വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5 എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും പ്രധാന സവിശേഷത അതിശക്തമായ ബാറ്ററിയും പ്രോസസറുമായിരിക്കും

ദില്ലി: വൺപ്ലസ് കമ്പനി അവരുടെ നോർഡ് സീരീസിലെ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5 എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 8-ന് അന്താരാഷ്ട്ര വിപണിയിൽ ഈ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മിഡ്-റേഞ്ച് വിഭാഗത്തിൽ ശക്തമായ സവിശേഷതകളും താങ്ങാനാവുന്ന വിലയും ഈ ഫോണുകൾ ഉപയോക്താക്കൾക്ക് നൽകും. ഈ രണ്ട് ഫോണുകളിലും ശക്തമായ ബാറ്ററിയും പ്രോസസറും സജ്ജീകരിച്ചിട്ടുണ്ടാകും എന്നാണ് സൂചന.

വൺപ്ലസ് നോർഡ് 5

വൺപ്ലസ് നോർഡ് 5ന് 6.83 ഇഞ്ച് 1.5കെ ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമായി വരും. ഉയർന്ന പെർഫോമൻസ് നൽകുന്ന മീഡിയടെക് ഡൈമെൻസിറ്റി 9400ഇ ചിപ്‌സെറ്റാവും ഫോണിന് കരുത്ത് പകരുക. 50 എംപി പ്രധാന ക്യാമറ (OIS സഹിതം) 8 എംപി അൾട്രാ-വൈഡ് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറയും എന്നിവ ഇതിലുണ്ടാകും. കരുത്തുറ്റ 6700 എംഎഎച്ച് ബാറ്ററിയും 100 വാട്സ് ഫാസ്റ്റ് ചാർജിംഗും വൺപ്ലസ് നോർഡ് 5 ഫോണിലുണ്ടാകും. വൺപ്ലസ് 13s-ൽ കണ്ടിരുന്ന അലേർട്ട് സ്ലൈഡർ നീക്കം ചെയ്തുകൊണ്ട് ഈ ഫോണിന് ഒരു പുതിയ പ്ലസ് കീ ഫീച്ചർ ചേർക്കാനും സാധ്യതയുണ്ട്. ടൈറ്റാനിയം, ഫാന്‍റം ബ്ലാക്ക്, ബ്രീസ് ബ്ലൂ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

വണ്‍പ്ലസ് നോർഡ് സിഇ 5

വൺപ്ലസ് നോർഡ് സിഇ 5ന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. ഇതിന് ഒരു പ്രോസസറായി ഡൈമെൻസിറ്റി 9400ഇ നൽകാം. ഈ സ്മാർട്ട്‌ഫോണിനും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് വരാനിട. 80 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7100 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്‍റെ ഏറ്റവും ശക്തമായ ഫീച്ചര്‍.

വൺപ്ലസ് നോർഡ് 5ന് ഇന്ത്യയിൽ 30,000 മുതൽ 35,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. അതേസമയം നോർഡ് സിഇ 5ന് ഏകദേശം 25,000 രൂപ വിലവരും. രണ്ട് ഫോണുകളും ആമസോണിലും വൺപ്ലസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകും. ഈ രണ്ട് സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത കുറച്ച് ആഴ്ചകളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷ.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്