ഓപ്പോയുടെ പുതിയ ഫൈൻഡ് എക്‌സ്9 സീരീസ് ഏപ്രിൽ 21-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ് എന്നീ മോഡലുകൾ എത്തുമ്പോൾ, ഹസിൽബ്ലേഡ് ക്യാമറയും 7,025 എംഎഎച്ച് ബാറ്ററിയും ഫൈൻഡ് എക്‌സ്9എസിന്റെ പ്രധാന ആകർഷണങ്ങളാണ്. ഫൈൻഡ് എക്‌സ്9എസ് പ്രോ എന്ന പ്രീമിയം മോഡൽ ചൈനയിൽ മാത്രമായിരിക്കും ലഭ്യമാകുക.

ഓപ്പോയുടെ പുതിയ സ്‍മാർട്ട്ഫോൺ പരമ്പരയായ ഫൈൻഡ് എക്‌സ്9 സീരീസിന്‍റെ ആഗോള ലോഞ്ചിനായി ടെക് ലോകം കാത്തിരിക്കുകയാണ്. ഫൈൻഡ് എക്‌സ്9 അൾട്ര അടുത്ത ആഴ്‌ച ചൈനയിലും തെരഞ്ഞെടുത്ത ആഗോള വിപണികളിലും അവതരിപ്പിക്കും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടൊപ്പം ഗ്ലോബൽ വിപണിയിൽ ഫൈൻഡ് എക്‌സ്9എസ് (OPPO Find X9s) മോഡലും അരങ്ങേറ്റം കുറിക്കും. എന്നാൽ ഫൈൻഡ് എക്‌സ്9എസ് പ്രോ മോഡൽ ചൈനീസ് വിപണിക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ്

ഏപ്രിൽ 21-നാണ് ഫൈൻഡ് എക്‌സ്9 അൾട്രയും ഫൈൻഡ് എക്‌സ്9എസും ഗ്ലോബലായി ലോഞ്ച് ചെയ്യുന്നത്. ഈ ഇവന്‍റിൽ ഓപ്പോ വാച്ച് എക്‌സ്3, ഓപ്പോ എൻകോ ക്ലിപ്പ് 2 ടിഡബ്ല്യൂഎസ് എന്നീ ഉപകരണങ്ങളും അവതരിപ്പിക്കപ്പെടും. ഇതിനോടകം തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഫൈൻഡ് എക്‌സ്9എസ് മോഡലിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഹസിൽബ്ലേഡ് സഹകരണത്തോടെ വികസിപ്പിച്ച ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം. 50-മെഗാപിക്‌സൽ അൾട്ര ക്ലിയർ ക്യാമറ ഉൾപ്പെടുന്ന ഈ സംവിധാനം ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കും. സ്ക്വയർ രൂപത്തിലുള്ള ക്യാമറ മോഡ്യൂളും എൽഇഡി ഫ്ലാഷും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസൈൻ കാര്യത്തിൽ, ഫൈൻഡ് എക്‌സ്9എസ് ഫോണിന് ഫ്ലാറ്റ് ഡിസ്പ്ലേയാണുള്ളത്. 1.15 മില്ലീമീറ്റർ മാത്രം കനം വരുന്ന ബെസലുകൾ ഫോണിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. മുൻവശത്ത് ഹോൾ-പഞ്ച് കട്ട്‌ഔട്ടിൽ സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, 7,025 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ദീർഘകാല ഉപയോഗത്തിന് അനുയോജ്യമാണ്. കളർ ഓപ്ഷനുകളായി കറുപ്പ്, പിങ്ക്, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ഫൈൻഡ് എക്‌സ്9എസ്‌ ലഭ്യമാകുക. ഇടത് വശത്ത് പവർ ബട്ടണും വോള്യം കൺട്രോളുകളും നൽകിയിട്ടുണ്ട്. വലത് വശത്ത് ഒരു അധിക ബട്ടണും കാണപ്പെടുന്നു.

ഓപ്പോ ഫൈൻഡ് എക്‌സ്9എസ് പ്രോ മോഡല്‍ 

ഇതിനിടെ, ചൈനയിൽ അവതരിപ്പിക്കുന്ന ഫൈൻഡ് എക്‌സ്9എസ് പ്രോ മോഡൽ കൂടുതൽ പ്രീമിയം സവിശേഷതകളോടെയാണ് എത്തുന്നത്. ക്വാഡ് റിയർ ക്യാമറ സംവിധാനത്തിൽ രണ്ട് 200-മെഗാപിക്‌സൽ സെൻസറുകളും ഓപ്പോയുടെ ലുമോ ഇമേജിംഗ് സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. 6.3 ഇഞ്ച് ഡിസ്പ്ലേയും 1.1 മില്ലീമീറ്റർ ബെസലുകളും ഫോണിന്‍റെ ആകർഷകത വർധിപ്പിക്കുന്നു. ഈ പുതിയ ഡിവൈസുകളുടെ കൂടുതൽ സാങ്കേതിക വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming