ലെനോവോയുടെ പുതിയ എൻട്രി ലെവൽ ടാബ്‌ലെറ്റ് ഇന്ത്യയിൽ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രൊസസറും 4 ജിബി റാമും ഈ ടാബിൽ ഉൾപ്പെടുന്നു. 10,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ലെനോവോയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ ടാബ്‌ലെറ്റായ ലെനോവോ ടാബ് ഇന്ത്യയിൽ പുറത്തിറക്കി. മീഡിയ ടെക് ഹീലിയോ ജി85 പ്രൊസസറും 4 ജിബി റാമും ഈ ടാബിൽ ഉൾപ്പെടുന്നു. 60Hz റിഫ്രഷ് റേറ്റുള്ള 10.1 ഇഞ്ച് ഫുൾ-എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 15W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,100mAh ബാറ്ററി പുതിയ ടാബ്‌ലെറ്റിൽ ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് വൈ-ഫൈ മാത്രമുള്ളതും വൈ-ഫൈ + എൽടിഇ-ഉള്ളതുമായ പതിപ്പുകൾ തിരഞ്ഞെടുക്കാം. ഫോട്ടോകൾക്കും വീഡിയോ കോളുകൾക്കുമായി, ടാബ്‌ലെറ്റിൽ 8 മെഗാപിക്സൽ പിൻ ക്യാമറ ലഭിക്കുന്നു. ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ-സ്പീക്കർ സജ്ജീകരണവും ഇതിലുണ്ട്.

ലെനോവോ ടാബിന്റെ വൈ-ഫൈ കണക്റ്റിവിറ്റിയുള്ള 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഇന്ത്യയിൽ 10,999 രൂപയാണ് വില . വൈ-ഫൈ + എൽടിഇ കണക്റ്റിവിറ്റിയുള്ള അതേ റാമും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് 12,999 രൂപയാണ് വില. വൈ-ഫൈയുള്ള 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 11,998 രൂപയാണ് വില. പോളാർ ബ്ലൂ കളർ ഓപ്ഷനിൽ വരുന്ന ഈ ടാബ്‍ലെറ്റ് ലെനോവോ വെബ്‍സൈറ്റ്, ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയ്ക്ക് ലഭ്യമാണ്.

ലെനോവോ ടാബ് സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ ലെനോവോ ZUI 16 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ലാണ് ലെനോവോ ടാബ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കുമെന്ന് കമ്പനി പറയുന്നു. 60Hz റിഫ്രഷ് റേറ്റും 400nits വരെ പീക്ക് ബ്രൈറ്റ്‌നസ്സും ഉള്ള 10.1 ഇഞ്ച് ഫുൾ-എച്ച്ഡി (1,200×1,920 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. കുറഞ്ഞ നീല വെളിച്ചം പുറന്തള്ളുന്നതിനുള്ള ടിയുവി സർട്ടിഫിക്കേഷൻ ഡിസ്‌പ്ലേയിലുണ്ട്. 4GB LPDDR4X റാമും പരമാവധി 128GB eMMC സ്റ്റോറേജും ഉള്ള ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ലെനോവോ ടാബിന് 8 മെഗാപിക്സൽ പിൻ ക്യാമറ സെൻസറാണുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 5 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. ഡോൾബി അറ്റ്‌മോസ് ട്യൂണിംഗുള്ള ഡ്യുവൽ സ്പീക്കറുകളാണ് ടാബ്‌ലെറ്റിനുള്ളത്. മെറ്റൽ ബോഡിയാണ് ഈ ടാബ്‌ലെറ്റിന് ലഭിക്കുന്നത്.

കണക്റ്റിവിറ്റിക്കായി, ലെനോവോ ടാബിൽ ബ്ലൂടൂത്ത് 5.3, വൈ-ഫൈ 5 എന്നിവയുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ ടാബ് ഫേസ് അൺലോക്ക് ഫീച്ചറിനെ പിന്തുണയ്ക്കുന്നു. പുതിയ ടാബ്‌ലെറ്റിൽ ഇൻബിൽറ്റ് കിക്ക്‌സ്റ്റാൻഡോടുകൂടിയ ക്ലിയർ കേസും ഉണ്ട്. സ്റ്റാൻഡ്‌ബൈ മോഡ് ഉപയോഗിച്ച് ഉപകരണത്തിന് ഒരു ഡിജിറ്റൽ ഫോട്ടോ ഫ്രെയിമോ ക്ലോക്കോ ആയി മാറാൻ കഴിയുമെന്ന് ലെനോവോ അവകാശപ്പെടുന്നു.