വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 13ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15-ന്‍റെ ഇന്ത്യന്‍ സ്പെസിഫിക്കേഷനുകള്‍ പുറത്തുവിട്ടു. 

ദില്ലി: വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു. വണ്‍പ്ലസിന്‍റെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 15 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയിലെത്തും. നവംബര്‍ 13ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് വണ്‍പ്ലസ് 15 ഇന്ത്യയില്‍ അവതരിപ്പിക്കുക. ചൈനയില്‍ വണ്‍പ്ലസ് 15 രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇന്ത്യ അടക്കമുള്ള ആഗോള വിപണികളിലെ ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് 15ന്‍റെ ക്യാമറ ഉള്‍പ്പടെയുള്ള സ്പെസിഫിക്കേഷനുകള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വണ്‍പ്ലസ് 13-ന്‍റെ പിന്‍ഗാമിയായാണ് വണ്‍പ്ലസ് 15 ഇന്ത്യയിലേക്ക് എത്തുന്നത്. വണ്‍പ്ലസ് 14 സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനി അവതരിപ്പിച്ചിരുന്നില്ല.

വണ്‍പ്ലസ് 15: ഇന്ത്യന്‍ വേരിയന്‍റിന്‍റെ സവിശേഷതകള്‍ പുറത്തുവിട്ടു

ഇന്ത്യയില്‍ ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 സോക് ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണായിരിക്കും വണ്‍പ്ലസ് 15. 16 ജിബി LPDDR5X അള്‍ട്രാ+ റാം ആയിരിക്കും ഇതുമായി സംയോജിപ്പിച്ചിട്ടുണ്ടാവുക. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ഒഎസ് 16 പ്ലാറ്റ്‌ഫോമില്‍ വരുന്ന വണ്‍പ്ലസ് 15 ഡീറ്റൈല്‍മാക്‌സ് എഞ്ചിന്‍റെ പുത്തന്‍ ക്യാമറ സാങ്കേതികവിദ്യ അവതരിപ്പിക്കും. ഹാസ്സല്‍ബ്ലാഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചാണ് ക്യാമറ വിഭാഗത്തില്‍ വണ്‍പ്ലസ് സ്വന്തം ടെക്‌നോളജി അവതരിപ്പിക്കുന്നത്. മൂന്ന് നിറങ്ങളിലായിരിക്കും വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. നവംബര്‍ 13ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതല്‍ വണ്‍പ്ലസ് 15 വാങ്ങാനാകും. ബ്രാന്‍ഡിന്‍റെ ഗ്ലോബല്‍ ലോഞ്ച് ഇവന്‍റില്‍ മാത്രമേ വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ വില അടക്കമുള്ള സമ്പൂര്‍ണ സ്‌പെസിഫിക്കേഷനുകള്‍ വണ്‍പ്ലസ് അധികൃതര്‍ പുറത്തുവിടുകയുള്ളൂ.

ക്വാൽകോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, ശക്തമായ 7300 എംഎഎച്ച് ബാറ്ററി, 50 വാട്‌സ് വയർലെസ് ഫ്ലാഷ് ചാർജ്, 50-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തുടങ്ങിയവ ചൈനയില്‍ ഇറങ്ങിയ വൺപ്ലസ് 15 വേരിയന്‍റിലുണ്ടായിരുന്നു. സെൽഫികൾക്കായി 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് നല്‍കിയിരുന്നത്. 6.78 ഇഞ്ച് മൂന്നാം തലമുറ BOE ഫ്ലെക്‌സിബിൾ അമോലെഡ് ഡിസ്പ്ലേയായിരുന്നു ഫോണിനുണ്ടായിരുന്നത്. വൺപ്ലസ് 15 സ്‍മാർട്ട് ഫോൺ 5ജി, എന്‍എഫ്‌സി, വൈ-ഫൈ 7, ജിപിഎസ്, ഗ്ലോനാസ്, QZSS എന്നിവയെ പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി, ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സ്‌കാനറും ഉണ്ട്. പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, കളർ ടെംപറേച്ചർ സെൻസർ, ഇലക്‌ട്രോണിക്‌സ് കോമ്പസ്, ആക്‌സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ്, ഹാൾ സെൻസർ, ലേസർ ഫോക്കസ് സെൻസർ, സ്‌പെക്‌ട്രം സെൻസർ, ഐആർ ബ്ലാസ്റ്റർ എന്നിവയും വണ്‍പ്ലസ് 15-ലുണ്ടായിരുന്നു

വണ്‍പ്ലസ് 15: ചൈനയിലെ വില

വൺപ്ലസ് 15-ന്‍റെ 12 ജിബി/256 ജിബി അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് 3,999 യുവാന്‍ (ഏകദേശം 49,598 രൂപ) ആണ് ചൈനയിലെ വിലത്തുടക്കം. 16 ജിബി/256 ജിബി, 12 ജിബി/512 ജിബി, 16 ജിബി/512 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 4,299 യുവാന്‍ (ഏകദേശം 53,319 രൂപ), 4,599 യുവാന്‍ (ഏകദേശം 57,040 രൂപ), 4,899 യുവാന്‍ (ഏകദേശം 60,760 രൂപ) എന്നിങ്ങനെയാണ് വില. 16 ജിബി/1ടിബി സ്റ്റോറേജ് മുന്തിയ വേരിയന്‍റിന് 5,399 യുവാന്‍ (ഏകദേശം 66,962 രൂപ) ആണ് വില.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്