ആപ്പിള്‍ ആദ്യമായി ഐഫോണില്‍ 5,000 എംഎഎച്ച് കരുത്തുള്ള ബാറ്ററി അവതരിപ്പിക്കാനൊരുങ്ങുന്നതായി സൂചന

കാലിഫോര്‍ണിയ: ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കുമോ വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോ മാക്‌സില്‍? ആപ്പിള്‍ പ്രേമികളുടെ മനസില്‍ വലിയ ലഡ്ഡു പൊട്ടിച്ച് ഐഫോണ്‍ 17 പ്രോ മാക്സ് ലീക്കുകള്‍ വരികയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സിന് 5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ലഭിക്കുമെന്ന് ഏറ്റവും പുതിയ ലീക്കുകളില്‍ പറയുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ബാറ്ററിയായിരിക്കും ഐഫോണ്‍ 17 പ്രോ മാക്‌സില്‍ ഇടംപിടിക്കുക.

ആന്‍ഡ്രോയ്‌ഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഐഫോണുകളുടെ ബാറ്ററി കപ്പാസിറ്റി പോരെന്ന് പറയുന്നവരുണ്ട്. അവരെ ഞെട്ടിക്കാന്‍ 5,000 എംഎഎച്ച് കരുത്തുള്ള ബാറ്ററിയാണ് ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരികയെന്ന് ടിപ്‌സ്റ്ററായ ഇന്‍സ്റ്റന്‍റ് ഡിജിറ്റല്‍ പറയുന്നു. സംഭവം സത്യമെങ്കില്‍ 5,000 എംഎഎച്ച് ബാറ്ററി ഉള്‍ക്കൊള്ളുന്ന ആദ്യ ഐഫോണായിരിക്കും 17 പ്രോ മാക്‌സ്. നിലവിലെ ഏറ്റവും മുന്തിയ ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ ബാറ്ററി കപ്പാസിറ്റി 4,676 എംഎഎച്ച് ആയിരിക്കുന്ന സ്ഥാനത്താണ് ഐഫോണ്‍ 17 പ്രോ മാക്‌സില്‍ 5,000 എംഎഎച്ച് ബാറ്ററി വരുമെന്ന് പറയപ്പെടുന്നത്.

സാധാരണയായി ആപ്പിള്‍ വീഡിയോ, ഓഡിയോ പ്ലേബാക്ക് കപ്പാസിറ്റി മുന്‍നിര്‍ത്തിയാണ് ഐഫോണുകളുടെ ബാറ്ററി ലൈഫിനെ കുറിച്ച് പ്രതിപാദിക്കാറ്. ഐഫോണ്‍ 16 പ്രോ മാക്‌സ് 33 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും 105 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്കുമാണ് അവകാശപ്പെട്ടിരുന്നത്. എങ്കിലും 5,000 എംഎഎച്ച് ശേഷിയിലുള്ള ബാറ്ററി വരുന്നത് ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ പ്രകടനം ഉയര്‍ത്തിയേക്കും.

സെപ്റ്റംബര്‍ മാസമാണ് ഏറ്റവും മുന്തിയ ആപ്പിള്‍ ഫ്ലാഗ്‌ഷിപ്പായ ഐഫോണ്‍ 17 പ്രോ മാക്‌സ് സഹിതം ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുക. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, പുത്തന്‍ സ്ലിം വേരിയന്‍റായ ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഈ പരമ്പരയിലുണ്ടാവുക. ഫോണുകളുടെ ഫീച്ചറുകള്‍ ടിപ്‌സ്റ്റര്‍മാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. 

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്