ആഗോള മെമ്മറി ക്ഷാമത്തിനിടയിലും, ആപ്പിൾ ഐഫോൺ 18ഇ-യിൽ റാം 9 ജി.ബി. ആയി വർധിപ്പിക്കാൻ ഒരുങ്ങുന്നു. പ്രോ മോഡലുകൾ ഈ വർഷവും സാധാരണ മോഡലുകൾ അടുത്ത വർഷവും പുറത്തിറക്കുന്ന പുതിയ ലോഞ്ച് തന്ത്രവും, നിർമ്മാണച്ചെലവ് കൂടുന്നതിനാൽ വിലയിൽ ഗണ്യമായ വർധനവും പ്രതീക്ഷിക്കുന്നു.
ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും ക്ഷാമം സ്‍മാർട്ട്ഫോൺ വിപണിയെ ബാധിക്കുന്നതിനിടെ, ആപ്പിൾ വിപരീത ദിശയിൽ നീങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത തലമുറയിലെ ഏറ്റവും വിലക്കുറവുള്ള മോഡലായി പ്രതീക്ഷിക്കുന്ന ഐഫോൺ 18ഇ-യിൽ റാം ശേഷി വർധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജിഎഫ് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ജെഫ് പുയുടെ റിപ്പോർട്ട് പ്രകാരം, 2027 മാർച്ചിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന ഐഫോൺ 18ഇ-യിൽ 9 ജി.ബി. റാം ലഭിക്കും. നിലവിലെ ഐഫോൺ 17ഇ-യിൽ 8 ജി.ബി. റാമാണുള്ളത്. ആപ്പിൾ അനലിസ്റ്റ് മിങ്-ചി കുവോ നേരത്തെയും സമാനമായ പ്രവചനം നടത്തിയിരുന്നു. ഇതോടെ ഐഫോൺ 18ഇ-യിലെ റാം വർധനവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുകയാണ്.
അതേസമയം, ആഗോള മെമ്മറി പ്രതിസന്ധി കാരണം പല സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളും അവരുടെ പുതിയ മോഡലുകളിൽ മെമ്മറി ശേഷി കുറയ്ക്കുന്ന പ്രവണതയാണ് പിന്തുടരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ വരാനിരിക്കുന്ന പിക്സൽ 11 പ്രോയിൽ 16 ജി.ബി. റാമിന് പകരം 12 ജി.ബി. റാം നൽകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആപ്പിൾ റാം വർധിപ്പിക്കുമെന്ന റിപ്പോർട്ട് ശ്രദ്ധേയമാകുന്നത്.
മറ്റൊരു പ്രധാന മാറ്റത്തിനും ആപ്പിൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ കമ്പനി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ 18 അൾട്ര (അഥവാ ഐഫോൺ 18 ഫോൾഡ്) എന്നീ പ്രോ മോഡലുകൾ മാത്രമായിരിക്കും അവതരിപ്പിക്കുക. സാധാരണ ഐഫോൺ 18, ഐഫോൺ 18ഇ, കൂടാതെ ഐഫോൺ എയർ 2 എന്നിവ അടുത്ത വർഷം പുറത്തിറക്കുമെന്നാണ് സൂചന. അതായത്, ഈ വർഷം മൂന്ന് മോഡലുകളും അടുത്ത വർഷം മൂന്ന് മോഡലുകളും അവതരിപ്പിക്കുന്ന പുതിയ ലോഞ്ച് തന്ത്രമാണ് ആപ്പിൾ പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റാം വർധിപ്പിക്കുന്നതിനൊപ്പം പുതിയ ഐഫോണുകളുടെ വിലയും ഗണ്യമായി ഉയർന്നേക്കുമെന്നാണ് സൂചന. പ്രത്യേകിച്ച് പ്രോ മോഡലുകൾക്ക് 250 മുതൽ 300 ഡോളർ വരെ (ഏകദേശം 28,000 രൂപ) വില വർധന ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജെഫ് പുവും മോർഗൻ സ്റ്റാൻലിയിലെ അനലിസ്റ്റ് എറിക് വുഡ്രിങ്യും പറയുന്നതനുസരിച്ച്, പുതിയ എ20 പ്രോ ചിപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന ടി.എസ്.എം.സി.യുടെ 2 നാനോമീറ്റർ നിർമ്മാണ സാങ്കേതികവിദ്യയുടെ ഉയർന്ന ചെലവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയറുകളുടെ വർധിച്ച ആവശ്യകത മൂലമുള്ള ഡി-റാം, നാൻഡ് മെമ്മറി വിലക്കയറ്റവുമാണ് ആപ്പിളിന്റെ നിർമ്മാണച്ചെലവ് ഉയർത്തുന്നത്. ഈ അധിക ചെലവ് കമ്പനി തന്നെ വഹിക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് മേൽ ചുമത്താനാണ് സാധ്യതയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
