വൺപ്ലസ് പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണായ എൻ6എക്സ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആമസോണിൽ പ്രത്യേക മൈക്രോസൈറ്റ് ലൈവായതോടെ ഫോൺ ഉടൻ എത്തുമെന്ന് ഉറപ്പായി. പുതിയ മോഡലിന് അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് എൻ6-നോട് സാമ്യമുള്ള സവിശേഷതകളായിരിക്കുമെന്നാണ് സൂചന.

സ്‍മാർട്ട്ഫോൺ വിപണിയിലെ മത്സരം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി വൺപ്ലസ്. കമ്പനിയുടെ പുതിയ വൺപ്ലസ് എൻ6എക്സ് സ്‍മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ചാണ് ഇപ്പോൾ ടീസ് ചെയ്തിരിക്കുന്നത്. ഇതിനായി പ്രത്യേക മൈക്രോസൈറ്റ് ലൈവായതോടെ പുതിയ മോഡൽ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചു. പുതിയ ഫോൺ ആമസോൺ ഇന്ത്യയിലൂടെ വിൽപ്പനയ്‌ക്കെത്തുമെന്നും മൈക്രോസൈറ്റിൽ വ്യക്തമാക്കുന്നു.

വൺപ്ലസ് എൻ6-നോട് ഏറെ സാമ്യം

അതേസമയം, വൺപ്ലസ് എൻ6എക്സിന്റെ ലോഞ്ച് തീയതി, വില, ഡിസൈൻ, പ്രധാന സവിശേഷതകൾ എന്നിവയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ടിപ്സ്റ്റർ യോഗേഷ് ബ്രാർ നൽകുന്ന വിവരമനുസരിച്ച്, പുതിയ മോഡൽ വൺപ്ലസ് എൻ6-നോട് ഏറെ സാമ്യമുള്ള സവിശേഷതകളോടെയായിരിക്കും എത്തുക.

കഴിഞ്ഞ ജൂൺ 30-നാണ് വൺപ്ലസ് പുതിയ എൻ സീരീസിലെ ആദ്യ സ്‍മാർട്ട്ഫോണായ വൺപ്ലസ് എൻ6 ഇന്ത്യയിൽ അവതരിപ്പിച്ചത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 22,999 രൂപയാണ് പ്രാരംഭ വില. ഫ്രെഷ് മിന്റ്, മിഡ്‌നൈറ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തിയത്. നിലവിൽ ആമസോൺ ഇന്ത്യയിലും വൺപ്ലസിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമാണ്.

6.75 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേ, 120 ഹെർട്‍സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് വരെ പരമാവധി തെളിച്ചം എന്നിവയാണ് വൺപ്ലസ് എൻ6-ന്റെ പ്രധാന സവിശേഷതകൾ. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഐപി65 റേറ്റിങ്ങും ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6360 ഏപെക്സ് ഒക്ടാ കോർ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ആൻടുടു ബെഞ്ച്മാർക്ക് പരിശോധനയിൽ 6.15 ലക്ഷം പോയിന്റിലധികം സ്കോർ നേടിയതായി കമ്പനി അവകാശപ്പെടുന്നു.

8,000 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും വൺപ്ലസ് എൻ6-ന്റെ പ്രധാന ആകർഷണങ്ങളാണ്. 6.5 വാട്ട് റിവേഴ്സ് വയർഡ് ചാർജിങ്ങിനും പിന്തുണയുണ്ട്. ഒരൊറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 10 മടങ്ങ് വരെ ഡിജിറ്റൽ സൂമിനും പിന്തുണ ലഭിക്കും.

വൺപ്ലസ് എൻ6എക്സിന്റെ ഔദ്യോഗിക ലോഞ്ച് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വില, ലഭ്യത, സാങ്കേതിക സവിശേഷതകൾ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് ചടങ്ങോടെ പുറത്തുവരും. എൻട്രി ലെവൽ സ്‍മാർട്ട്ഫോൺ വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാക്കുന്നതായിരിക്കും വൺപ്ലസിന്റെ പുതിയ നീക്കമെന്നാണ് വിപണി വിലയിരുത്തുന്നത്.