ഒപ്പോയുടെ ഫൈൻഡ് എക്‌സ്10 ശ്രേണിയിൽ ഫൈൻഡ് എക്‌സ്10 പ്രോ മാക്സ് എന്ന പുതിയ മോഡൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. 200 മെഗാപിക്സലിന്റെ മൂന്ന് പിൻ ക്യാമറകളും മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ പ്രോസസറുമാകും ഇതിന്റെ പ്രധാന ആകർഷണം. ഈ ശ്രേണിയിലെ മറ്റ് മോഡലുകളായ ഫൈൻഡ് എക്‌സ്10, ഫൈൻഡ് എക്‌സ്10 പ്രോ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒപ്പോയുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ ശ്രേണിയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കമ്പനി ഫൈൻഡ് എക്‌സ്10 പ്രോ മാക്സ് എന്ന പുതിയ മോഡൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതുവരെ പ്രതീക്ഷിച്ചിരുന്ന ഫൈൻഡ് എക്‌സ്10 അൾട്ര മോഡലിന് പകരമായാണോ ഇത് എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പുതിയ മോഡലാകും ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന പതിപ്പെന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്‍ത ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഫൈൻഡ് എക്‌സ്10 പ്രോ മാക്സിൽ 6.78 ഇഞ്ച് വലുപ്പമുള്ള 1.5കെ റെസല്യൂഷനുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഉണ്ടാകുക. നേരത്തെ പ്രചരിച്ച 6.89 ഇഞ്ച് 2കെ ഡിസ്‌പ്ലേയെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് പുതിയ വിവരം. എൽഐപിഒ പാക്കേജിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ നേർത്ത അൾട്രാ-നാരോ സിമെട്രിക് ബെസലുകളും ഫോണിൽ ലഭിക്കുമെന്നാണ് സൂചന. ഇതിലൂടെ ഫോൺ കൈകാര്യം ചെയ്യാൻ കൂടുതൽ സൗകര്യപ്രദമായ രൂപകൽപ്പന ലഭിക്കുമെന്നാണ് വിലയിരുത്തൽ.
പെർഫോമൻസിന്‍റെ കാര്യത്തിൽ മീഡിയടെക്കിന്റെ പുതിയ രണ്ട് നാനോമീറ്റർ ഡൈമെൻസിറ്റി 9600 പ്രോ പ്രോസസറാകും ഈ ഫോണിന് കരുത്തേകുകയെന്നാണ് റിപ്പോർട്ട്. ക്യാമറ വിഭാഗത്തിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. 200 മെഗാപിക്സൽ സാംസങ് എച്ച്പിസി പ്രധാന ക്യാമറയ്ക്കൊപ്പം 200 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ 200 മെഗാപിക്സൽ പിൻ ക്യാമറ സംവിധാനമാണ് ഫോണിൽ ഉണ്ടായേക്കുന്നത്. ഇത് യാഥാർഥ്യമായാൽ മൂന്ന് 200 മെഗാപിക്സൽ ക്യാമറകളുമായി എത്തുന്ന ആദ്യ സ്‍മാർട്ട്ഫോണുകളിൽ ഒന്നായി ഈ മോഡൽ മാറും.
ഫൈൻഡ് എക്‌സ്10 ശ്രേണിയിലെ മറ്റ് മോഡലുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സാധാരണ ഫൈൻഡ് എക്‌സ്10 മോഡലിൽ 6.59 ഇഞ്ച് 1.5കെ ഡിസ്‌പ്ലേയും ഡൈമെൻസിറ്റി 9600 ലൈറ്റ് പ്രോസസറുമാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഡൈമെൻസിറ്റി 9500 പ്രോസസറിന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും ഇത്. അതേസമയം, ഫൈൻഡ് എക്‌സ്10 പ്രോ മോഡലിൽ 6.78 ഇഞ്ച് 1.5കെ ഡിസ്‌പ്ലേയും ഡൈമെൻസിറ്റി 9600 പ്രോ പ്രോസസറും ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, 6.59 ഇഞ്ച് ഡിസ്‌പ്ലേയുള്ള മറ്റൊരു കോംപാക്റ്റ് സ്‍മാർട്ട്ഫോണും കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ ആ മോഡൽ വിപണിയിലെത്തുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അതേസമയം ഇപ്പോഴുള്ള വിവരങ്ങളൊന്നും ഒപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ അന്തിമ സവിശേഷതകളിലും മോഡൽ പേരുകളിലും മാറ്റങ്ങൾ വന്നേക്കാമെന്നാണ് വിലയിരുത്തൽ.
