ഗൂഗിളിന്‍റെ പിക്‌സല്‍ 10 ഐഫോണ്‍ 16ന് സമാനമായ വിലയിലാണ് വിപണിയിലെത്തിയത്, വരാനിരിക്കുന്ന ഐഫോണ്‍ 17നേക്കാള്‍ കേമനോ ഫീച്ചറുകളില്‍ പിക്‌സല്‍ 10
കാലിഫോര്‍ണിയ: ഗൂഗിൾ കഴിഞ്ഞ ദിവസം പിക്‌സൽ 10 5ജി മൊബൈൽ സീരീസ് പുറത്തിറക്കിയിരുന്നു. ഈ ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് സ്‌മാർട്ട്‌ഫോണുകളിൽ മുന്‍ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അപ്‌ഗ്രേഡുകളുണ്ട്. അതേസമയം, പലരും ഇപ്പോഴും ആപ്പിളിന്‍റെ ഐഫോൺ 17 സീരീസിന്‍റെ ലോഞ്ചിനായി കാത്തിരിക്കുകയാണ്. പിക്‌സൽ 10 ബേസ് മോഡൽ വാങ്ങണോ, അതോ വരാനിരിക്കുന്ന ഐഫോൺ 17നായി കാത്തിരിക്കണോ എന്ന കൺഫ്യൂഷനിലാണ് ആളുകള്‍. എങ്കിൽ ഇതാ ഇതിൽ ഏത് മോഡലാണ് നല്ലതെന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില വിവരങ്ങൾ. സ്റ്റാൻഡേർഡ് ഗൂഗിൾ പിക്‌സൽ 10 സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഫീച്ചറുകളും ഐഫോൺ 17ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സവിശേഷതകളും തമ്മിലുള്ള വിശദമായ താരതമ്യം നോക്കാം.
ഡിസൈൻ
ആപ്പിൾ ഐഫോൺ 17 ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. എന്നാൽ ചോർന്ന റെൻഡറുകൾ മുൻഗാമിയായ ഐഫോണ്‍ 16ന് സമാനമായ ഡിസൈൻ ഐഫോണ്‍ 17ന് ലഭിക്കുമെന്ന സൂചന നൽകുന്നു. എങ്കിലും ഈ പുതിയ സ്‍മാർട്ട്‌ഫോൺ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കുമെന്നാണ് പ്രതീക്ഷ. 7.2 മില്ലീമീറ്റർ കനവും 162 ഗ്രാം ഭാരവുമാണ് ഐഫോണ്‍ 17ന് പറയപ്പെടുന്നത്. അതേസമയം, ഗൂഗിൾ പിക്‌സൽ 10 മോഡലും അതിന്‍റെ മുൻഗാമിയുടെ അതേ ഡിസൈൻ നിലനിർത്തുന്നു. പക്ഷേ, പിക്‌സല്‍ 10 ഐഫോണിനേക്കാൾ കട്ടിയുള്ളതും ഭാരമേറിയതുമാണ്. പിക്‌സൽ 10ന് 8.6 എംഎം കനവും 204 ഗ്രാം ഭാരവുമുണ്ട്. രണ്ട് സ്‌മാർട്ട്‌ഫോണുകളും ജല പ്രതിരോധത്തിന് ഐപി68 റേറ്റിംഗാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
ഡിസ്പ്ലേ
സ്‌ക്രീനിന്‍റെ കാര്യത്തിലേക്ക് വന്നാല്‍, ഐഫോൺ 17 മോഡലിന് 120Hz റിഫ്രഷ് റേറ്റും 2000 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പിക്‌സൽ 10-ൽ 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ആക്‌ച്വ ഡിസ്‌പ്ലേയാണുള്ളത്. ഡിസ്‌പ്ലേകൾ ഏതാണ്ട് ഒരുപോലെയാണെങ്കിലും പിക്‌സൽ 10 മോഡലുകൾക്ക് അൽപ്പം കട്ടിയുള്ള ബെസലാണ് നല്‍കിയിരിക്കുന്നത്.
ക്യാമറ
ഐഫോൺ 17ൽ 48 എംപി ഫ്യൂഷൻ ക്യാമറയും 12 എംപി അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‍മാർട്ട്‌ഫോണിൽ ടെലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കില്ലെന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം, ഗൂഗിൾ പിക്‌സൽ 10ൽ 48 എംപി പ്രധാന ക്യാമറ, 13 എംപി അൾട്രാവൈഡ്, 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10.08 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയര്‍ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. സെൽഫികൾക്കായി, ഐഫോൺ 17ൽ 24 എംപി ക്യാമറ വരുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കില്‍, പിക്‌സൽ 10-ൽ ഉള്‍പ്പെടുത്തിയിരിക്കുന്നത് 10.5 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്.
പെർഫോമൻസ്
ആപ്പിൾ ഐഫോൺ 17ന് 8 ജിബി റാമുമായി ജോടിയാക്കിയ പുതിയ എ19 ചിപ്പ് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ പിക്‌സൽ 10ന് 12 ജിബി റാമുമായി ജോടിയാക്കിയ പുത്തന്‍ ടെൻസർ ജി5 ചിപ്പാണ് കരുത്ത്. ഐഫോൺ ഐഒഎസ് 26 ഔട്ട് ഓഫ് ബോക്‌സിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം, പിക്സൽ 10 ആൻഡ്രോയ്‌ഡ് 16ൽ പ്രവർത്തിക്കുന്നു.
ബാറ്ററി
ഐഫോൺ 17ന് 35 വാട്‌സ് ചാർജിംഗിനെ പിന്തുണയ്ക്കാൻ കഴിയുന്ന 3,561 എംഎഎച്ച് ബാറ്ററിയാണ് പറയപ്പെടുന്നത്. എന്നാല്‍ പിക്‌സല്‍ 10ലുള്ളത് 25 വാട്‌സ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,970 എംഎഎച്ച് ബാറ്ററിയാണ്.
