ഇന്ത്യൻ വിപണിയിൽ റിയൽമി നാർസോ 100 ലൈറ്റ് 5ജി അവതരിപ്പിച്ചു. 7,000 എംഎഎച്ച് ബാറ്ററിയും മീഡിയടെക്ക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റും 144 ഹെർട്‌സ് ഡിസ്‌പ്ലേയുമാണ് പ്രധാന ആകർഷണങ്ങൾ. 13,499 രൂപ മുതൽ ആരംഭിക്കുന്ന വിലയിൽ ഈ ഫോൺ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു.
ദില്ലി: ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ ശ്രദ്ധാകേന്ദ്രമായി റിയൽമി നാർസോ 100 ലൈറ്റ് 5ജി (Realme Narzo 100 Lite 5G) അവതരിപ്പിച്ചു. റിയൽമി കമ്പനിയുടെ പുതിയ നാർസോ 100 സീരീസിലെ ആദ്യ മോഡലായ ഈ ഫോൺ ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. മികച്ച ബാറ്ററി ശേഷിയും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും ഉൾപ്പെടെയുള്ള സവിശേഷതകളാൽ ഈ മോഡൽ ഉപഭോക്താക്കളുടെ ശ്രദ്ധ നേടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
റിയൽമി നാർസോ 100 ലൈറ്റ് 5ജി സവിശേഷതകള്‍
7,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് റിയൽമി നാർസോ 100 ലൈറ്റ് 5ജി ഫോണിന്‍റെ പ്രധാന ആകർഷണം. ഒരു ചാർജിൽ തന്നെ 10 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 70 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക്ക് ഡൈമൻസിറ്റി 6300 ചിപ്‍സെറ്റ് പ്രോസസറാണ് റിയൽമി നാർസോ 100 ലൈറ്റ് 5ജിക്ക് കരുത്ത് നൽകുന്നത്. ഇത് ദൈനംദിന ഉപയോഗത്തിനും സാധാരണ ഗെയിമിംഗിനും മികച്ച പ്രകടനം ഉറപ്പാക്കുമെന്ന് കരുതുന്നു.
6.8 ഇഞ്ച് വലിപ്പമുള്ള എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 144 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയും ലഭ്യമാണ്. റിയൽമി യുഐ 7.0 അടിസ്ഥാനമാക്കിയ ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്‍മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രഫിക്കായി 13-മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ഡ്യുവൽ റിയർ ക്യാമറയും 5-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1080p നിലവാരത്തിൽ വീഡിയോ റെക്കോർഡിംഗ് സൗകര്യവും ലഭ്യമാണ്.
റിയൽമി നാർസോ 100 ലൈറ്റ് 5ജി വിലയും ഓഫറുകളും
റിയൽമി നാർസോ 100 ലൈറ്റ് 5ജി സ്‍മാർട്ട്ഫോണിന്‍റെ വില 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,499 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി + 128 ജിബി മോഡൽ 14,499 രൂപയ്ക്കും 6 ജിബി + 128 ജിബി മോഡൽ 16,499 രൂപയ്ക്കും ലഭ്യമാകും. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി 1,500 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 21 മുതൽ ആമസോൺ വഴിയും റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും റിയൽമി നാർസോ 100 ലൈറ്റ് 5ജി വാങ്ങാൻ കഴിയും. ഫോറസ്റ്റ് സിൽവർ, തണ്ടർ ബ്ലാക്ക്, എന്നീ രണ്ട് നിറങ്ങളിൽ റിയൽമി നാർസോ 100 ലൈറ്റ് 5ജി ഫോൺ വിപണിയില്‍ ലഭ്യമാകും. കുറഞ്ഞ വിലയിൽ മികച്ച ബാറ്ററിയും വിശ്വാസയോഗ്യമായ പ്രകടനവും നൽകുന്ന ഒരു സ്‌മാർട്ട്ഫോണായി റിയൽമി നാർസോ 100 ലൈറ്റ് 5ജി വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.



