റിയൽമി പുതിയ ബജറ്റ് ഫോണായ സി100 4ജി വിയറ്റ്നാമിൽ അവതരിപ്പിച്ചു. 8000 എംഎഎച്ച് എന്ന കൂറ്റൻ ബാറ്ററിയും, മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും, 50 മെഗാപിക്സൽ ക്യാമറയുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 6.8 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയും 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ഇതിലുണ്ട്.

റിയൽമി പുതിയ ബജറ്റ് ശ്രേണിയിലെ സ്‌മാർട്ട്ഫോൺ ആയ ‘റിയൽമി സി100 4ജി’ വിയറ്റ്നാമീസ് വിപിണിയിൽ അവതരിപ്പിച്ചു. ദീർഘനേരം ബാറ്ററി ഉപയോഗം ഉറപ്പാക്കുകയും കരുത്തുറ്റ നിർമ്മാണ നിലവാരം നൽകുകയും ചെയ്യുന്ന സവിശേഷതകളോടെയാണ് ഈ ഫോണിന്‍റെ അവതരണം. വലിയ സ്ക്രീൻ, ശക്തമായ ബാറ്ററി, മികച്ച ക്യാമറ എന്നിവയാണ് ഈ റിയൽമി സി100 4ജി സ്‍മാർട്ട്‌ഫോണിന്‍റെ പ്രധാന ആകർഷണങ്ങൾ.

റിയൽമി സി100 4ജി: പ്രധാന സവിശേഷതകള്‍

റിയൽമി സി100 4ജിയിൽ 6.8 ഇഞ്ച് വലുപ്പമുള്ള എച്ച്‌ഡി+ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് ഉള്ള ഈ സ്ക്രീൻ ഉപയോക്താക്കൾക്ക് സ്‍മൂത്ത് അനുഭവം നൽകും. 1200 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ് ലഭിക്കുന്നതിനാൽ പുറത്തും വ്യക്തമായ കാഴ്ച ലഭിക്കും. കൂടാതെ ആർമർഷെൽ ഗ്ലാസ് സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. പെർഫോമൻസിന്‍റെ കാര്യത്തിൽ, മീഡിയടെക് ഹെലിയോ G92 മാക്സ് ചിപ്സെറ്റാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ റിയൽമി യുഐ 7.0യിലാണ് ഫോണിന്‍റെ പ്രവർത്തനം.

ഫോട്ടോഗ്രഫിക്കായി 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. നൈറ്റ് മോഡ്, പോർട്രെയിറ്റ്, പ്രോ മോഡ് എന്നിവ ഉൾപ്പെടെ വിവിധ ഫീച്ചറുകൾ പിന്തുണയ്ക്കുന്നു. മുൻവശത്ത് എട്ട് മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 8000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ്. 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ, ദീർഘനേരം ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഐപി66, ഐപി68, ഐപി69, IP69കെ പോലുള്ള വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുകളും നൽകിയിട്ടുണ്ട്. മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് ടെസ്റ്റും വിജയകരമായി കടന്നുപോയതായി കമ്പനി പറയുന്നു.

ഫോണിന്‍റെ വില

വിയറ്റ്നാമിൽ ഈ ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 22,500 രൂപയാണ് വില. എറ്റേണൽ ബ്രൗൺ, ട്രയംഫൽ പർപ്പിൾ, വൈറ്റ് ഗ്ലോറി എന്നീ നിറങ്ങളിൽ ഈ സ്‍മാർട്ട്ഫോൺ ലഭ്യമാണ്. ദീർഘകാല ബാറ്ററി ഉപയോഗവും കരുത്തുറ്റ നിർമ്മാണവും ആഗ്രഹിക്കുന്ന ബജറ്റ് ഉപഭോക്താക്കൾക്ക് റിയൽമി സി100 4ജി മികച്ചൊരു ഓപ്ഷനായി മാറും എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming