അടുത്ത ശ്രേണി ഐഫോണുകള്‍ ആപ്പിള്‍ ഒരുക്കുന്നു. ഐഫോൺ 18 പ്രോ കളർ വേരിയന്‍റുകളെക്കുറിച്ചുള്ള വിവരങ്ങൾ ടിപ്‌സ്റ്ററായ ഇൻസ്റ്റന്‍റ് ഡിജിറ്റൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ പങ്കിട്ടു
കാലിഫോര്‍ണിയ: 2025 സെപ്റ്റംബറിൽ ആണ് ഐഫോൺ 17 സീരീസ് ആപ്പിള്‍ ലോഞ്ച് ചെയ്‌തത്. ഇപ്പോഴിതാ ഐഫോൺ 18 സീരീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. ഐഫോൺ 18 പ്രോ നിരവധി പുതിയ കളർ ഓപ്ഷനുകളിൽ വരാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 18 പ്രോ കളർ വേരിയന്‍റുകളെക്കുറിച്ചുള്ള വിവരങ്ങൾ ടിപ്‌സ്റ്ററായ ഇൻസ്റ്റന്‍റ് ഡിജിറ്റൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ പങ്കിട്ടു. ബർഗണ്ടി, കോഫി, പർപ്പിൾ എന്നീ മൂന്ന് പുതിയ നിറങ്ങളിൽ ഒന്നിൽ പുതിയ ഐഫോൺ 18 ലഭ്യമാകുമെന്ന് ടിപ്സ്റ്റർ അവകാശപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റ് 2026 സെപ്റ്റംബറിൽ രണ്ടാം തലമുറ ഐഫോൺ എയർ, ഒന്നാം തലമുറ ഐഫോൺ ഫോൾഡ് എന്നിവയ്‌ക്കൊപ്പം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ 18 പ്രോ ലീക്കുകള്‍
ആപ്പിൾ മുമ്പും പർപ്പിൾ ഐഫോണിന്‍റെ നിരവധി പതിപ്പുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോൺ 11, ഐഫോൺ 12, ഐഫോൺ 14, ഐഫോൺ 14 പ്രോ എന്നിവയെല്ലാം ഏതെങ്കിലും തരത്തിലുള്ള പർപ്പിൾ നിറത്തിലാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. മിക്കപ്പോഴും ഈ നിറം ലാവെൻഡർ എന്നറിയപ്പെടുന്നു. അതേസമയം ബർഗണ്ടിയും കോഫിയും ഐഫോണിൽ പൂർണ്ണമായും പുതിയ കളർ ഓപ്ഷനുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ആപ്പിൾ ഐഫോൺ 16 പ്രോ മോഡലുകൾക്കൊപ്പം അവതരിപ്പിച്ച ഡെസേർട്ട് ടൈറ്റാനിയം കളർവേയുടെ ഇരുണ്ട ടോണായിരിക്കാം രണ്ടാമത്തേത്. അതേസമയം ആപ്പിൾ കറുത്ത നിറത്തിലുള്ള ഐഫോൺ പ്രോ മോഡൽ അവതരിപ്പിക്കാൻ സാധ്യത ഇല്ലെന്നും ടിപ്സ്റ്റർ പറയുന്നു.
ഐഫോൺ 18 പ്രോ ഡിസ്‌പ്ലെ
ഐഫോൺ 18 പ്രോയിൽ 1.5കെ റെസല്യൂഷനോടുകൂടിയ 6.26 ഇഞ്ച് എൽടിപിഒ ഒഎൽഇഡി പാനൽ ഉണ്ടായിരിക്കും എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. കൂടാതെ എച്ച്ഐഎഎ (ഹോൾ-ഇൻ-ആക്റ്റീവ്-ഏരിയ) സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. ഇത് അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി സെൻസർ ഉപയോഗിക്കും. സെൽഫി ക്യാമറ മാത്രം ദൃശ്യമാകും. 2026-ൽ ഐഫോൺ 18 പ്രോയിലൂടെ അരങ്ങേറ്റം കുറിക്കുന്ന വരാനിരിക്കുന്ന എ20 ചിപ്പിനായി ആപ്പിൾ ടിഎസ്എംസിയുടെ രണ്ടാം തലമുറ 2nm (N2) പ്രോസസ്സ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മെച്ചപ്പെട്ട പവർ കാര്യക്ഷമതയും താപ പ്രകടനവും നൽകുമെന്നാണ് റിപ്പോർട്ടുകൾ.

