വൺപ്ലസ് നോർഡ് 5-ന് 50 എംപി റിയര്‍ ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 50 എംപി സെൽഫി ക്യാമറ എന്നിവയുണ്ട്
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വൺപ്ലസ് ഇന്ത്യയിൽ രണ്ട് പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കി. വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5 എന്നിവയാണ് ഈ സ്‌മാര്‍ട്ടഫോണുകൾ. നിരവധി മികച്ച ഫീച്ചറുകളും ശക്തമായ പ്രകടനവും ഈ ഫോണുകൾ വാഗ്‍ദാനം ചെയ്യുന്നു. ഈ ഫോണുകളിൽ ഡ്യുവൽ റിയർ ക്യാമറ, 7100 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാർജർ എന്നിവ ഉണ്ടാകും. വണ്‍പ്ലസ് നോര്‍ഡ് സീരീസ് ഹാൻഡ്‌സെറ്റുകൾ പോക്കോ, ഐക്യുഒ, വിവോ, ഓപ്പോ, നത്തിംഗ്, മോട്ടോറോള എന്നിവയുടെ സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വൺപ്ലസ് നോർഡ് 5 വില
വൺപ്ലസ് നോർഡ് 5 മൂന്ന് വേരിയന്‍റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്, അതിന്‍റെ 8 ജിബി + 256 ജിബി സ്റ്റോറേജിന്‍റെ പ്രാരംഭ വില 31,999 രൂപയാണ്. ഇതിനുപുറമെ, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 34,999 രൂപയാകും. അതേസമയം, 12 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്‍റിന് 37,999 രൂപയുമാണ് വില. മാർബിൾ സാൻഡ്സ്, ഡ്രൈ ഐസ്, ഫാന്‍റം ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഫോൺ വരുന്നത്.
വൺപ്ലസ് നോർഡ് സിഇ5 വില
വൺപ്ലസ് നോർഡ് സിഇ5-ന്‍റെ പ്രാരംഭ വേരിയന്‍റ് 8 ജിബി + 128 ജിബി സ്റ്റോറേജാണ്. 24,999 രൂപയാണ് അതിന്‍റെ വില. അതേസമയം, 8 ജിബി + 256 ജിബി വേരിയന്‍റിന് 26,999 രൂപയാണ്. 12 ജിബി + 256 ജിബി വേരിയന്‍റിന് 28,999 രൂപയാകും. ഈ ഹാൻഡ്‌സെറ്റ് ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്‌സസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വിൽപ്പന ജൂലൈ 12 മുതൽ ആരംഭിക്കും. വൺപ്ലസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ ഇന്ത്യ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്ന് ഈ ഫോണുകൾ വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 2,000 രൂപ കിഴിവ് ലഭ്യമാണ്.
വൺപ്ലസ് നോർഡ് 5-ന്‍റെ സവിശേഷതകൾ
വൺപ്ലസ് നോർഡ് 5-ന് 6.83 ഇഞ്ച് സ്വിഫ്റ്റ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. അതിൽ അക്വാ ടച്ച് പിന്തുണ ലഭ്യമാകും. അക്വാ ടച്ചിന്‍റെ സഹായത്തോടെ, വിരലുകൾ നനഞ്ഞാലും ടച്ച് പാനൽ ഉപയോഗിക്കാൻ കഴിയും. ഇതിന് 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്, സ്‌ക്രീൻ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ചിരിക്കുന്നു.
വൺപ്ലസ് നോർഡ് 5-ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 12 ജിബി വരെ LPDDR5X റാമും പരമാവധി 512 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജും ലഭ്യമാണ്. വൺപ്ലസ് നോർഡ് 5 ന് 6800 എംഎഎച്ച് ബാറ്ററി ലഭിക്കുന്നു. ഇത് 80 വാട്സ് അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഈ ഫാസ്റ്റ് ചാർജർ കുറഞ്ഞ സമയത്തിനുള്ളിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള കഴിവ് നൽകുന്നു.
വൺപ്ലസ് നോർഡ് 5-ന് 50 എംപി റിയര്‍ ക്യാമറ ലഭിക്കുന്നു. സെക്കൻഡറി ക്യാമറ 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസാണ്. മുൻവശത്ത് 50 എംപി സെൽഫി ക്യാമറയുമുണ്ട്. ഇതിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് മികച്ച ഫോട്ടോഗ്രാഫി അനുഭവം ലഭിക്കും. കുറഞ്ഞ വെളിച്ചത്തിൽ പോലും നല്ല ഫോട്ടോകൾ ക്ലിക്കുചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിരവധി മോഡുകളും ഇതിൽ നൽകിയിട്ടുണ്ട്.
വൺപ്ലസ് നോർഡ് സിഇ5 5ജി-യുടെ സവിശേഷതകൾ
വൺപ്ലസ് നോർഡ് സിഇ 5ജി-യിൽ 6.77 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ ലഭിക്കുന്നു. ഇത് 1800 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുന്നു. ഇതിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉണ്ട്, ഇത് എച്ച്ഡിആര്‍10+ പിന്തുണയോടെ വരുന്നു. വൺപ്ലസ് നോർഡ് സിഇ5 5ജി-യിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. അതിൽ 50 എംപി പ്രൈമറി ക്യാമറയുണ്ട്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 16 എംഎപി സെൽഫി ക്യാമറയുമുണ്ട്. വൺപ്ലസ് നോർഡ് സിഇ5 5ജി-യിൽ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. അതിൽ 7,041mm2 ക്രയോവെലോസിറ്റി വേപ്പർ ചേമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ലഭിക്കുന്നു.



