ഐക്യുവിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐക്യു 16 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. മുൻ മോഡലിനെക്കാൾ വലിയ അപ്‌ഗ്രേഡുകളോടെ എത്തുന്ന ഫോണിൽ ക്വാൽക്കമിന്‍റെ ഏറ്റവും പുതിയ പ്രോസസറും 9,000 എംഎഎച്ച് ബാറ്ററിയും പെരിസ്‌കോപ്പ് ക്യാമറയും ഉണ്ടാകുമെന്നാണ് സൂചന.

ദില്ലി: ഐക്യുവിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയ ഐക്യു 16 ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും ഉടൻ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ ഈ ഹാൻഡ്‌സെറ്റ് ഐഎംഇഐ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോഞ്ച് സംബന്ധിച്ച സൂചനകൾ ശക്തമായത്. റിപ്പോർട്ടുകൾ പ്രകാരം I2601 എന്ന മോഡൽ നമ്പറോടെയാണ് ഈ സ്‌മാർട്ട്ഫോൺ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവോ മൊബൈൽ കമ്മ്യൂണിക്കേഷൻ കോ ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമ്മാതാവായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2025 ഒക്‌ടോബറില്‍ ചൈനയിൽ പുറത്തിറങ്ങിയതും പിന്നീട് നവംബറിൽ ഇന്ത്യയിൽ എത്തിയതുമായ iQOO 15-ന്‍റെ പിന്‍ഗാമിയായിരിക്കും ഐക്യു 16. മുൻ മോഡലിനെക്കാൾ വലിയ അപ്‌ഗ്രേഡുകളോടെയാകും പുതിയ ഫോൺ എത്തുക എന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ. ക്വാൽക്കമിന്‍റെ അടുത്ത തലമുറ പ്രോസസറായ സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ പ്ലസ് ചിപ്പ്സെറ്റാണ് ഐക്യു 16-ൽ ഉൾപ്പെടാൻ സാധ്യത എന്ന് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എഐ പ്രവർത്തനങ്ങൾക്കും ഹൈഎൻഡ് ഗെയിമിംഗിനും മികച്ച പ്രകടനം നൽകുന്ന രീതിയിലായിരിക്കും ഈ പ്രോസസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ, ദീർഘസമയം ഗെയിം കളിക്കുമ്പോൾ ഫോൺ ചൂടാകുന്നത് നിയന്ത്രിക്കാൻ പ്രത്യേക പാസീവ് കൂളിംഗ് സംവിധാനവും കമ്പനി വികസിപ്പിച്ച പ്രകടന ചിപ്പും ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോണിലെ ക്യാമറ വിഭാഗത്തിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടൊപ്പം പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറും ഫോണിൽ ഉണ്ടാകാമെന്നാണ് വിവരം. ദൂരെയുള്ള വസ്‌തുക്കൾ കൂടുതൽ വ്യക്തതയോടെ പകർത്താൻ ഇത് സഹായിക്കും. അതുപോലെ ഈ പോണിന്‍റെ ബാറ്ററി ശേഷി സംബന്ധിച്ച അഭ്യൂഹങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ഐക്യു 16-ൽ 9,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററി ഉൾപ്പെടാമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ മുന്നേറ്റമായിരിക്കും.

അതേസമയം, ഐക്യു 15-ന്‍റെ ഇന്ത്യൻ പതിപ്പിൽ 6.85 ഇഞ്ച് 2കെ എല്‍ടിപിഒ അമോലെഡ് 144 ഹെര്‍ട്‌സ് ഡിസ്പ്ലേ, സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, മൂന്ന് 50എംപി ക്യാമറകൾ, 7,000 എംഎഎച്ച് ബാറ്ററി, 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് എന്നിവ ഉൾപ്പെടുത്തിയിരുന്നു. പുതിയ ഐക്യു 16 ഫോണിന്‍റെ വിലയോ ഔദ്യോഗിക ലോഞ്ച് തീയതിയോ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രീമിയം ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ തന്നെ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News