പുതിയ ഐഫോൺ 17ഇ (iPhone 16e) വിപണിയിലെത്തിയതിന് പിന്നാലെ ഐഫോൺ 16ഇയുടെ വിലയിൽ 7,000 രൂപയുടെ കുറവ്. ഇപ്പോൾ 49,000 രൂപയിൽ താഴെ വിലയില്‍ ഐഫോൺ 16ഇ വാങ്ങാം. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ഓഫറുകളും മറ്റു വിവരങ്ങളും അറിയാം.

പുതിയ ഐഫോൺ 17ഇ വിപണിയിലെത്തിയതോടെ, ആപ്പിൾ അവരുടെ ജനപ്രിയ മോഡലായ ഐഫോൺ 16ഇയുടെ വില കുത്തനെ കുറച്ചു. ഒരു പ്രീമിയം ഫോൺ ബജറ്റ് വിലയിൽ വാങ്ങാൻ കാത്തിരുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇതൊരു സുവർണാവസരമാണ്. നിലവിൽ 49,000 രൂപയിൽ താഴെ വിലയില്‍ ഐഫോണ്‍ 16ഇ ലഭിക്കുമെന്നത് ഇന്ത്യന്‍ വിപണിയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. 

എന്തുകൊണ്ട് വില കുറച്ചു?

പുതിയ ഐഫോണ്‍ മോഡലുകൾ വിപണിയിലെത്തിക്കുമ്പോള്‍ പഴയ മോഡലുകൾക്ക് വില കുറയ്ക്കുന്നത് ആപ്പിളിന്‍റെ ഒരു പതിവ് രീതിയാണ്. 2026 മാർച്ച് ആദ്യം ഐഫോൺ 17ഇ (iPhone 17e) പുറത്തിറങ്ങിയതോടെയാണ് മുന്‍ഗാമിയായ ഐഫോൺ 16ഇയ്‌ക്ക് ഏകദേശം 7,000 രൂപയോളം ആപ്പിള്‍ കുറച്ചത്. ഇതിലൂടെ കൂടുതൽ ആളുകളെ ആപ്പിൾ ഇക്കോസിസ്റ്റത്തിലേക്ക് ആകർഷിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 

ഐഫോൺ 16ഇ ഇപ്പോഴും മികച്ച ഓപ്ഷനാണോ?

കുറഞ്ഞ വിലയില്‍ മെച്ചപ്പെട്ട ഫീച്ചറുകളുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ തിരയുന്നവര്‍ക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് ഐഫോണ്‍ 16ഇ. എ18 ബയോണിക് ചിപ്പ് (A18 Bionic Chip) ഐഫോണ്‍ 16ഇയ്‌ക്ക് മികച്ച പ്രോസസിംഗ് വേഗത നൽകുന്നു. 6.1 ഇഞ്ചിന്‍റെ സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ വീഡിയോ കാണാനും ഗെയിം കളിക്കാനുമെല്ലാം മികച്ച സൗകര്യം നൽകും. കൂടാതെ, ആപ്പിൾ ഇന്‍റലിജൻസ് (Apple Intelligence) ഫീച്ചർ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ഐഫോണ്‍ 16ഇ അനുയോജ്യമാണ്.

ഐഫോൺ 16ഇ: ക്യാമറയും ബാറ്ററിയും

ഫോട്ടോ എടുക്കാൻ ഇഷ്ടപ്പെടുന്നവർക്കായി 48 മെഗാപിക്‌സിലിന്‍റെ സിംഗിള്‍ റിയര്‍ ക്യാമറയാണ് ഐഫോണ്‍ 16ഇയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും ഇത് മികച്ച ചിത്രങ്ങൾ നൽകും. വീഡിയോ കോളിനും സെൽഫിക്കുമായി 12 മെഗാപിക്‌സലിന്‍റെ ഫ്രണ്ട് ക്യാമറയുമുണ്ട്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉപയോക്താക്കൾക്ക് ഏറെ സഹായകമാകും. 

ഐഫോണ്‍ 16ഇ ഓഫറുകൾ എവിടെയൊക്കെ ലഭിക്കും?

ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ഐഫോണ്‍ 16ഇയുടെ ഈ വിലക്കുറവ് ലഭ്യമാണ്. ചില ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3,000 മുതൽ 5,000 രൂപ വരെ അധിക കിഴിവും ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 16ഇ സ്വന്തമാക്കുകയുമാവാം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming