ഗൂഗിള്‍ പിക്‌സല്‍ 10 പ്രോയും പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലും വിപണിയിലേക്ക് വരിക മുന്‍ഗാമികളില്‍ നിന്ന് ഏറെ അപ്‌ഡേറ്റുകളുമായി എന്ന് സൂചന

ദില്ലി: ഗൂഗിളിന്‍റെ പിക്‌സല്‍ 10 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഓഗസ്റ്റ് മാസം വിപണിയിലേക്ക് വരാനിരിക്കുകയാണ്. ഗൂഗിളിന്‍റെ വരുംതലമുറ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളായ ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ എന്നിവയുടെ ഫീച്ചറുകള്‍ ലോഞ്ചിന് മുന്നോടിയായി ചോര്‍ന്നു. ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനത്തില്‍ ബാറ്ററിയിലടക്കം ഹാര്‍ഡ്‌വെയറില്‍ അപ്‌ഗ്രേഡുകളോടെയാവും പിക്‌സല്‍ 10 പ്രോയും പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലും അവതരിപ്പിക്കപ്പെടുക എന്നാണ് സൂചന.

മുന്‍ഗാമികളുമായി (ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്‌എല്‍) താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ ഹാര്‍ഡ്‌വെയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് ആന്‍ഡ്രോയ്‌ഡ് ഹെഡ്‌ലൈന്‍സ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു. ഗൂഗിളിന്‍റെ സ്വന്തം ടെന്‍സര്‍ ജി5 ചിപ്‌സെറ്റ് ഈ സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തും എന്നാണ് ഒരു സൂചന. ഈ വരുംകാല പ്രോസസറിനൊപ്പം പാക് ചെയ്ത 16 ജിബി വരെ റാമും, 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജും സഹിതമാണ് എത്താനിട. പരമ്പരയിലെ മുന്തിയ പിക്‌സല്‍ 10 പ്രോ എക്‌സ്‌എല്‍ 128 ജിബിയുടെ അടിസ്ഥാന വേരിയന്‍റ് ചിലപ്പോള്‍ ഒഴിവാക്കിയേക്കും. 256 ജിബിയിലാവും ഈ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ സ്റ്റോറേജ് ഓപ്ഷന്‍ ആരംഭിക്കാന്‍ സാധ്യത എന്നും ലീക്കുകള്‍ സൂചിപ്പിക്കുന്നു.

ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ഡിസ്‌പ്ലെയിലും വലിയ മാറ്റമുണ്ടായേക്കും. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടെയും 3000 നിറ്റ്സ് പീക് ബ്രൈറ്റ്‌നസോടെയും എല്‍ടിപിഒ ഓലെഡ് പാനലാണ് പിക്‌സല്‍ 10 പ്രോ, 10 പ്രോ എക്‌സ്എല്‍ ഫോണുകളില്‍ ഉള്‍പ്പെടുത്താനിട. പിക്‌സല്‍ 10 പ്രോ 6.3 ഇഞ്ചും പ്രോ എക്‌സ്എല്‍ 6.8 ഡിസ്‌പ്ലെയും സഹിതം വരും. ഇരു ഡിവൈസുകള്‍ക്കും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 പരിരക്ഷയും പ്രതീക്ഷിക്കുന്നു.

റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ പിക്‌സല്‍ 9 സീരീസില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 50 എംപി വൈഡ് പ്രൈമറി സെന്‍സര്‍, 48 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 5x ഒപ്‌റ്റിക്കല്‍ സൂം സഹിതം 48 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഇരു ഫോണുകളുടെയും പിന്‍ഭാഗത്ത് പ്രതീക്ഷിക്കുന്നത്. ടെലിഫോട്ടോ ലെന്‍സുകളില്‍ മാക്രോ ഫോട്ടോഗ്രഫി പിന്തുണ ഗൂഗിള്‍ എന്‍ഹാന്‍സ് ചെയ്തേക്കും. അതേസമയം സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറയില്‍ അപ്‌ഗ്രേഡഡ് ക്യാമറ പ്രതീക്ഷിക്കാമെന്നാണ് ലീക്കുകള്‍ പറയുന്നത്. ബാറ്ററി കപ്പാസിറ്റിയിലും ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ എന്നിവയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കുന്നു. പിക്‌സല്‍ ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി (5,200mAh) 10 പ്രോ എക്‌സ്എല്ലില്‍ ഇടംപിടിച്ചേക്കും. ചാര്‍ജിംഗ് വേഗത വര്‍ധിപ്പിക്കാനും സാധ്യത കാണുന്നു.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്