ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോണ്‍ സീരീസുമായി ബന്ധപ്പെട്ട് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ പുതിയ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ പുറത്തിറങ്ങും. ഈ വർഷം പുതിയ സീരീസിൽ സ്റ്റാൻഡേർഡ്, പ്രോ വേരിയന്‍റുകള്‍ക്കൊപ്പം പുതിയൊരു ഐഫോണ്‍ മോഡലുമുണ്ടാകും. ഇത്തവണ പ്ലസ് വേരിയന്‍റിന് പകരം ആപ്പിൾ പ്രേമികൾക്ക് പുതിയ എയർ വേരിയന്‍റ് ലഭിക്കും. ഐഫോൺ 17 സീരീസിലേക്ക് പുതുതായി എത്തുന്ന ഐഫോൺ 17 എയറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലീക്കായി പുറത്തുവരികയാണ്. ഈ വരാനിരിക്കുന്ന ഐഫോണ്‍ മോഡൽ പുതിയൊരു ഡിസൈനിൽ എത്താൻ സാധ്യതയുണ്ട്. പുതിയ ഐഫോൺ 17 എയറിൽ കാണാവുന്ന അഞ്ച് പ്രത്യേക സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.
ഏറ്റവും കനം കുറഞ്ഞ ഐഫോൺ
പുതിയ ഐഫോൺ 17 എയർ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയിരിക്കുമെന്നാണ് സൂചന. ഫോണിന് 5.5 മില്ലിമീറ്റർ കനം മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിംഗിൾ ക്യാമറ സജ്ജീകരണം
ഐഫോൺ 17ന് ഡ്യുവൽ റിയർ ക്യാമറ ഉണ്ടായിരിക്കാം, അതേസമയം 17 പ്രോ, 17 പ്രോ മാക്സ് എന്നിവയിൽ ട്രിപ്പിൾ റിയർ ക്യാമറ സെൻസർ ഉണ്ടായിരിക്കും, എന്നാൽ എയർ വേരിയന്‍റിൽ 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ സെൻസർ ഉണ്ടായിരിക്കും. വൈഡ് ആംഗിൾ ലെൻസും ഒപ്റ്റിക്കൽ സൂം പിന്തുണയും ഉള്ള ഈ ഫോണിലൂടെ ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ലഭിക്കും.
വലിയ സ്‌ക്രീൻ
ഐഫോൺ 17 എയറിന് 6.6 ഇഞ്ച് മുതൽ 6.7 ഇഞ്ച് വരെ ഡിസ്‌പ്ലേ ഉണ്ടായിരിക്കാം, എയർ വേരിയന്‍റിന് സ്‌ക്രീൻ വലുപ്പം സ്റ്റാൻഡേർഡ് ഐഫോൺ 17 നേക്കാൾ വലുതായിരിക്കാം, പക്ഷേ പ്രോ മാക്‌സ് വേരിയന്‍റിനേക്കാൾ ചെറുതായിരിക്കാം. വളരെ നേർത്ത രൂപകൽപ്പനയും വലിയ സ്‌ക്രീനുമുള്ള ഈ ഫോൺ ഒരു മികച്ച ഓപ്ഷനായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
5ജി മോഡം
ഐഫോൺ 17 എയറിൽ കമ്പനിക്ക് സ്വന്തമായി വികസിപ്പിച്ച 5ജി മോഡൽ ഉപയോഗിക്കാൻ കഴിയും, അങ്ങനെ സംഭവിച്ചാൽ കമ്പനിയുടെ സ്വന്തം 5ജി മോഡൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഐഫോണായിരിക്കും ഇത്. നേരത്തെ, കമ്പനി ഐഫോൺ 16ഇ പുറത്തിറക്കിയിരുന്നു. ഈ ഫോണിലും ആപ്പിൾ കമ്പനിയുടെ സ്വന്തം 5ജി മോഡം ഉപയോഗിച്ചിട്ടുണ്ട്.
പ്രൊസസർ
വില കണക്കിലെടുക്കുമ്പോൾ, ഐഫോൺ 17 എയറിൽ എ18 പ്രോ ബയോണിക് ചിപ്‌സെറ്റിന് പകരം എ19 ബയോണിക് പ്രൊസസർ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഈ പ്രൊസസർ മികച്ച പ്രകടനം നൽകും.
Read more: തീരുവയുടെ കയ്പ് നുണഞ്ഞ് ആപ്പിള്‍, ഐ ഫോണ്‍ വില കുത്തനെ കൂട്ടേണ്ടി വരും; യുഎസില്‍ കണ്ണുവച്ച് സാംസങ്
