2025ന്‍റെ ആദ്യപാതിയില്‍ 1.20 കോടി ഫോണുകള്‍ വിറ്റഴിയും; ഐഫോണ്‍ എസ്ഇ 4 തരംഗമാകുമെന്ന് പ്രവചനം
വിപണിയില്‍ കൊടുങ്കാറ്റാവാന്‍ ഐഫോണ്‍ എസ്ഇ 4 ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണ്‍, മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് പ്രവചനം

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമുള്ള എസ്ഇ സീരീസിലെ നാലാം തലമുറ ഫോണ്‍ വിപണിയില്‍ തരംഗമാകുമെന്ന് പ്രവചനം. ഐഫോണ്‍ എസ്ഇ 4 അതിന്‍റെ മുന്‍ഗാമി ഫോണ്‍ മോഡലുകളേക്കാള്‍ മികച്ച വില്‍പന നേടുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ പറയുന്നു.
ഐഫോണ്‍ എസ്ഇ 4 ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. ഏറ്റവും നവീനമായ സാങ്കേതികവിദ്യകളില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ്, എ18 ചിപ്പ്, 48 എംപി ക്യാമറ എന്നിവയടക്കമുള്ള സൗകര്യങ്ങളോടെ വരുന്ന ഐഫോണ്‍ എസ്ഇ 4ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2025ന്‍റെ ആദ്യപാതിയില്‍ ഏകദേശം 1.20 കോടി ഐഫോണ്‍ എസ്ഇ 4 വില്‍ക്കപ്പെടും എന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിംഗ്-ചി കുവോയുടെ പ്രവചനം. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയില്‍ ഒരു കോടി ഐഫോണ്‍ എസ്ഇ 4 വിറ്റഴിയുമെന്നും മിംഗ് കണക്കാക്കുന്നു. ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ അടക്കമുള്ള മുന്‍ഗാമികളെ പിന്നിലാക്കുന്ന പ്രകടനം വിപണിയില്‍ എസ്ഇ 4 കാഴ്ചവെക്കും എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണയായി ലോഞ്ചിന് ശേഷം ഒരു വര്‍ഷം ഏകദേശം രണ്ട് കോടി ഐഫോണ്‍ എസ്ഇ ഫോണുകള്‍ വില്‍ക്കപ്പെടുന്നു എന്നാണ് മുന്‍ അനുഭവങ്ങള്‍.
ഐഫോണ്‍ എസ്ഇ 4 ഫെബ്രുവരി 19-ാം തിയതി ആപ്പിള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ആപ്പിള്‍ ഇന്‍റലിജന്‍സ് അടക്കമുള്ള വമ്പന്‍ ഫീച്ചറുകളോടെയാണ് എസ്ഇ 4 വരിക, ഐഫോൺ 16ൽ ഉപയോഗിച്ചിരിക്കുന്ന എ18 ചിപ്പ് ആയിരിക്കും ഐഫോൺ എസ്ഇ 4ന് കരുത്ത് പകരുക എന്നുമാണ് ബ്ലൂബെർഗിന്‍റെ റിപ്പോർട്ട്. വലിയ ഡിസ്പ്ലെ ഐഫോണ്‍ എസ്ഇ 4ല്‍ വരുമ്പോള്‍ ആപ്പിളിന്‍റെ ക്ലാസിക് ഹോം ബട്ടൺ അപ്രത്യക്ഷമാകും. നാല് ജിബി റാമിന് പകരം 8 ജിബി റാം, 12 എംപി റീയര്‍ ക്യാമറയ്ക്ക് പകരം 48 എംപി ക്യാമറ, 7 എംപിക്ക് പകരം 24 എംപി സെല്‍ഫി ക്യാമറ, 2018 എംഎഎച്ച് ബാറ്ററിക്ക് പകരം കൂടുതല്‍ കരുത്തുറ്റ ബാറ്ററി എന്നിവ ഐഫോണ്‍ എസ്ഇ 4ല്‍ വരുമെന്നാണ് സൂചന.
Read more: പുതിയൊരു ലോഞ്ച് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ; വരുന്നത് ഐഫോൺ എസ്ഇ 4 എന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
