ഗൂഗിൾ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12-ന് പുറത്തിറങ്ങും. 'പിക്സൽ ഗ്ലോ' എന്ന പുതിയ നോട്ടിഫിക്കേഷൻ ലൈറ്റ് ഫീച്ചർ ഈ സീരീസിന്റെ പ്രധാന ആകർഷണമായിരിക്കും. ടെൻസർ ജി6 പ്രോസസറുമായി എത്തുന്ന ഈ നിരയിൽ പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ ഫോൾഡ് എന്നിവയുൾപ്പെടെ നാല് മോഡലുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഗൂഗിൾ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നിരയായ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് അവതരിപ്പിക്കും. കഴിഞ്ഞയാഴ്ച പിക്സൽ 11 കുടുംബത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ച കമ്പനി ഇപ്പോൾ ഓൺലൈൻ സ്റ്റോറിന്റെ ഹോംപേജിൽ പുതിയ ടീസർ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ഏറെ നാളായി അഭ്യൂഹങ്ങളിലുണ്ടായിരുന്ന 'പിക്സൽ ഗ്ലോ' എന്ന പുതിയ ഫീച്ചറിന്റെ പേരും കമ്പനി സ്ഥിരീകരിച്ചു.
ടീസർ വീഡിയോയിൽ ഗൂഗിളിന്റെ സവിശേഷ നിറങ്ങൾ തെളിയിക്കുന്ന വൃത്താകൃതിയിലുള്ള എൽഇഡി ലൈറ്റാണ് കാണുന്നത്. ഇത് നോട്ടിഫിക്കേഷൻ ലൈറ്റായിരിക്കുമെന്നാണ് വിലയിരുത്തൽ. വിവിധ ആപ്പുകൾക്കായി വ്യത്യസ്ത നിറങ്ങൾ ക്രമീകരിക്കാനാകുന്ന സംവിധാനവും ഇതിനുണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ ഓഗസ്റ്റ് 12-ലെ ലോഞ്ച് ചടങ്ങിലായിരിക്കും വ്യക്തമാകുക. ലോഞ്ച് ദിനം മുതൽ പിക്സൽ 11 സീരീസിന്റെ പ്രീ-ഓർഡർ ആരംഭിക്കുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിറങ്ങളും ഡിസൈനും ചോർന്ന വിവരങ്ങൾ പ്രകാരം, പിക്സൽ 11 പ്രോ ഫോൾഡ് പൈൻ, മിഡ്‌നൈറ്റ് എന്നീ നിറങ്ങളിലെത്തും. പിക്സൽ 11 പ്രോയ്ക്ക് ഡ്യൂൺ, ലൈറ്റ് ഫോഗ്, പൈൻ, സ്റ്റെർലിങ് എന്നീ നാല് നിറങ്ങളുണ്ടാകുമെന്നാണ് സൂചന. ഡിസൈനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും സാധാരണ മോഡലുകളിൽ തിരശ്ചീനമായി ക്രമീകരിച്ച ക്യാമറ ബാർ ഗൂഗിൾ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിക്സൽ 11 പ്രോ ഫോൾഡിൽ പുതുക്കിയ ക്യാമറ ഐലൻഡാണ് നൽകിയിരിക്കുന്നത്. പ്രധാന, അൾട്രാവൈഡ് ക്യാമറകളുടെ സ്ഥാനത്തിലും ഓട്ടോഫോക്കസ് സെൻസറിലും മാറ്റം വരുത്തിയതായും എൽഇഡി ഫ്ലാഷിന്റെ വലിപ്പം വർധിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഡിസ്പ്ലേ വലിപ്പത്തിൽ മുൻതലമുറയോട് സാമ്യമാകും പുതിയ സീരീസ്. പിക്സൽ 11, പിക്സൽ 11 പ്രോ മോഡലുകൾക്ക് 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും, പിക്സൽ 11 പ്രോ എക്സ്എല്ലിന് 6.8 ഇഞ്ച് ഒഎൽഇഡി പാനലും ലഭിക്കുമെന്നാണ് റിപ്പോർട്ട്. പിക്സൽ 11 പ്രോ ഫോൾഡിൽ 6.4 ഇഞ്ച് പുറം ഡിസ്പ്ലേയും 8 ഇഞ്ച് അകത്തെ ഫോൾഡബിൾ സ്ക്രീനും ഉണ്ടായേക്കും. പ്രകടനത്തിൽ വലിയ മാറ്റമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. എല്ലാ മോഡലുകൾക്കും ടിഎസ്എംസിയുടെ 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ടെൻസർ ജി6 പ്രോസസർ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻതലമുറയിലെ ടെൻസർ ജി5 ചിപ്പിനെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമതയും മികച്ച വൈദ്യുതി ഉപയോഗവും പുതിയ ചിപ്പിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, വർഷങ്ങളായി ഉപയോഗിച്ചിരുന്ന സാംസങ് സെല്ലുലാർ മോഡത്തിന് പകരം മീഡിയടെക്കിന്റെ പുതിയ എം90 മോഡം ഗൂഗിൾ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, പിക്സൽ 11 സീരീസ് ആൻഡ്രോയിഡ് 17 ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാകും എത്തുകയെന്നും സൂചനകളുണ്ട്.

