത്തിലുള്ള ഇടിവ് നേരിട്ടു. എച്ച്പിയുടെ കയറ്റുമതി 30.9% കുറഞ്ഞപ്പോൾ ഡെല്ലിന് 25% ഇടിവുണ്ടായി. വിപണിയിൽ മുന്നിലുള്ള ലെനോവോയുടെ കയറ്റുമതി 22.6% കുറഞ്ഞു. അതേസമയം, ആപ്പിളും അസൂസും താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചു. ആപ്പിളിന്റെ കയറ്റുമതിയിൽ 11.3% ഇടിവുണ്ടായപ്പോൾ അസൂസിന്റേത് 8.6% മാത്രമായിരുന്നു.
ഇപ്പോൾ ലാപ്ടോപ്പ് വാങ്ങണോ?
പുതിയ ലാപ്ടോപ്പ് വാങ്ങാൻ ആലോചിക്കുന്നവർക്ക് നിലവിലെ സാഹചര്യം ചില അവസരങ്ങൾ തുറന്നുനൽകുന്നുണ്ട്. വിൽപ്പന കുറഞ്ഞതോടെ ഓൺലൈൻ വ്യാപാരികളും റീട്ടെയിൽ കടകളും കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ ശ്രമിച്ചേക്കും. ഇതിന്റെ ഭാഗമായി ഉത്സവകാല ഓഫറുകൾ, താൽക്കാലിക വിലക്കുറവുകൾ, പ്രത്യേക പ്രമോഷനുകൾ എന്നിവ പ്രതീക്ഷിക്കാം. എന്നാൽ ലാപ്ടോപ്പുകളുടെ വില സ്ഥിരമായി വലിയ തോതിൽ കുറയുമെന്ന് കരുതേണ്ടതില്ല. കമ്പ്യൂട്ടറുകൾ നിർമിക്കുന്നതിനുള്ള ചെലവ് ഇപ്പോഴും ഉയർന്ന നിലയിലാണ്. അതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലകൾ ഉയർന്നുതന്നെ തുടരാൻ സാധ്യതയുണ്ട്.
വിപണി സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് സ്ഥിതി കൂടുതൽ മോശമാകാമെന്നും ഐഡിസി വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ അനുയോജ്യമായ ഉത്സവകാല ഓഫറിൽ ആവശ്യമായ ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വാങ്ങുന്നത് പരിഗണിക്കാം. എന്നാൽ ഓഫറിന്റെ പേരിൽ മാത്രം വാങ്ങാതെ വിലയും സവിശേഷതകളും താരതമ്യം ചെയ്തശേഷം തീരുമാനമെടുക്കുന്നതാണ് ഉചിതം.


