ഐക്യു സ്സെഡ്10ആര്‍ 5ജി റഷ്യയിൽ പുറത്തിറങ്ങി. 50 എംപി പ്രൈമറി ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയും ഐക്യു സ്സെഡ്10ആര്‍ ഫോണിലുണ്ട്. ഡിസൈൻ, പ്രോസസർ, ബാറ്ററി, സ്റ്റോറേജ് എന്നിവയിൽ കാര്യമായ വ്യത്യാസത്തോടെയാണ് ഫോണ്‍ അവതരിച്ചിരിക്കുന്നത്. 

മോസ്‌കോ: വിവോയുടെ സബ് ബ്രാൻഡായ ഐക്യു അവരുടെ പുതിയ സ്‌മാർട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ 5ജി റഷ്യയിൽ പുറത്തിറക്കി. കമ്പനി അടുത്തിടെ ഇന്ത്യയിൽ ഇതേ പേരിൽ ഒരു മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ രണ്ട് ഡിവൈസുകൾക്കും ഡിസൈൻ, പ്രോസസർ, ബാറ്ററി, സ്റ്റോറേജ് എന്നിവയിൽ കാര്യമായ വ്യത്യാസമുണ്ട്. രണ്ട് മോഡലുകളും ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്നു. കൂടാതെ 50 എംപി പ്രൈമറി ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇന്ത്യൻ വേരിയന്‍റ് അൽപ്പം കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. റഷ്യൻ വേരിയന്‍റിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കാം.

ഐക്യു സ്സെഡ്10ആര്‍ 5ജി: വില

റഷ്യയിൽ ഐക്യു സ്സെഡ്10ആര്‍ 5ജി-യുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റ് 22,999 റൂബിളിൽ (ഏകദേശം 26,000 രൂപ) വില ആരംഭിക്കുന്നു. 12 ജിബി + 512 ജിബി മോഡലിന് 27,999 റൂബിള്‍ (ഏകദേശം 31,000 രൂപ) വിലയുണ്ട്. ഡീപ് ബ്ലാക്ക്, ടൈറ്റാനിയം ഷൈൻ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

ഐക്യു സ്സെഡ്10ആര്‍ 5ജി-യുടെ റഷ്യൻ വേരിയന്‍റിൽ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1300 നിറ്റ്‍സ് ബ്രൈറ്റ്‌നസും ഉള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടെക് ഒഎസ് 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്, പിന്നീട് ഒറിജിൻ ഒഎസ് 6 അപ്‌ഡേറ്റ് ലഭിക്കും. 12 ജിബി വരെ റാമും 512 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ (4nm) ചിപ്‌സെറ്റാണ് പുതിയ ഐക്യു സ്സെഡ്10ആര്‍ 5ജി ഫോണിന് കരുത്ത് പകരുന്നത്.

ഐക്യു സ്സെഡ്10ആര്‍ 5ജി: ക്യാമറ

50 എംപി സോണി ഐഎംഎക്‌സ്882 പ്രൈമറി സെൻസറും 8 എംപി വൈഡ് ആംഗിൾ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യു സ്സെഡ്10ആര്‍ 5ജി-യുടെ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നത്. മുൻവശത്ത് 32 എംപി സെൽഫി ഷൂട്ടർ ഉണ്ട്. 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള വലിയ 6,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 194 ഗ്രാം ഭാരവും 7.59 എംഎം കനവും ഉള്ള ഫോണിന് ഐപി65-റേറ്റഡ് ബിൽഡുമുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്